കെ.എസ്.ആര്‍.ടി.സി കുമളി ഡിപ്പോയില്‍ കലക്ഷന്‍ ഉയര്‍ന്നു

വണ്ടിപ്പെരിയാര്‍: സര്‍വിസുകള്‍ കാര്യക്ഷമമായപ്പോള്‍ കലക്ഷന്‍ അഞ്ചുലക്ഷം കവിഞ്ഞു. കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനൊപ്പം ജീവനക്കാരുടെ പരിശ്രമം കൂടിയായപ്പോള്‍ കെ.എസ്.ആര്‍.ടി.സി കുമളി ഡിപ്പോയിലെ പ്രതിദിന വരുമാനം അഞ്ചുലക്ഷം കവിഞ്ഞു. ഒന്നരവര്‍ഷമായി മൂന്നര ലക്ഷം രൂപ മാത്രം പ്രതിദിന വരുമാനം ലഭിച്ചിരുന്നിടത്താണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അഞ്ചുലക്ഷത്തിലേക്ക് കലക്ഷന്‍ ഉയര്‍ന്നത്. സ്പെയര്‍പാര്‍ട്സ് ക്ഷാമവും ജീവനക്കാരുടെ കുറവും മൂലം പ്രതിസന്ധിയിലായ ഡിപ്പോയുടെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചിരുന്നു. ബസുകള്‍ മിക്കതും അയക്കാതെ വന്നതോടെ ഹൈറേഞ്ചില്‍ യാത്രാക്ളേശവും രൂക്ഷമായിരുന്നു. എറണാകുളം സോണില്‍പെട്ട കോതമംഗലം ഡിപ്പോയിലെ ആവശ്യത്തില്‍ കൂടുതലുണ്ടായിരുന്ന 20ഓളം ഡ്രൈവര്‍മാരെ വര്‍ക്ക് അറേഞ്ച്മെന്‍റില്‍ കുമളിയില്‍ എത്തിച്ചു. 53 ഷെഡ്യൂളുകളില്‍ 30 എണ്ണം മാത്രം അയച്ചിരുന്നത് 45 എണ്ണത്തിലേക്ക് ഉയര്‍ന്നു. സ്വകാര്യ ബസുകളെ സഹായിക്കാന്‍ ഡിപ്പോയിലെ ചിലര്‍ ബസുകള്‍ കൃത്യമായി മുമ്പ് അയക്കാതിരുന്നതായും ആരോപണമുയര്‍ന്നിരുന്നു. ബസുകള്‍ കൃത്യമായി അയക്കാന്‍ ആരംഭിച്ചതോടെ ജീവനക്കാരും ട്രേഡ് യൂനിയനുകളും പിന്തുണയുമായി രംഗത്തത്തെി. ശബരിമല മാസപൂജക്ക് എത്തിയ അയ്യപ്പഭക്തര്‍ക്കായി 13 ബസുകളാണ് ഡിപ്പോയില്‍നിന്ന് പമ്പയിലേക്ക് അയച്ചത്. ഇതുവഴി ഒന്നരലക്ഷത്തോളം രൂപയാണ് കലക്ഷനായി ലഭിച്ചത്. ഡ്യൂട്ടിക്കിടയില്‍ അലംഭാവം കാണിച്ചവര്‍ക്കെതിരെ എ.ടി.ഒ താക്കീത് നല്‍കിയതോടെ മെക്കാനിക്കല്‍ വിഭാഗവും കാര്യക്ഷമമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.