ഹര്‍ത്താലില്‍നിന്ന് പിന്മാറണമെന്ന് മുന്‍ തഹസില്‍ദാര്‍ രവീന്ദ്രന്‍

തൊടുപുഴ: പട്ടയ പ്രശ്നത്തിന്‍െറ പേരില്‍ ഹര്‍ത്താല്‍ നടത്തി ജനത്തെ ബുദ്ധിമുട്ടിക്കുന്നതില്‍നിന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി പിന്മാറണമെന്ന് ദേവികുളം മുന്‍ അഡീഷനല്‍ തഹസില്‍ദാര്‍ എം.ഐ. രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 1993ല്‍ പട്ടയം നല്‍കിയ ഭൂമിയെല്ലാം വനഭൂമിയാണെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് 16ന് ഹൈറേഞ്ച് സംരക്ഷണ സമിതി ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുന്നത്. സര്‍ക്കാറിന്‍െറ മുന്‍കാലങ്ങളിലെ മൂന്ന് ഉത്തരവുകള്‍ പ്രകാരം ഏലമലക്കാടുകള്‍ റവന്യൂ ഭൂമിയാണ്. ഇത് ശ്രദ്ധയില്‍പെടാതെയാണ് റവന്യൂ ഉദ്യോഗസ്ഥര്‍ 20,363 ഹെക്ടര്‍ ഏലമലക്കാടുകള്‍ വനഭൂമിയായി പരിഗണിച്ച് പട്ടയം നല്‍കാന്‍ അനുമതി തേടിയത്. ഏലമലക്കാടുകള്‍ റവന്യൂ ഭൂമിയായി നിലനില്‍ക്കുമ്പോള്‍ വനഭൂമി പതിവ് നിയമപ്രകാരം പട്ടയം നല്‍കുന്നത് കുടിയേറ്റ കര്‍ഷകരെ നിയമക്കുരുക്കില്‍പെടുത്തും. ഏലമലക്കാടുകള്‍ റവന്യൂ ഭൂമിയാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. എങ്കില്‍ മാത്രമേ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ സാധിക്കൂ. അതുകൊണ്ട് ഹര്‍ത്താലില്‍നിന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി പിന്മാറണം. നൂറ്റാണ്ടുകളായി വനത്തില്‍ താമസിക്കുന്ന ആദിവാസി ജനവിഭാഗങ്ങള്‍ക്ക് പട്ടയം ലഭിക്കാന്‍ അനുകൂല നയങ്ങളുണ്ടായിട്ടും മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ശ്രമിക്കുന്നില്ളെന്ന് രവീന്ദ്രന്‍ കുറ്റപ്പെടുത്തി. സെറ്റില്‍മെന്‍റുകളില്‍ താമസിക്കുന്ന ആദിവാസികള്‍ക്കും ഇതര വിഭാഗങ്ങള്‍ക്കും ഉപാധിരഹിത പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.