കുമളിയില്‍ കാര്യങ്ങള്‍ കുഴങ്ങുന്നു

കുമളി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കുമളിയില്‍ ഇരുമുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കുഴങ്ങുന്നു. യു.ഡി.എഫില്‍ സ്ഥാനാര്‍ഥികളുടെ കൂട്ടയിടിയും ഗ്രൂപ് സമവാക്യങ്ങളും പട്ടിക വൈകിച്ചപ്പോള്‍ എല്‍.ഡി.എഫില്‍ ഘടകകക്ഷി സീറ്റ് വിഭജനവും സ്ഥാനാര്‍ഥികളെ ചൊല്ലിയുള്ള തര്‍ക്കവുമാണ് പട്ടിക വൈകിപ്പിക്കുന്നത്. ഇത് മുന്നണികളിലും ആശയക്കുഴപ്പം തുടരുമ്പോള്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിലെ 12 വാര്‍ഡുകളില്‍ ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറി രണ്ട് ഭാരവാഹികള്‍ വിമത സ്ഥാനാര്‍ഥികളായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ എത്തിനില്‍ക്കുന്നു. മുസ്ലിം ലീഗിന് ലഭിച്ച താമരക്കണ്ടം വാര്‍ഡില്‍ കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി ടി.എന്‍. ബോസ്, ബ്ളോക് കമ്മിറ്റി അംഗം ജോസഫ് ജെ. കാരൂര്‍ എന്നിവരാണ് ലീഗ് സ്ഥാനാര്‍ഥിക്കെതിരെ പത്രിക നല്‍കിയത്. വൈകാതെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ കൂടുതല്‍ വിമത സ്ഥാനാര്‍ഥികള്‍ രംഗത്തുവരുമെന്നാണ് സൂചന. ഇതിനിടെ, ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ പട്ടികയിലും മാറ്റം മറിച്ചിലുകള്‍ തുടരുകയാണ്. ബ്ളോക് പഞ്ചായത്ത് കുമളി ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി നിലവിലെ ജില്ലാ പഞ്ചായത്ത് അംഗം എം.എം. വര്‍ഗീസാകും മത്സരിക്കുക. വര്‍ഗീസിനെതിരെ സി.പി.എം സ്ഥാനാര്‍ഥിയായി അബ്ദുല്‍ റസാഖ് മത്സരിക്കുമെന്നാണ് വിവരം. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം മുന്നില്‍കണ്ട് ബ്ളോക് പഞ്ചായത്ത് അംഗമായ ആന്‍സി ജയിംസിനെ കുമളി ടൗണ്‍ വാര്‍ഡില്‍ യു.ഡി.എഫ് മത്സരിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.