പമ്പാ സര്‍വിസ് സാധാരണ സര്‍വിസായി നടത്തുന്നത് കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം കുറക്കും

പീരുമേട്: ശബരിമല തീര്‍ഥാടന കാലത്ത് പമ്പാ സ്പെഷല്‍ ബസുകള്‍ ഓടിക്കുന്നത് നിര്‍ത്തലാക്കാനുള്ള നീക്കം കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തെ ബാധിച്ചേക്കും. പമ്പാ സര്‍വിസുകള്‍ സാധാരണ സര്‍വിസുകളായി നടത്താന്‍ എല്ലാ യൂനിറ്റ് ഓഫിസര്‍മാര്‍ക്കും കെ.എസ്.ആര്‍.ടി.സി ഉത്തരവ് നല്‍കിയിരിക്കുകയാണ്. പമ്പാ സ്പെഷല്‍ ബസുകള്‍ ഡിപ്പോകളില്‍നിന്നും പ്രധാന സ്റ്റാന്‍ഡുകളില്‍നിന്നും പുറപ്പെടുമ്പോള്‍ സീറ്റിങ് കപ്പാസിറ്റിയില്‍ തീര്‍ഥാടകരെ കയറ്റുകയാണ് പതിവ്. മറ്റ് സ്റ്റോപ്പുകളില്‍ ഇത്തരം സര്‍വിസുകള്‍ നിര്‍ത്തുകയും ഇല്ലായിരുന്നു. പമ്പയില്‍നിന്ന് തിരിച്ചുവരുമ്പോള്‍ തീര്‍ഥാടകര്‍ കുറവാണെങ്കില്‍ സ്റ്റോപ്പുകളില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുകയുമാണ് മുല്‍കാലങ്ങളില്‍ ചെയ്തിരുന്നത്. കുമളി, ചെങ്ങന്നൂര്‍, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍നിന്ന് പമ്പ ബസില്‍ യാത്ര ചെയ്യുന്ന തീര്‍ഥാടകര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവരാണ്. തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന ബസില്‍ സ്ത്രീകള്‍ അധികമായി കയറുന്നതും തീര്‍ഥാടകരെ കെ.എസ്.ആര്‍.ടി.സി ബസില്‍നിന്ന് ഒഴിവാകാന്‍ നിര്‍ബന്ധിതരാക്കും. വ്രതമെടുക്കുന്ന തീര്‍ഥാടകര്‍ വീടുകളില്‍ പോലും സ്ത്രീകളില്‍നിന്ന് അകന്നാണ് കഴിയുന്നത്. സ്ത്രീകളുടെ സാമീപ്യത്തില്‍ യാത്ര ചെയ്യാന്‍ തീര്‍ഥാടകര്‍ തയാറായേക്കില്ല. ഇതോടൊപ്പം എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്തി സര്‍വിസ് നടത്തുമ്പോള്‍ പമ്പയില്‍ എത്താന്‍ സമയം കൂടുതല്‍ വേണ്ടിവരും. വെര്‍ച്വല്‍ ക്യൂവില്‍ നില്‍ക്കാന്‍ മൂന്‍കൂട്ടി പാസ് ലഭിച്ചവര്‍ക്കും ഇത് വിനയാകും. തീര്‍ഥാടകര്‍ക്ക് വിനയാകുന്ന രീതിയില്‍ സര്‍വിസുകള്‍ താറുമാറാക്കിയാല്‍ ഇതിന്‍െറ പ്രയോജനം ലഭിക്കുന്നത് സമാന്തര സര്‍വിസുകാര്‍ക്കാണ്. കെ.എസ്.ആര്‍.ടി.സി യുടെ കൂലിയില്‍ പമ്പയിലേക്ക് ടൂറിസ്റ്റ് ബസുകളും മറ്റ് വാഹനങ്ങളും സര്‍വിസ് നടത്തുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയിലെ യാത്ര ഉപേക്ഷിച്ച് തീര്‍ഥാടകര്‍ ഈ വാഹനങ്ങളെ ആശ്രയിക്കുന്നത് കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തെ ബാധിക്കും. ശബരിമല തീര്‍ഥാടകര്‍ക്കുവേണ്ടി നടത്തുന്ന പമ്പ സര്‍വിസുകളില്‍ തീര്‍ഥാടകര്‍ക്ക് മുന്‍ഗണന ലഭിക്കാതെയുള്ള ഉത്തരവിനെതിരെ വിശ്വാസികളില്‍ പ്രതിഷേധമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.