ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ കാട്ടാന ആക്രമണം പതിവാകുന്നു

രാജാക്കാട്: കാട്ടാനകളുടെ ആക്രമണം തുടര്‍ക്കഥയാകുന്ന ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ രണ്ട് പതിട്ടാണ്ടിനിടെ കൊല്ലപ്പെട്ടത് മുപ്പതിലധികം പേര്‍. പൂപ്പാറ, മൂലത്തറ പുതുപ്പാറ ഭാഗളില്‍ മാത്രമായി 12ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഏറെപേരും ജീവന്‍ പൊലിഞ്ഞത് ഏലത്തോട്ടത്തില്‍ പണിക്ക് പോകുന്നതിനിടെ. ഏറ്റവുമൊടുവിലത്തെ ഇരയാണ് ഞായറാഴ്ച പൂപ്പാറ മൂലത്തറയില്‍ ഒറ്റയാന്‍ ചവിട്ടിക്കൊന്ന രാസയ്യ. തൊഴിലാളികളായ രഘു, വീരലക്ഷ്മി, തങ്കരാജ് എന്നിവര്‍ പണി അവസാനിപ്പിച്ച് വീടുകളിലേക്ക് പോകുന്നതിനിടെ കാട്ടാനക്കൂട്ടത്തിന്‍െറ മുന്നില്‍ അബദ്ധത്തില്‍ ചെന്നുപെട്ടവരാണ്. തുമ്പിക്കൈക്ക് അടിച്ചുവീഴ്ത്തിയും ചവിട്ടിയുമാണ് എല്ലാവരെയും കൊന്നത്. കാട്ടാനശല്യം തടയാനുള്ള വൈദ്യുതിവേലി സ്ഥാപിക്കുന്നതിനിടെയാണ് അനീഷ് എന്ന ചെറുപ്പക്കാരന്‍ ഒറ്റയാന്‍െറ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. ചെല്ലത്തായി, രാസാത്തി, ലക്ഷ്മി, മേരി എന്നീ തൊഴിലാളികളുടെ മരണവും നടുക്കത്തോടെമാത്രമെ നാട്ടുകാര്‍ക്ക് ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ. തമിഴ്നാട് സ്വദേശിയായ തുണിക്കച്ചവടക്കാരന്‍ ലക്ഷ്മണന്‍ കൊല്ലപ്പെട്ടത് തന്‍െറ വാഹനത്തില്‍ തുണിയുമായി വരുംവഴിക്കാണ്. മൂന്നാര്‍ സ്വദേശിയായ മറ്റൊരു യുവാവും ബൈക്കില്‍ വരുന്നതിനിടെ കൊടും വളവില്‍ മറഞ്ഞുനിന്ന ആനക്കൂട്ടത്തിന്‍െറ മുന്നില്‍ ചെന്നുപെടുകയും ആക്രമണത്തിനിരയായി മരിക്കുകയുമായിരുന്നു. ചിന്നക്കനാല്‍ പഞ്ചായത്തിലെ പ്രഥമ പ്രസിഡന്‍റായിരുന്ന ഈനാശുവിന്‍െറ മകന്‍ ബി.എല്‍. റാവ് സ്വദേശി അല്‍ഫോന്‍സ്, കാട്ടാനയെ കാണാനായി ചെന്ന തിടീര്‍ സ്വദേശി കാശിനായകം, താമസിച്ചുകൊണ്ടിരുന്ന മാടത്തിന് പുറത്തിറങ്ങി ഹോസിലെ വെള്ളം തിരിക്കാന്‍ ചെന്ന സണ്ണി, പുലര്‍ച്ചെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനായി വീടിനുസമീപത്തെ കുറ്റിക്കാട്ടിലേക്കിറങ്ങിയ 301 കോളനിയിലെ ആദിവാസി യുവാവ് സുതന്‍, പണി കഴിഞ്ഞുവരുന്നതിനിടെ കാട്ടാന തുമ്പിക്കൈയിലെടുത്ത് എറിഞ്ഞുകൊന്ന ഇതേ കോളനിയിലെ അമ്മിണി, ആനക്കൂട്ടത്തിന്‍െറ ആക്രമണം ഭയന്ന് അയല്‍വീട്ടില്‍ രാത്രി ഉറങ്ങിയശേഷം വെളുപ്പിനെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൂര്യനെല്ലി സ്വദേശിനി മോളി, കോഴിപ്പനക്കുടിക്കുസമീപം മരണമടഞ്ഞ ആടുവിളുന്താന്‍ കുടിയിലെ ഷിബു എന്ന യുവാവ് തുടങ്ങിയവര്‍ കാട്ടാനക്കൂട്ടത്തിന്‍െറ ആക്രമനത്തിനിരയായി ജീവന്‍ പൊലിഞ്ഞവരാണ്. ബിദിര്‍ നഗര്‍ കോളനിയിലെ കാശിമായന്‍, 301 കോളനിയിലെ കറുപ്പന്‍, സൂസൈ, ബാബു, ചെല്ലയ്യ എന്നിങ്ങിനെ മരണപ്പെട്ടവരുടെ പട്ടിക നീളും. സൂര്യനെല്ലി സ്വദേശിയായ ലോട്ടറി വില്‍പനക്കാരന്‍ പുലര്‍ച്ചെ ലോട്ടറി വാങ്ങാനായി ബസില്‍ കയറാന്‍ പോകുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. വീടിന്‍െറ ചുറ്റുമതില്‍ തകര്‍ത്തശേഷം ഉള്ളില്‍ ഉറങ്ങിക്കിടന്ന വൃദ്ധനെ കൊലപ്പെടുത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. ശാന്തന്‍പാറ കള്ളിപ്പാറക്കുസമീപം പണികഴിഞ്ഞ് ഏലത്തോട്ടത്തില്‍നിന്ന് വിറകുമായി വന്ന ഒരു സ്ത്രീയെ ഓടിച്ചുവീഴ്ത്തിയാണ് ചവിട്ടിക്കൊന്നത്. കാട്ടാനകളുടെ ആക്രമണത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട്, ഗുരുതര പരിക്കുകളോടെയും അംഗവൈകല്യത്തോടെയും കഴിയുന്ന നിരവധിപേര്‍ ഈ പ്രദേശങ്ങളിലുണ്ട്. തൊഴിലെടുക്കാന്‍ കഴിയാതെ വീട്ടുകാര്‍ക്ക് ഭാരമായി കഴിയുന്ന ഇവരുടെ ജീവിതം കടുത്ത ദുരിതത്തിലാണ്. വീടുകള്‍, ഏലക്ക സംസ്കരിക്കാനുള്ള സ്റ്റോറുകള്‍, ജല സംഭരണ ടാങ്കുകള്‍, കുടിക്കാനും തോട്ടം നനക്കാനുമായി സ്ഥാപിച്ച പമ്പുസെറ്റുകള്‍, പൈപ്പുകള്‍, മോട്ടോര്‍ പുരകള്‍ ഇങ്ങനെ കോടിക്കണക്കിന് രൂപയുടെ വസ്തുവകകളും ആനകള്‍ നശിപ്പിച്ചിട്ടുണ്ട്. ഏലം, കുരുമുളക്, വാഴ, ജാതി, കപ്പ തുടങ്ങിയ വിളകള്‍ക്കും ഓരോ വര്‍ഷവും വന്‍നാശമാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. രാത്രി പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കിയും വീടിനുപുറത്ത് ആഴികൂട്ടി കാവലിരുന്നും ഒക്കെയാണ് നാട്ടുകാര്‍ ഒരുപരിധിവരെയെങ്കിലും ഇവയെ അകറ്റിനിര്‍ത്തുന്നത്. നിലവില്‍ 70ല്‍ പരം ആനകള്‍ പ്രദേശത്തുള്ളതായി നാട്ടുകാര്‍ പറയുന്നു. ഇവയെ തടയാനായി പലയിടത്തും ജനവാസകേന്ദ്രങ്ങള്‍ക്ക് ചുറ്റും വൈദ്യുതി വേലികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.