അവധികളുടെ അതിപ്രസരം; വിദ്യാര്‍ഥികളും അധ്യാപകരും വലയുന്നു

തൊടുപുഴ: അടിക്കടിയുണ്ടായ അവധികള്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി അധ്യയനത്തെ ബാധിക്കുന്നു. പല സ്കൂളുകളിലും പരീക്ഷ അടുത്തിട്ടും പാഠങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ അധ്യാപകരും വിദ്യാര്‍ഥികളും വലയുന്നു. ഇതോടെയാണ് പരാതിയുമായി രക്ഷിതാക്കളും രംഗത്തത്തെിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി, കലോത്സവങ്ങള്‍, കായികമേള എന്നിവ കൂടി എത്തിയതോടെ ഇനിയും ക്ളാസുകള്‍ മുടങ്ങുമെന്ന അവസ്ഥയിലാണ്. ഹയര്‍ സെക്കന്‍ഡറി നവംബര്‍ മാസത്തില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളുടെ പാഠഭാഗങ്ങള്‍ തീര്‍ക്കേണ്ടതാണെങ്കിലും ഇവയൊന്നും തീരുന്ന സാഹചര്യമല്ല. ഇതോടെ ശനിയാഴ്ചകളിലും മറ്റുദിവസങ്ങളില്‍ രാവിലെയും വൈകിട്ടും സ്പെഷല്‍ ക്ളാസുകള്‍ സംഘടിപ്പിച്ചുമാണ് അധ്യാപകര്‍ ഇതിനെ അതിജീവിക്കാന്‍ ശ്രമിക്കുന്നത്. അമിതമായ ഭാരം അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പ്രശ്നമുണ്ടാക്കുന്നുണ്ട്. ഇത് പഠനത്തിന്‍െറ ഗുണമേന്മയെ ബാധിച്ചതായി അധ്യാപകരും സമ്മതിക്കുന്നുണ്ട്. ജൂലൈ എട്ടിനാണ് ഹയര്‍ സെക്കന്‍ഡറി ക്ളാസുകള്‍ ആരംഭിച്ചത്. എന്നാല്‍, ട്രാന്‍സ്ഫര്‍ നടപടികളൊക്കെ പൂര്‍ത്തിയാക്കി പലയിടത്തും ക്ളാസുകള്‍ തുടങ്ങാന്‍ ഏറെ വൈകി. ഇപ്പോള്‍ ഒരു ടേം തന്നെ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. എല്‍.പി, ഹൈസ്കൂള്‍ വിഭാഗത്തിലും സ്ഥിതി വ്യത്യസ്തമല്ല. രണ്ടാം ടേം പരീക്ഷക്ക് മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കുമ്പോള്‍ പാഠപുസ്തകത്തിന്‍െറ രണ്ടാംഭാഗ വിതരണം ഇനിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒന്നാംക്ളാസിലെ പുസ്തകങ്ങളും മൂന്നാം ക്ളാസിലെ പാഠപുസ്തകങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. മൂന്നാംക്ളാസിലെ പരിസരപഠനം മാത്രമാണ് ഇതുവരെ ലഭിച്ചത്. മറ്റ് ക്ളാസുകളിലും ഭാഗികമായി മാത്രമെ പുസ്തക വിതരണം ആയിട്ടുള്ളൂ. 2013- 14 അധ്യയന വര്‍ഷത്തെ കുട്ടികളുടെ കണക്കനുസരിച്ചാണ് ഈവര്‍ഷത്തെ പുസ്തക വിതരണം. ഇതുമൂലം കുട്ടികളുടെ എണ്ണം കണക്കാക്കി പുസ്തക വിതരണം നടത്താത്തതിനാല്‍ ചില സ്കൂളുകളില്‍ ആവശ്യമായ പുസ്തകം ലഭ്യമാകാതിരിക്കാനും ഇടയാക്കിയതായി ചില സംഘടനകള്‍ ആരോപിക്കുന്നു. ഓണപ്പരീക്ഷ പോലെ ക്രിസ്മസ് പരീക്ഷയും ഇത്തവണ ക്രിസ്മസിന് ശേഷമായിരിക്കുമോ എന്ന ആശങ്കയിലാണ് അധ്യാപകരും കുട്ടികളും. ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ അധ്യാപകരുടെ അഭാവവും കുട്ടികളുടെ പഠന ഭാരവും മൂലം പല രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തത്തെിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.