രാജാക്കാട്: രാജാക്കാട് ഗ്രാമപഞ്ചായത്ത് പുതുവര്‍ഷത്തില്‍ സമഗ്ര ശുചിത്വത്തിനായി ‘മാതൃക 2016’ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. പഞ്ചായത്തിലെ മുഴുവന്‍ സ്ഥാപനങ്ങളെയും വീടുകളെയും ഉള്‍പ്പെടുത്തി സമഗ്രശുചിത്വ പദ്ധതിക്കാണ് പഞ്ചായത്ത് നേതൃത്വം നല്‍കുന്നത്. പദ്ധതിയുടെ ഭാഗമായി മുഴുവന്‍ വീടുകളിലും 50 ച. മീ. അധികം വലുപ്പം വരുന്ന കെട്ടിടങ്ങളിലും ഖര-ദ്രവ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനം ഉടമകള്‍ ഒറ്റക്കായോ കൂട്ടമായോ ഏര്‍പ്പെടുത്തും. മാലിന്യം പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ തള്ളാന്‍ അനുവദിക്കില്ല. മാലിന്യ സംസ്കരണത്തിന് മതിയായ സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയാത്തവരുടെ മാലിന്യം നിശ്ചിത ഫീസ് ഈടാക്കി ഉറവിടത്തില്‍നിന്ന് പഞ്ചായത്ത് ശേഖരിച്ച് സംസ്കരിക്കും. ഇതിനായി കുടുംബശ്രീ യൂനിറ്റ് രൂപവത്കരിച്ച് അവര്‍ക്ക് വാഹനവും സൗകര്യവും ഏര്‍പ്പെടുത്തും. നിലവാരമില്ലാത്തതും റീസൈക്ക്ള്‍ ചെയ്യാന്‍ കഴിയാത്തതുമായ പ്ളാസ്റ്റിക് കാരിബാഗുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. മറ്റ് കാരിബാഗുകളും നിശ്ചിതവിലയ്ക്ക് മാത്രമേ നല്‍കൂ. മികച്ച ഷോപ്പിങ് ബാഗുകള്‍ കുടുംബശ്രീ നിര്‍മിച്ച് വീടുകളില്‍ എത്തിക്കും. റോഡരികിലും മറ്റും സ്ഥാപിക്കുന്ന വിവിധ ബാനറുകളും കമാനങ്ങളും പരിപാടിയുടെ തീയതി കഴിഞ്ഞ് 48 മണിക്കൂറിനകം നീക്കണം. ബേസ്ലൈന്‍ സര്‍വേയിലൂടെ കണ്ടത്തെിയ ശുചിത്വ കക്കൂസില്ലാത്ത മുഴുവന്‍ പേരും ശുചിത്വ മിഷന്‍ സഹായത്തോടെ ഫെബ്രുവരി 28നകം നിര്‍മിക്കുന്നു എന്ന് ഉറപ്പാക്കും. ഇത്തരത്തില്‍ ആരോഗ്യ കേരളത്തിന് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ശുചിത്വ സന്ദേശം പകര്‍ന്ന് നല്‍കി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും വിദ്യാര്‍ഥികളുടെയും ആഭിമുഖ്യത്തില്‍ ശുചീകരണപ്രവര്‍ത്തനം സംഘടിപ്പിച്ചു. രാജാക്കാട് ടൗണില്‍നിന്ന് ആരംഭിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സതി കുഞ്ഞുമോന്‍ ഉദ്ഘാടനം ചെയ്തു. ബ്ളോക് പഞ്ചായത്ത് അംഗം റെജി പനച്ചിക്കന്‍ ആശംസകള്‍ നേര്‍ന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി. അനില്‍ സമഗ്ര ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതിജ്ഞ എടുത്തതിന് ശേഷം ആഭിമുഖ്യത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എന്‍. സഹജന്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശുചിത്വനാട് സുന്ദരനാട് പദ്ധതിയും പൗരാവകാശ രേഖയുടെ പ്രകാശനവും സമ്പൂര്‍ണ അയല്‍സഭാ രൂപവത്കരണ പ്രഖ്യാപനവും ജവഹര്‍ ഭവനപദ്ധതി ഗഡു വിതരണവും കൂടാതെ ദുരിതാശ്വാസനിധി പ്രഖ്യാപനവും ശനിയാഴ്ച രാവിലെ 11ന് കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ പൗലോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.