റവന്യൂ ടവറിന് നല്‍കിയ 48 സെന്‍റ് ഏറ്റെടുക്കാന്‍ തീരുമാനം

തൊടുപുഴ: സംസ്ഥാന ഹൗസിങ് ബോര്‍ഡിന് റവന്യൂ ടവര്‍ നിര്‍മിക്കാന്‍ നഗരസഭ വിട്ടുനല്‍കിയ 48 സെന്‍റ് സ്ഥലം ഏറ്റെടുക്കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. സ്ഥലം ഏറ്റെടുത്ത ശേഷം മുനിസിപ്പാലിറ്റി വക സ്ഥലമെന്ന് ചൂണ്ടിക്കാട്ടി ബോര്‍ഡ് വെക്കാനും വേലികെട്ടി സംരക്ഷിക്കാനും തീരുമാനിച്ചു. ഇതു സംബന്ധിച്ചുള്ള തീരുമാനം സര്‍ക്കാറിനെ അറിയിക്കും. 2004 ഒക്ടോബര്‍ എട്ടിനാണ് നഗരസഭ, ഭവനനിര്‍മാണ ബോര്‍ഡുമായി സ്ഥലം വിട്ടുനല്‍കിയ കരാറില്‍ ഒപ്പിടുന്നത്. കരാറനുസരിച്ച് 48 സെന്‍റ് സ്ഥലത്തിന് പ്രതിഫലമായി റവന്യൂ ടവറിന്‍െറ മൂന്നാം നിലയില്‍ 10000 ചതുരശ്രയടി സ്ഥലത്തിന്‍െറ ഉടമസ്ഥാവകാശവും ഏഴ് കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും 30 ചതുരശ്ര മീറ്റര്‍ തുറസ്സായ സ്ഥലവും നഗരസഭക്ക് ലഭിക്കുമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇതനുസരിച്ച് 2005 ആഗസ്റ്റ് 24ന് നഗരസഭ സ്ഥലം ഭവനനിര്‍മാണ ബോര്‍ഡിനു കൈമാറി. എന്നാല്‍, ഹൗസിങ് ബോര്‍ഡ് എത്ര കാലയളവിനുള്ളില്‍ റവന്യൂ ടവര്‍ നിര്‍മാണം പൂര്‍ത്തിയാക്കി നഗരസഭക്ക് കൊടുക്കുമെന്ന് കരാറില്‍ വ്യക്തമാക്കിയിരുന്നില്ല. ഇതിനിടെ ഹൗസിങ് ബോര്‍ഡ് റവന്യൂ ടവര്‍നിര്‍മാണം നിര്‍ത്തിവെക്കുകയും സ്ഥലം തിരികെ ഏറ്റെടുക്കാനുള്ള നഗരസഭയുടെ ശ്രമം നിയമക്കുരുക്കില്‍പ്പെടുകയും ചെയ്തു. ടവര്‍ നിര്‍മാണത്തിനായി 88 ലക്ഷം രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ സ്ഥലത്തുചെയ്തിട്ടുള്ളതിനാല്‍ വിട്ടുനല്‍കാനാവില്ളെന്നുമായിരുന്നു ബോര്‍ഡിന്‍െറ നിലപാട്. ഇതിനിടെ, ടവര്‍ നിര്‍മാണ ജോലി നിര്‍ത്തിവെച്ച സാഹചര്യത്തില്‍ നഗരസഭ വിട്ടുനല്‍കിയ 48 സെന്‍റ് സ്ഥലം തിരികെ ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് 2007 മേയ് 11ന് നഗരസഭക്ക് നിയമോപദേശവും ലഭിച്ചിരുന്നു. വാടകയിനത്തിലും മറ്റും മുനിസിപ്പാലിറ്റിക്കുണ്ടായിട്ടുള്ള നഷ്ടം ഹൗസിങ് ബോര്‍ഡില്‍നിന്ന് ഈടാക്കാനും ഹൗസിങ് ബോര്‍ഡിനെതിരെ നിയമനടപടി സ്വീകരിക്കാനും നഗരസഭക്ക് അവകാശമുണ്ടെന്നും അഡ്വ എ.എം. വിജയന്‍ നല്‍കിയ നിയമോപദേശത്തില്‍ പറയുന്നു. നഗരസഭയുടെ 48 സെന്‍റ് സ്ഥലം നിയമവിരുദ്ധമായി ഭവനനിര്‍മാണ ബോര്‍ഡിന് വിട്ടുകൊടുത്തത് സംബന്ധിച്ച് അക്കൗണ്ട് ജനറല്‍ ഓഡിറ്റിന്‍െറ പരാമര്‍ശവും ഇതിനിടെ വന്നിരുന്നു. നിയമോപദേശത്തിന്‍െറ അടിസ്ഥാനത്തിലും 2010 ഏപ്രില്‍ 22ലെ കൗണ്‍സില്‍ തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലും സ്ഥലം തിരികെനല്‍കണമെന്ന് ഹൗസിങ് ബോര്‍ഡിന് നഗരസഭ കത്തയച്ചിരുന്നു. ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടുന്ന 48 സെന്‍റ് സ്ഥലം റോഡരികാണെന്നും നഗരസഭക്ക് സ്ഥലം വിട്ടുനല്‍കിയാല്‍ പിന്നിലുള്ള ഹൗസിങ് ബോര്‍ഡ് വക സ്ഥലത്തിന്‍െറ പ്രസക്തി നഷ്ടപ്പെടുമെന്നും ഹൗസിങ് ബോര്‍ഡ് മറുപടി നല്‍കിയിരുന്നു. മാത്രമല്ല, മിനി സിവില്‍ സ്റ്റേഷന്‍ അനക്സ് പൂര്‍ത്തിയായതുകൊണ്ട് റവന്യൂ ടവറിന് തൊടുപുഴയില്‍ പ്രസക്തി ഇല്ളെന്നും അതിനാല്‍ നഗരസഭ അഭിപ്രായം പറയണമെന്നും മറുപടി കത്തില്‍ ഹൗസിങ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഭൂമി ഏറ്റെടുക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനമെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.