മൂന്നാര്‍ കൈയേറ്റത്തിനെതിരെ ഏഴംഗ സംഘവുമായി ഭരണകൂടം

തൊടുപുഴ: മൂന്നാറിലെ ഭൂമി കൈയേറ്റങ്ങള്‍ കണ്ടത്തെി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ ഏഴംഗ ടീമിനെ നിയോഗിച്ചു. അധികാര കേന്ദ്രങ്ങളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഒത്താശയോടെ മൂന്നാറില്‍ കൈയേറ്റം വ്യാപകമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം ശക്തമായ നടപടിയുമായി രംഗത്തത്തെിയത്. മൂന്നാര്‍, ചിന്നക്കനാല്‍, പള്ളിവാസല്‍ പഞ്ചായത്തുകളിലായി ഭൂമി കൈയേറ്റം നടന്നതായി കലക്ടര്‍ വി. രതീശ് ‘മാധ്യമ’ത്തോട് പറഞ്ഞു. വിവിധ പഞ്ചായത്തുകളിലായി ഇരുനൂറോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വലിയ റിസോര്‍ട്ടുകള്‍ മുതല്‍ ചെറിയ ഷെഡുകള്‍വരെ കൈയേറ്റ മേഖലയിലുണ്ട്. പഞ്ചായത്തുകളില്‍നിന്ന് നമ്പര്‍ തരപ്പെടുത്തി കെട്ടിടം നിര്‍മിച്ച് അവ പൊളിച്ചുമാറ്റി റിസോര്‍ട്ടാക്കിയ നിരവധി കേസുകള്‍ മേഖലകളില്‍ ഉണ്ടായിട്ടുണ്ട്. നടപടിയുമായി എത്തുമ്പോള്‍ ഇവര്‍ കോടതികളില്‍നിന്ന് സ്റ്റേ കരസ്ഥമാക്കുകയാണ് ചെയ്യുന്നത്. കൂടുതല്‍ കൈയേറ്റങ്ങളും തെറ്റായ രേഖകള്‍ സമര്‍പ്പിച്ചതും വ്യാജരേഖകള്‍ ചമച്ചിട്ടുള്ളതുമാണ്. വില്ളേജ് ഓഫിസുകള്‍ കേന്ദ്രീകരിച്ച് ഇതുസംബന്ധിച്ച പരിശോധനകള്‍ നടന്നുവരുന്നതായും കലക്ടര്‍ വ്യക്തമാക്കി. കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ സ്പെഷല്‍ ട്രൈബ്യൂണല്‍, മൂന്നാര്‍ താലൂക്ക് ഓഫിസ്, വില്ളേജ് ഓഫിസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. 2007ന് ശേഷം കൈയേറിയ ഭൂമി സബ് കലക്ടര്‍, ഡിവിഷനല്‍ ഓഫിസര്‍, തഹസില്‍ദാര്‍മാര്‍, വില്ളേജ് ഓഫിസര്‍മാര്‍, സ്പെഷല്‍ റവന്യൂ ഓഫിസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍ക്കാറിലേക്ക് ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചുവരുന്നുവെന്ന് പറയുമ്പോഴും എത്രമാത്രം ഭൂമി കൈയേറിയിട്ടുണ്ടെന്ന് അധികൃതരുടെ കൈവശവും വ്യക്തമായ കണക്കുകളില്ല. 2007ന് ശേഷം ആയിരക്കണക്കിന് ഹെക്ടര്‍ കൈയേറിയിട്ടുണ്ടെന്നും ഇപ്പോഴും കൈയേറ്റം നടക്കുന്നുണ്ടെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥരും വേണ്ടത്ര സംവിധാനങ്ങളും ഉണ്ടായിട്ടും കൈയേറ്റങ്ങള്‍ നിയന്ത്രിക്കുന്നതിനോ ആരുമായി ബന്ധപ്പെട്ട കേസുകളില്‍ തീര്‍പ്പ് കല്‍പിക്കുന്നതിനോ കഴിഞ്ഞിട്ടില്ല. കൈയേറ്റം സംബന്ധിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഒഴിപ്പിച്ചെടുത്ത ഭൂമിയുടെ അളവ് ആവര്‍ത്തിക്കാന്‍ മാത്രമേ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നുള്ളൂ. റിസോര്‍ട്ട് മാഫിയകളും വന്‍കിടക്കാരും സര്‍ക്കാര്‍ ഭൂമി വ്യാപകമായി കൈയേറുമ്പോള്‍ റവന്യൂവകുപ്പിന്‍െറ കൈയില്‍ അവ്യക്തമായ കണക്കുകളാണ് ഉള്ളത്. അടിയന്തരമായി സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ട് ശാശ്വത പരിഹാരം കണ്ടില്ളെങ്കില്‍ മൂന്നാര്‍ പൂര്‍ണമായും കൈയേറ്റ മാഫിയകളുടെ പിടിയിലാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.