വനം സെക്രട്ടറിയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷ: മറയൂര്‍ ചന്ദന മ്യൂസിയം പദ്ധതി വീണ്ടും തളിരിടുന്നു

മറയൂര്‍: ചന്ദന മ്യൂസിയം സ്ഥാപിക്കുമെന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള നിര്‍ദേശം അവഗണനയിലും ചുവപ്പുനാടയിലും കിടക്കുന്നതിനിടെ വനംസെക്രട്ടറിയുടെ സന്ദര്‍ശനം പ്രതീക്ഷയേകുന്നു. വിനോദസഞ്ചാര മേഖലയായ മറയൂരില്‍ എത്തുന്ന ആയിരക്കണക്കിന് സഞ്ചാരികള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന പ്രതീക്ഷയോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൗണിലുള്ള വനംവകുപ്പിന്‍െറ കെട്ടിടങ്ങള്‍ ഇതിനായി പുതുക്കിപ്പണിതിരുന്നു. ഇപ്പോള്‍ ഈ കെട്ടിടങ്ങള്‍ ട്രൈബല്‍ വാച്ചര്‍മാരുടെ വാസസ്ഥലമായി മാറ്റി. കെട്ടിടം പുതുക്കിപ്പണിത സമയത്ത് ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്‍ററായി പ്രവര്‍ത്തിച്ചിരുന്നു. ബിനോയ് വിശ്വം വനം മന്ത്രിയായിരുന്ന സമയത്താണ് ചന്ദന മ്യൂസിയം സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചത്. വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി. മാര്യപാണ്ഡ്യന്‍ കഴിഞ്ഞ ദിവസം മറയൂരില്‍ എത്തിയപ്പോള്‍ ഇക്കാര്യം ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ മ്യൂസിയം സ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. ഇന്ത്യയില്‍ ഏകചന്ദനത്തൈല ഫാക്ടറിയും കേരളത്തിലെ ഏകചന്ദന ഗോഡൗണും മറയൂരിലാണ്. പക്ഷേ, സഞ്ചാരികള്‍ക്ക് ഇവ കാണാനോ ചന്ദനത്തെപ്പറ്റി കൂടുതല്‍ അറിയാനോ നിര്‍വാഹമില്ല. ചന്ദനം ചത്തെിയൊരുക്കുന്നതും ചന്ദന ശേഖരവും നേരിട്ട് കാണാനും തൈല ഉല്‍പാദനപ്രക്രിയ അറിയാനും സഞ്ചാരികള്‍ക്ക് അവസരമൊരുക്കിയാല്‍ വിനോദ സഞ്ചാര മേഖലക്ക് കൂടുതല്‍ ജീവന്‍വെക്കും. മറയൂര്‍ ചന്ദനത്തൈല ലേലം ഇനി മുതല്‍ ഇ-ലേലം വഴിയാക്കുന്നതും പ്രതീക്ഷ നല്‍കുന്നു. ചന്ദനത്തടികള്‍ ഇ-ലേല സംവിധാനത്തിലൂടെ വിറ്റതില്‍ നല്ല വില ലഭിച്ചതും ചന്ദനത്തൈല വിപണനം കുറഞ്ഞതുമാണ് ഇ ലേലം തെരഞ്ഞെടുക്കാന്‍ വനംവകുപ്പിനെ പ്രേരിപ്പിച്ചത്. കേരള വനം വികസന കോര്‍പറേഷന്‍െറ ചുമതലയിലാണ് ചന്ദന ഫാക്ടറി. 198 കിലോ ചന്ദനത്തൈലം ഇതുവരെ ഉല്‍പാദിപ്പിച്ചെങ്കിലും നല്‍കാന്‍ കഴിഞ്ഞത് 99 കിലോ തൈലം മാത്രമാണ്. 713 കിലോ ചന്ദനവും തടിയും 37.9 കിലോ ചന്ദന ചിപ്സും 9.14 കിലോ ചന്ദനപ്പൊടിയും ഇപ്പോള്‍ മറയൂര്‍ ചന്ദന ഫാക്ടറിയിലുണ്ട്. ഒരു കിലോവരെ മൂന്നു ലക്ഷം രൂപയും അതില്‍ കൂടുതല്‍ വാങ്ങിയാല്‍ കിലോക്ക് രണ്ടു ലക്ഷം രൂപയുമാണ് കെ.എഫ്.ഡി.സിയുടെ നിശ്ചിത വില. 100 ഗ്രാം ചന്ദനത്തൈലം മാത്രമേ പൊസഷന്‍ ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് കൈവശംവെക്കാന്‍ കഴിയൂ. അതുകൊണ്ട് ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് ഇത് വാങ്ങാന്‍ കഴിയില്ല. ചന്ദനത്തടികള്‍ ഇ-ലേലം നടത്തുന്ന കൊല്‍ക്കത്ത ആസ്ഥാനമായ എം.എസ്.ടി.സി കമ്പനിക്കാണ് ചന്ദനത്തൈലത്തിന്‍െറ വില്‍പന ചുമതലയും. നിലവില്‍ രണ്ടു ഗ്രാം ചന്ദനത്തൈലം 600 രൂപയും അഞ്ചു ഗ്രാമിന് 1500 രൂപയും 10 ഗ്രാം 3000 രൂപയും കേരളത്തില്‍ വനംവകുപ്പിന്‍െറ എക്കോ ഷോപ്പുകളിലും കെ.എഫ്.ഡി.സി ഒൗട്ട്ലെറ്റുകളിലും ലഭിക്കുന്നുണ്ട്. ശബരിമലയില്‍ എത്തുന്ന സ്വാമിമാരെ ലക്ഷ്യമിട്ട് മറയൂര്‍ ചന്ദന തൈലം രണ്ടു ഗ്രാം, അഞ്ചു ഗ്രാം, 10 ഗ്രാം അളവില്‍ 30 കിലോ എത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.