മുല്ലപ്പെരിയാര്‍: സുരക്ഷ കുറ്റമറ്റതാക്കി

വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടറുകള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സുരക്ഷാനടപടികള്‍ വിലയിരുത്തി കുറ്റമറ്റതാക്കി. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ കലക്ടര്‍ വി. രതീശന്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും വകുപ്പ് തലവന്മാരുടെയും യോഗത്തില്‍ ഇതേവരെ സ്വീകരിച്ച ഓരോ നടപടികളും വിലയിരുത്തി. അടിയന്തര സാഹചര്യമുണ്ടായാല്‍ വിവരങ്ങള്‍ താഴത്തെട്ടില്‍വരെ എത്തിക്കാനും സുരക്ഷാനടപടികള്‍ വേഗത്തിലാക്കാനുമായി രൂപവത്കരിച്ച കമ്യൂണിക്കേഷന്‍ സിസ്റ്റത്തിന്‍െറ പ്രവര്‍ത്തനം മേഖല തിരിച്ച് പരിശോധിച്ചു. ജലനിരപ്പുയര്‍ന്നാല്‍ ഭീഷണി നേരിട്ടേക്കാവുന്ന പ്രദേശങ്ങളിലെ ജനങ്ങളെ 12 കുടംബങ്ങള്‍ അടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ചാണ് കമ്യൂണിക്കേഷന്‍ സിസ്റ്റത്തിന് രൂപം കൊടുത്തിരിക്കുന്നത്. തഹസില്‍ദാറുടെ നേതൃത്വത്തില്‍ വില്ളേജ് ഓഫിസര്‍, അസി. വില്ളേജ് ഓഫിസര്‍ തുടങ്ങിയര്‍ അടങ്ങിയ ഗ്രൂപ്പുകള്‍ തിങ്കളാഴ്ച ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചപ്പോള്‍ എങ്ങനെ പ്രവര്‍ത്തിച്ചുവെന്നതും പരിശോധിച്ചു. കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗവും ജില്ലാ പൊലീസ് ആസ്ഥാനവും 24 മണിക്കൂറും പ്രവര്‍ത്തനനിരതമാണെന്നും എന്താവശ്യത്തിനും ജനങ്ങള്‍ക്ക് ഏതുസമയവും ബന്ധപ്പെടാമെന്നും കലക്ടര്‍ പറഞ്ഞു. പഞ്ചായത്തുതല ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് കമ്മിറ്റി രണ്ടു ദിവസത്തിനുള്ളില്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത് നടപടി വിലയിരുത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. പ്രസിഡന്‍റുമാരും മെംബര്‍മാരും ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.