മാട്ടുപ്പെട്ടി ചോലവനങ്ങളില്‍ മാലിന്യം തള്ളുന്നു

മൂന്നാര്‍: മാട്ടുപ്പെട്ടിയിലെ ചോലവനങ്ങളില്‍ മാലിന്യം തള്ളല്‍ പതിവായി. മാട്ടുപ്പെട്ടി കുറ്റിയാര്‍ ചോലവനങ്ങളില്‍ പഞ്ചായത്ത് അധികൃതര്‍ നിയന്ത്രണമില്ലാതെ മാലിന്യം തള്ളുന്നത് വന്യമൃഗങ്ങള്‍ക്ക് ഭീഷണിയാവുന്നു. സഞ്ചാരികള്‍ ഏറെയത്തെുന്ന മാട്ടുപ്പെട്ടി, എക്കോപോയന്‍റ്, കുണ്ടള മേഖലയില്‍നിന്ന് ശേഖരിക്കുന്ന മാലിന്യമാണ് അധികൃതര്‍ കുറ്റിയാര്‍വാലിയില്‍ തള്ളുന്നത്. പ്ളാസ്റ്റിക് കുപ്പികള്‍, ചില്ലുകള്‍, അഴുകിയ ഭക്ഷണപദാര്‍ഥങ്ങള്‍, മരുന്നുകുപ്പികള്‍ എന്നിവയാണ് വന്‍തോതില്‍ തള്ളുന്നത്. കേന്ദ്ര സര്‍ക്കാറിന്‍െറ സഹായത്തോടെ ദേവികുളം പഞ്ചായത്തിന്‍െറ കീഴില്‍ മാലിന്യം ശേഖരിച്ച് നശിപ്പിക്കുന്നതിന് ഒരു യൂനിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവരുടെ പ്രവര്‍ത്തനം ഫലംകാണാതെ പോകുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. തലസ്ഥാനത്തെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ദേവികുളം പഞ്ചായത്തില്‍നിന്ന് കരാര്‍ ഏറ്റെടുത്ത ഇക്കൂട്ടര്‍ സര്‍ക്കാറിന്‍െറ പണം തട്ടിയെടുക്കുന്നതല്ലാതെ മാലിന്യ പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയുണ്ടാക്കുന്നതിന് മൂന്നാറിലേക്ക് എത്തിയതുമില്ല. തൊഴിലാളികളെ ഉപയോഗിച്ച് ശേഖരിക്കുന്ന മാലിന്യം എവിടെയാണ് തള്ളുന്നതെന്ന് പോലും ഇവര്‍ക്കറിയില്ല. ഓരോ ദിവസവും മൂന്നും നാലും ലോഡ് മാലിന്യമാണ് മാട്ടുപ്പെട്ടിക്ക് കുറ്റിയാര്‍വാലിയിലെ വനത്തില്‍ തള്ളുന്നത്. പുലി, കാട്ടുപോത്ത്, കാട്ടാന തുടങ്ങിയ പതിനായിരത്തിലധികം വന്യമൃഗങ്ങള്‍ ജീവിക്കുന്ന വനപ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നത് വന്യമൃഗങ്ങള്‍ ചത്തൊടുങ്ങുന്നതിന് കാരണമാകും. കുണ്ടളക്ക് സമീപത്തെ ചോലവനങ്ങളില്‍ പ്ളാസ്റ്റിക് ഭക്ഷിച്ച് കാട്ടാനയടക്കമുള്ള വന്യമൃഗങ്ങള്‍ ചത്തൊടുങ്ങിയിരുന്നു. കഴിഞ്ഞ ദിവസം സാന്‍േറാസ് കോളനിക്ക് സമീപത്ത് അഞ്ച് കാട്ടുപോത്തുകള്‍ ചത്തു. വനമേഖലകളില്‍ തള്ളിയ പ്ളാസ്റ്റിക്കുകള്‍ ഭക്ഷിച്ചതാണ് കാട്ടുപോത്തുകള്‍ ചത്തൊടുങ്ങാന്‍ ഇടയാക്കിയതെന്നാണ് വനപാലകരുടെ പ്രാഥമിക വിലയിരുത്തല്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.