മലയോര മേഖലയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം

അടിമാലി: അടിക്കടി വൈദ്യുതി നിയന്ത്രണം. പുറമെ ഭൂരിപക്ഷം പ്രദേശങ്ങളിലും വോള്‍ട്ടേജ് കമ്മിയും. അനുദിനം രൂക്ഷമാകുന്ന മലയോര മേഖലയുടെ വൈദ്യുതി പ്രതിസന്ധിക്ക് ഇനിയെങ്കിലും പരിഹാരമാകുമോ എന്ന ആശങ്കയിലാണ് ജനത. സംസ്ഥാനത്തെ വെളിച്ചം കാണിക്കുന്ന ഇടുക്കിയില്‍ വൈദ്യുതി എത്താത്ത ഗ്രാമങ്ങള്‍ ഇപ്പോഴും നിരവധിയാണ്. ഇതിന് പരിഹാരം കാണുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും നടപടി മാത്രമില്ല. ജില്ലയില്‍ പത്തിലേറെ വന്‍കിട ജലസേചന പദ്ധതികളില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വെളിച്ചം നല്‍കുമ്പോള്‍ ജില്ലയില്‍ പദ്ധതികളുടെ അടുത്ത പ്രദേശങ്ങളില്‍ പോലും വൈദ്യുതി എത്തിക്കാന്‍ അധികൃതര്‍ കൂട്ടാക്കുന്നില്ല. വൈദ്യുതി നിലയങ്ങള്‍ കൂടുന്നതനുസരിച്ച് പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് ഹൈറേഞ്ചുകാരുടെ വിശ്വാസം. എന്നാല്‍, പ്രതിസന്ധി ദിനംപ്രതി വര്‍ധിക്കുകയാണ്. ചെറിയ കാറ്റടിച്ചാല്‍ വൈദ്യുതി പോകുന്ന നിലയാണ്. വൈദ്യുതി വിതരണത്തിന് സ്ഥാപിച്ച ഉപകരണങ്ങള്‍ കാലപ്പഴക്കം ചെന്നതാണ് കാരണം. ഇത് മാറ്റി സ്ഥാപിക്കാനുള്ള നടപടി ഉണ്ടാകുന്നില്ല. മരച്ചില്ലകള്‍ വെട്ടിമാറ്റാനും കേടായ ഉപകരണങ്ങള്‍ നന്നാക്കാനും മുറപോലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാല്‍, മാനം കറുത്താല്‍ വൈദ്യുതി മുടങ്ങന്ന സ്ഥിതിക്ക് മാത്രം മാറ്റമില്ല. ഉപഭോക്താക്കളുടെ എണ്ണം കൂടുന്നതാണ് വോള്‍ട്ടേജ് കുറയാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. വട്ടവട, മാങ്കുളം, കാന്തല്ലൂര്‍ പഞ്ചായത്തുകളാണ് ഇതിന്‍െറ രൂക്ഷത കൂടുതല്‍. കൂടാതെ അടിമാലി പഞ്ചായത്തിലെ പടിക്കപ്പ്, പഴംമ്പിള്ളിച്ചാല്‍, കുരങ്ങാട്ടി, പ്ളാക്കയം തുടങ്ങി അവികസിത പ്രദേശങ്ങളിലും ഇതാണ് അവസ്ഥ. വെള്ളത്തൂവല്‍ പഞ്ചായത്തിലെ ശല്യാംപാറ, മാങ്കടവ്, ഓടക്കാസിറ്റി, മുതുവാന്‍കുടി, കൊന്നത്തടി പഞ്ചായത്തിലെ അഞ്ചാംമൈല്‍, കൊന്നത്തടി, കാക്കാസിറ്റി, പനംകുട്ടി തുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. ഇത് വിദ്യാര്‍ഥികളുടെ പഠനത്തെയാണ് ഏറെ ബാധിക്കുന്നത്. അതുപോലെ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഇലക്ട്രിക്-ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് എല്ലാ വിഭാഗം ജനങ്ങളും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.