സ്വാതന്ത്ര്യ ദിനാഘോഷത്തിന് അടിമാലി ഒരുങ്ങി

അടിമാലി: സ്വാതന്ത്ര്യദിന റാലിക്കും പൊതുസമ്മേളനത്തിനുമുള്ള ഒരുക്കം അടിമാലിയില്‍ അവസാനഘട്ടത്തിലാണെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനറും പഞ്ചായത്ത് പ്രസിഡന്‍റുമായ പി.വി. സ്കറിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഗസ്റ്റ് 15ന് രാവിലെ 10.30ന് അടിമാലി ഗവ. ഹൈസ്കൂള്‍ ഗ്രൗണ്ടില്‍നിന്നാണ് റാലി ആരംഭിക്കുക. അടിമാലി ടൂറിസം ആന്‍ഡ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിന് ത്രിതല പഞ്ചായത്തുകള്‍, സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, കമ്പനി ജീവനക്കാര്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനകള്‍, മര്‍ച്ചന്‍റ് അസോ., ട്രേഡ് യൂനിയന്‍-സര്‍വിസ് സംഘടനകള്‍, കുടുംബശ്രീ, അയല്‍കൂട്ടം, സ്വയംസഹായ സംഘങ്ങള്‍, സംയുക്ത ഡ്രൈവേഴ്സ് യൂനിയനുകള്‍, ചുമട്ടുതൊഴിലാളികള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും. റാലി മൂന്നാര്‍ ഡിവൈ.എസ്.പി കെ.ബി. പ്രഭുല്ലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സഹകരണ ബാങ്ക് ജങ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ കേരള പൊലീസ് കംപ്ളയിന്‍റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണ കുറുപ്പ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. ഇതോടനുബന്ധിച്ച് സ്കൂള്‍-കോളജ് കുട്ടികള്‍ക്കുള്ള കലാ-സാഹിത്യ മത്സരം 11ന് അടിമാലി പഞ്ചായത്ത് ടൗണ്‍ഹാളില്‍ നടക്കും. പൊതുസമ്മേളനത്തില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇടുക്കി എസ്.പി കെ.വി. തോമസ് സമ്മാനങ്ങള്‍ വിതരണം ചെയ്യും. റാലി ഗംഭീരമാക്കുന്നതിന് വിവിധ മത്സരങ്ങളും സംഘാടകസമിതി പ്രഖ്യാപിച്ചു. റാലിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകള്‍ക്ക് 5000 രൂപ സമ്മാനം നല്‍കും. രണ്ടാംസ്ഥാനക്കാര്‍ക്ക് 3000 രൂപയും വാഹനത്തിലെ നിശ്ചലദൃശ്യങ്ങള്‍ക്ക് 5000 മുതല്‍ 750 രൂപവരെ സമ്മാനവും ട്രോഫിയും നല്‍കും. പ്രച്ഛന്നവേഷം, ബാന്‍ഡ്മേളം, ചെണ്ടമേളം, നാടന്‍കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, കരാട്ടേ, കളരി പ്രകടനങ്ങള്‍ എന്നിവ റാലിയില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനറിന് പുറമെ കെ.കെ. സുകുമാരന്‍, സി.ഡി. ഷാജി, ഇ.പി. ജോര്‍ജ്, ശ്രീധരന്‍ എല്ലാപ്പാറ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.