തൊടുപുഴ താലൂക്ക് ആശുപത്രി പ്രവര്‍ത്തനം താളംതെറ്റുന്നു

തൊടുപുഴ: ഡോക്ടര്‍മാരുടെ കുറവുമൂലം തൊടുപുഴ താലൂക്ക് ആശുപത്രി പ്രവര്‍ത്തനം താളംതെറ്റുന്നു. മതിയായ ഡോക്ടര്‍മാരില്ളെന്ന പരാതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ജില്ലാ ആശുപത്രിക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളുണ്ടെങ്കിലും കാര്യമില്ല. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി രണ്ടാം ശനിയാഴ്ച പല സര്‍ക്കാര്‍ ഓഫിസുകളും തുറന്ന് പ്രവര്‍ത്തaിച്ചപ്പോള്‍ തൊടുപുഴ ആശുപത്രിയിലെ പല ഡോക്ടര്‍മാരും ഈ അവധി ദിവസം പ്രയോജനപ്പെടുത്തി ഡ്യൂട്ടിയില്‍നിന്ന് മാറിനിന്നു. ഒടുവില്‍ രോഗികളത്തെിയപ്പോള്‍ പരിശോധിക്കാന്‍ ആളില്ലാത്ത സ്ഥിതിയായി. ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഗൈനക്കോളജി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോയി. രോഗികളെ ഒ.പിയില്‍ പരിശോധിക്കുന്ന മറ്റൊരു ഡോക്ടര്‍ ചിക്കന്‍ബോക്സ് ബാധിച്ച് അവധിയിലായി. മറ്റൊരു ഗൈനക്കോളജിസ്റ്റ് വിരമിക്കുകയും ഓര്‍ത്തോപീഡിക് വിദഗ്ധന്‍ സ്ഥലം മാറിപ്പോകുകയും ചെയ്തതോടെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ കിട്ടാക്കനിയാണ്. 24 ഡോക്ടര്‍മാരുടെ തസ്തികയുള്ള ആശുപത്രിയില്‍ നിലവില്‍ 16 പേര്‍ മാത്രമേയുള്ളൂ. സ്ഥലം മാറ്റപ്പെട്ട പലരും വിവിധകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജോലിയില്‍ പ്രവേശിച്ചിട്ടില്ല. ആര്‍.എം.ഒ അടക്കമുള്ളവര്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചെങ്കിലും അവധിയെടുത്ത് പോയിരിക്കുകയാണ്. ആരോഗ്യ സര്‍വിസില്‍ നിലവിലുള്ള ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ്, കണ്‍സള്‍ട്ടന്‍റ്, സീനിയര്‍ കണ്‍സള്‍ട്ടന്‍റ്, ചീഫ് കണ്‍സള്‍ട്ടന്‍റ് തസ്തികയില്‍ തൊടുപുഴക്ക് കണ്‍സള്‍ട്ടന്‍റിനപ്പുറം ഒരു തസ്തിക സ്വപ്നം കാണാന്‍ പറ്റാത്ത സ്ഥിതിയാണ്. തൊടുപുഴ നഗരവാസികള്‍ക്കും ആദിവാസികള്‍ അടക്കമുള്ള കിഴക്കന്‍ ദേശക്കാര്‍ക്കും ഏക ആശ്രയമാണ് തൊടുപുഴ താലൂക്ക് ആശുപത്രി. രണ്ടു വര്‍ഷം മുമ്പ് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ജില്ലാ ആശുപത്രിയായി പ്രഖ്യാപിച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ല. ആലക്കോട്, കരിമണ്ണൂര്‍, ഇടവെട്ടി, വെള്ളിയാമറ്റം, പുറപ്പുഴ പഞ്ചായത്തുകളിലെ സാധാരണക്കാര്‍ക്കുള്ള ഏക ചികിത്സാകേന്ദ്രമാണ് തൊടുപുഴ ആശുപത്രി. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ പോലുമില്ലാത്ത പ്രദേശങ്ങളില്‍നിന്നുള്ള രോഗികള്‍ വണ്ടിക്കൂലിയും മുടക്കി തൊടുപുഴയിലത്തെുമ്പോഴാണ് ഡോക്ടര്‍മാരില്ളെന്ന് അറിയുന്നത്. തുടര്‍ന്ന് ഇവരില്‍ പലരും തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളെ അഭയം പ്രാപിക്കുകയാണ്. ജില്ലാ ആശുപത്രിയുടെ പദവിയുള്ള ജനറല്‍ ആശുപത്രിയാക്കാന്‍ വേണ്ട കെട്ടിട സൗകര്യം അടക്കമുണ്ട്. മുന്‍ ജനപ്രതിനിധികളും നിലവിലുള്ളവരും ഇതിന് ശ്രമിച്ചിട്ടും ചുവപ്പുനാടയുടെ കുരുക്കഴിയുന്നില്ല. തൊടുപുഴ നഗരസഭയില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയും താലൂക്ക് ആശുപത്രിയെ മികച്ച ആരോഗ്യകേന്ദ്രമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഹോസ്പിറ്റല്‍ മാനേജിങ് കമ്മിറ്റി നഴ്സുമാര്‍ അടക്കമുള്ളവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച് രോഗികള്‍ക്കാവശ്യമായ സഹായം നല്‍കുന്നുമുണ്ട്. മരുന്നുകള്‍ അടക്കമുള്ളവയിലും കാര്യമായ പ്രശ്നങ്ങളില്ല. ദിനേന 200നും 300നും ഇടയില്‍ രോഗികള്‍ ഒ.പിയില്‍ എത്തുന്നുണ്ടെന്നാണ് കണക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.