റിവേഴ്സ് ക്വാറൻറീൻ നടപടികളുമായി സർക്കാർ

രോഗവ്യാപനം തടയാൻ കൂടുതൽ നടപടികൾ ബംഗളൂരു: പ്രായമായവര്‍ക്കും രോഗസാധ്യത കൂടുതലുള്ളവര്‍ക്കും റിവേഴ്‌സ് ക്വാറൻറീന്‍ ഏര്‍പ്പെടുത്താനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. സംസ്ഥാനത്ത് രോഗ വ്യാപനം കുറക്കാനുള്ള നടപടികളുടെ ഭാഗമായി ശക്തമായ നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. പ്രായമായവരെ പ്രത്യേക മുറികളില്‍ താമസിപ്പിച്ച് കുടുംബത്തിലെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഇല്ലാതാക്കും. ഇതിൻെറ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി വിവര ശേഖരണം തുടങ്ങി. ഇതുവരെയുള്ള സർവേയില്‍ പ്രായംകൂടിയ 57 ലക്ഷം പേരില്‍ 15 ലക്ഷം പേരും മറ്റു അസുഖങ്ങളുള്ളവരാണ്. വയോധികർക്കിടയിൽ രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഇവരുടെ സുരക്ഷ കണക്കിലെടുത്ത് ഇവർ ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുന്നത്. വയോധികര്‍, അർബുദം ഉള്‍പ്പെടെ ഗുരുതര രോഗമുള്ളവര്‍, ജന്മനാ പ്രതിരോധശേഷി കുറവുള്ള കുട്ടികൾ തുടങ്ങിയവരെ സ്വന്തം വീടുകളില്‍ നിരീക്ഷണത്തിലാക്കും. ഹൃദ്രോഗം, പ്രമേഹം, കരള്‍, വൃക്കരോഗങ്ങള്‍ എന്നിവയുള്ളവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. പ്രായമായവര്‍ക്കും മറ്റ് അസുഖങ്ങളുള്ളവര്‍ക്കും റിവേഴ്‌സ് ക്വാറൻറീന്‍ ആവശ്യമാണന്ന് കോവിഡ് കണ്‍സള്‍ട്ടിവ് ഗ്രൂപ്പിലെ ഡോ. യു.എസ്. വിശാല്‍ റാവു പറഞ്ഞു. കേരളത്തില്‍ അർബുദ രോഗികള്‍ക്ക് റിവേഴ്‌സ് ക്വാറൻറീന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വയോധികരെയും രോഗികളെയും പൂര്‍ണമായി ക്വാറൻറീനില്‍ ആക്കുകയും രോഗവ്യാപനസാധ്യത കുറവുള്ള ആരോഗ്യമുള്ള യുവാക്കളെ പുറത്തിറക്കുകയും ചെയ്യുന്നതാണ് റിവേഴ്‌സ് ക്വാറൻറീന്‍. അതേസമയം, റിവേഴ്‌സ് ക്വാറൻറീന്‍ ഏര്‍പ്പെടുത്തുന്നതില്‍ നിരവധി വെല്ലുവിളികള്‍ മുന്നിലുണ്ട്. മിക്ക വീടുകളും ചെറുതായതിനാല്‍ റിവേഴ്‌സ് ക്വാറൻറീനിൽ ഉള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കാന്‍ മറ്റുള്ളവര്‍ക്കു സാധിക്കുമോ എന്ന കാര്യം സംശയമാണ്. ബംഗളൂരു നഗരത്തിൽ ഉൾപ്പെടെ പ്രായമായവരും മറ്റുള്ളവരും ചെറിയ വീടുകളിൽ ഒന്നിച്ചുകഴിയുന്ന സാഹചര്യമുണ്ട്. പ്രത്യേകിച്ച് േചരിപ്രദേശത്ത് ഇത് എങ്ങനെ നടപ്പാക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ബന്ദിപ്പൂരിൽ ബൈക്കിൽ കറങ്ങിയ വിദേശികൾ പിടിയിൽ ബംഗളൂരു: ലോക്ഡൗൺ നിയന്ത്രണങ്ങളുണ്ടായിരിക്കെ ബന്ദിപ്പൂർ കടുവാസങ്കേതത്തിൽ അനധികൃതമായി എത്തിയ മൂന്നു പോർചുഗീസ് പൗരന്മാരെ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് ഇളവുകൾ പ്രഖ്യാപിച്ച് വനമേഖലയിൽ ട്രക്കിങ് ഉൾപ്പെെട ആരംഭിക്കുന്നതിനു മുമ്പാണ് അനുമതിയില്ലാതെ മൂവരും ഇരുചക്രവാഹനങ്ങളിൽ ബന്ദിപ്പൂരിലെത്തിയത്. വാടകക്ക് എടുത്ത ബൈക്കിലെത്തിയ മൂവരും ബന്ദിപ്പൂർ വനമേഖലക്കുള്ളിൽ ചുറ്റിക്കറങ്ങുകയായിരുന്നുവെന്നും തുടർന്നാണ് കസ്റ്റഡിയിലെടുത്തതെന്നും കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പോർചുഗീസ് സ്വദേശികളായ നുനോ റിക്കാർഡോ, ഏയ്ഞ്ചലോ ഗാരിഡോ, തോമസ് പിൻഹോ മാർക്യൂസ് എന്നിവരാണ് പിടിയിലായത്. മൂവരെയും ഗുണ്ടൽപേട്ട് പൊലീസിന് കൈമാറി. ഞായറാഴ്ച ഉച്ചക്കുശേഷമാണ് ഇവർ വനമേഖലയിലെത്തിയത്. വിദേശികൾക്കെതിരെ നടപടിയെടുക്കാൻ വനംവകുപ്പിന് അധികാരമില്ലാത്തതിനാൽ വനത്തിൽ അതിക്രമിച്ചുകയറിയതിന് കേസെടുത്തശേഷം ഗുണ്ടൽപേട്ട് പൊലീസിന് കൈമാറി. ബൈക്കുകളും പിടിച്ചെടുത്തു. വിമാനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്ന കമ്പനിയിലെ സഹായികളായ ഇവർക്ക് ബംഗളൂരുവിൽനിന്ന് പുറത്തുപോകാനുള്ള അനുമതിയും ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച മുതൽ വനമേഖലയിൽ ട്രക്കിങ് ആരംഭിക്കാനിരിക്കെയാണ് ഇൗ സംഭവം. ................ കെ.പി.എസ്.സി പരീക്ഷ വിഷയങ്ങൾ കുറച്ചു ബംഗളൂരു: കർണാടക പബ്ലിക് സർവിസ് കമീഷൻ നടത്തുന്ന മത്സരപ്പരീക്ഷയുടെ വിഷയങ്ങൾ ഏഴിൽനിന്ന് അഞ്ചാക്കി. സംസ്ഥാന സർക്കാർ വിജ്ഞാപനത്തിലൂടെ മത്സരപ്പരീക്ഷയിലെ മാർക്ക് പരിഷ്കരിക്കുന്നതിൻെറ ഭാഗമായാണ് വിഷയങ്ങൾ കുറച്ചത്. ഗസറ്റഡ് പ്രബേഷണര്‍മാരുടെ റിക്രൂട്ട്‌മൻെറ് ചട്ടങ്ങൾ പ്രകാരം ഗ്രൂപ് എ, ഗ്രൂപ് ബി ഗസറ്റഡ് പ്രബേഷണർമാരുടെ നിയമനപരീക്ഷകളുടെ പരമാവധി മാർക്കാണ് പരിഷ്കരിച്ചത്. ഇനി മുതൽ അഞ്ചെണ്ണം മാത്രം എഴുതിയാൽ മതി. മൊത്തം മാർക്ക് 1750ൽനിന്ന് 1250 ആക്കി. കൂടാതെ, അഭിമുഖങ്ങളുടെ മാർക്കുകൾ 200ൽനിന്ന് 80 ആക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.