ട്രെയിനിൽ എത്തുന്നവർക്ക് സേവാ സിന്ധു രജിസ്ട്രേഷൻ; റെയിൽവേ പ്രത്യേക അറിയിപ്പ് നൽകണമെന്ന് സർക്കാർ

ബംഗളൂരു: കർണാടകയിലേക്ക് ട്രെയിനിൽ എത്തുന്നവർ സേവാ സിന്ധു പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ അവർ പുറപ്പെടുന്ന റെയിൽവേ സ്റ്റേഷനിൽനിന്ന് പ്രത്യേക അറിയിപ്പ് നൽകണമെന്ന് സംസ്ഥാന സർക്കാർ റെയിൽവേയോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ടി.എം. വിജയ് ഭാസ്കർ റെയിൽവേ ബോർഡ് ചെയർമാന് കത്തയച്ചു. കർണാടകയിലേക്ക് എത്തുന്നവർക്ക് സേവാ സിന്ധു രജിസ്ട്രേഷൻ നിർബന്ധമാണെന്ന് നിരവധി യാത്രക്കാർക്ക് അറിയില്ല. സേവാ സിന്ധുവിൽ രജിസ്റ്റർ ചെയ്യാതെ എത്തുന്നവരെ കണ്ടെത്താനും നിരീക്ഷണത്തിലാക്കാനും സാധിക്കില്ലെന്ന് ചീഫ് സെക്രട്ടറിയുടെ കത്തിൽ പറയുന്നു. ഡൽഹി, ബിഹാർ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ദിനേന ആയിരങ്ങളാണ് കർണാടകയിലേക്ക് എത്തുന്നത്. എന്നാൽ, ഇതിൽ ഭൂരിഭാഗം പേരും സേവാ സിന്ധുവിൽ രജിസ്റ്റർ ചെയ്യാതെയാണ് വരുന്നത്. അതിനാൽ പാസ് ആവശ്യമില്ലെങ്കിലും സേവാ സിന്ധു രജിസ്ട്രേഷൻ ആവശ്യമാണെന്നത് സംബന്ധിച്ചുള്ള ബോധവത്കരണം യാത്രക്കാർക്ക് നൽകണം. ഇതിനായി റെയിൽവേ സ്റ്റേഷനുകളിൽ അറിയിപ്പ് നൽകണമെന്നും ചീഫ് സെക്രട്ടറിയുടെ കത്തിൽ ആവശ്യപ്പെടുന്നു. അതല്ലെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഇതുസംബന്ധിച്ചുള്ള വിവരം യാത്രക്കാർക്ക് നൽകണം. രജിസ്റ്റർ ചെയ്യാതെ വരുന്നവരെ വീടുകളിൽ നിരീക്ഷണത്തിലാക്കില്ല. അവരെ സർക്കാർ നിരീക്ഷണത്തിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു. മണിപ്പാല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പരീക്ഷകള്‍ റദ്ദാക്കി ബംഗളൂരു: മണിപ്പാല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നടത്താനിരുന്ന ചില പരീക്ഷകള്‍ റദ്ദാക്കി. ബാച്ലര്‍ ഓഫ് ടെക്‌നോളജി രണ്ട്, നാല്, ആറ് സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെയും മാസ്റ്റര്‍ ഓഫ് ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെയും പരീക്ഷകളാണ് റദ്ദാക്കിയത്. ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് നിര്‍ണയിക്കുന്ന കാര്യത്തില്‍ സര്‍വകലാശാലാ മാനദണ്ഡങ്ങളനുസരിച്ച് തീരുമാനമെടുക്കുമെന്ന് സ്ഥാപനത്തിൻെറ ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. ഉഡുപ്പിയിലെ മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജുക്കേഷന് കീഴിലുള്ള സ്ഥാപനമാണ് മണിപ്പാല്‍ ഇസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. എന്നാല്‍, ഇതേ സ്ഥാപനത്തിനു കീഴിലുള്ള മണിപ്പാല്‍ സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍, കസ്തൂര്‍ഭ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ പരീക്ഷകള്‍ റദ്ദാക്കി ഉത്തരവിറങ്ങിയിട്ടില്ല. ഓണ്‍ലൈന്‍ പരീക്ഷ നടത്തരുതെന്ന വിദ്യാര്‍ഥികളുടെ ആവശ്യവും അധികൃതര്‍ അംഗീകരിച്ചു. പകരം മൈക്രോസോഫ്റ്റ് ടീംസ് ഉപയോഗിച്ച് ഇതേ പരീക്ഷകള്‍ നടത്തും. മതിയായ മുന്നൊരുക്കമില്ലാതെ ജൂൺ എട്ടുമുതൽ പരീക്ഷ നടത്താൻ തീരുമാനിച്ചതിൽ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. ഒാൺലൈൻ പരീക്ഷക്ക് ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിലും സാങ്കേതിക പ്രശ്നങ്ങൾ വിദ്യാർഥികൾ ചൂണ്ടിക്കാണിച്ചിരുന്നു. രാജ്യസഭ സീറ്റ്: ബി.ജെ.പി സ്ഥാനാർഥികളായി ബംഗളൂരു: കർണാടകയിൽനിന്നുള്ള രാജ്യസഭ സീറ്റുകളിലേക്കുള്ള ബി.ജെ.പി സ്ഥാനാർഥികളുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറി. ഒഴിവുള്ള നാലു സീറ്റുകളിൽ രണ്ടു സീറ്റുകളിൽ ബി.ജെ.പി അംഗങ്ങളെ ജയിപ്പിക്കാനുള്ള നിയമസഭ അംഗബലമുണ്ട്. മൂന്നുപേരുടെ പട്ടികയാണ് സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് കൈമാറിയത്. പ്രഭാകർ കൊറെ, രമേശ് കട്ടി, പ്രകാശ് ഷെട്ടി എന്നീ മൂന്നുപേരുകളാണ് കേന്ദ്ര ബി.ജെ.പി നേതൃത്വത്തിൻെറ അംഗീകാരത്തിനായി നൽകിയത്. മുതിർന്ന ബി.ജെ.പി എം.എൽ.എ ഉമേഷ് കട്ടിയുടെ സഹോദരനായ രമേശ് കട്ടി ചിക്കോടിയിൽനിന്നുള്ള മുൻ ലോക്സഭ അംഗമാണ്. ഉഡുപ്പിയിലെ പ്രമുഖ ഹോട്ടൽ വ്യവസായിയാണ് പ്രകാശ് ഷെട്ടി. നിലവിൽ രാജ്യസഭ അംഗമായ പ്രഭാകർ കൊറെയെ വീണ്ടും മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. മൂന്നുപേരിൽ രണ്ടുപേരുടെ പട്ടികയായിരിക്കും കേന്ദ്രം അംഗീകരിക്കുക. നാലു സീറ്റുകളാണ് കർണാടകയിൽനിന്ന് ഒഴിവുള്ളത്. ഒരു സീറ്റിലേക്ക് കോൺഗ്രസിൻെറ മല്ലികാർജുൻ ഖാർഗെ മത്സരിക്കും. ഒരാളെ വിജയിപ്പിക്കാനുള്ള അംഗ ബലം കോൺഗ്രസിനുണ്ട്. കോൺഗ്രസിൻെറയും പിന്തുണയോടെ ഒരു സീറ്റിൽ ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും മത്സരിച്ചേക്കും. മറ്റു രണ്ടു സീറ്റുകളിലാണ് ബി.ജെ.പി സ്ഥാനാർഥികളെ നിർത്തുക. ദേവഗൗഡ മത്സരിച്ചാൽ എതിർ സ്ഥാനാർഥിയെ ബി.ജെ.പി നിർത്തിയേക്കില്ല. .....................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.