-ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,221 ആയി ഉയർന്നു -സംസ്ഥാനത്ത് രണ്ടു പേർ കൂടി മരിച്ചു -ബംഗളൂരുവിൽ 21 പേർക്ക് കൂടി കോവിഡ് ബംഗളൂരു: കർണാടകയിൽ ഒറ്റദിവസത്തിനുള്ളിൽ 299 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ ഒരു ദിവസം സ്ഥിരീകരിച്ച പോസിറ്റിവ് കേസുകളിൽ ഇരട്ടിയലധികം വർധനയാണ് ഞായറാഴ്ചയുണ്ടായത്. ആദ്യമായാണ് ഇത്രയധികം പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,221 ആയി. അതിനിടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ടു പേർ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 51 ആയി. മഹാരാഷ്ട്രയിൽനിന്ന് മേയ് 21ന് എത്തിയ റായ്ച്ചൂർ സ്വദേശിയായ 50കാരനും ബിദറിലെ കണ്ടെയ്ൻമൻെറ് സോണിൽ രോഗം സ്ഥിരീകരിച്ചിരുന്ന 75കാരനുമാണ് മരിച്ചത്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ച 299 പേരിൽ 255 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും ഏഴുപേർ വിദേശത്തുനിന്നും എത്തി നിരീക്ഷണത്തിലുള്ളവരാണ്. 255 പേരിൽ ആന്ധ്രാപ്രദേശിൽനിന്നും എത്തിയ ഒരാളും ഡൽഹിയിൽനിന്നെത്തിയ രണ്ടുപേരും ഒഴികെ ബാക്കിയുള്ളവരെല്ലാം മഹാരാഷ്ട്രയിൽനിന്ന് എത്തിയവരാണ്. ദാവൻഗരെ ജില്ല ആശുപത്രിയിൽ കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ബംഗളൂരുവിൽ രോഗം സ്ഥിരീകരിച്ച 21 പേരിൽ പത്തുപേർക്ക് എവിടെനിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല. നാലുപേർക്ക് സമ്പർക്കം വഴിയും വിദേശത്തുനിന്നും എത്തിയ അഞ്ചു പേർക്കും മഹാരാഷ്ട്രയിൽനിന്നെത്തിയ രണ്ടുപേർക്കും ബംഗളൂരുവിൽ രോഗം സ്ഥിരീകരിച്ചു. ബംഗളൂരുവിൽ കഴിഞ്ഞദിസവം പോസിറ്റിവായ 21പേർക്കും രോഗം പടർന്നത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. ബംഗളൂരു സമൂഹ വ്യാപനത്തിലേക്ക് പോവുകയാണോ എന്ന ആശങ്കയാണ് ഉയരുന്നത്. ഇതിനിടെ ഞായറാഴ്ച മാത്രം 221 േപർ രോഗമുക്തി നേടി ആശുപത്രി വിട്ടു. രോഗ ലക്ഷണമില്ലാത്തവരെ ഉൾപ്പെടെ വീടുകളിലേക്ക് നിരീക്ഷണത്തിലേക്ക് മാറ്റുന്ന തരത്തിൽ കേന്ദ്ര മാനദണ്ഡ പ്രകാരം ഡിസ്ചാർജ് വ്യവസ്ഥയിൽ ഇളവ് വരുത്തിയതോടെയാണ് കൂടുതൽ പേർ രോഗമുക്തി നേടിയവരുടെ പട്ടികയിൽ ഉൾപ്പെട്ടത്. ബംഗളൂരു അർബൻ (21), യാദ്ഗിർ (44), കലബുറഗി (28), മാണ്ഡ്യ (13), റായ്ച്ചൂർ (83), ഉഡുപ്പി (10), ബിദർ (33), ബെളഗാവി (13), ദാവൻഗരെ (6), ദക്ഷിണ കന്നട (14), വിജയപുര (26), ഉത്തര കന്നട (5), ബെള്ളാരി (1), ശിവമൊഗ്ഗ (1),കോലാർ (1) എന്നിങ്ങനെയാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഞായറാഴ്ച മാത്രം 13,358 സാമ്പിളുകളാണ് പരിശോധിച്ചതിലാണ് 299 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 12,841 സാമ്പിളുകൾ നെഗറ്റിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.