കേന്ദ്ര ഇളവുകൾ അതേപടി; ജൂൺ എട്ടു മുതൽ ആരാധനാലയങ്ങളും മാളുകളും തുറക്കും

-അന്തർ സംസ്ഥാന യാത്രക്ക് പാസ് ആവശ്യമില്ല ബംഗളൂരു: കേന്ദ്ര മാർഗനിർദേശ പ്രകാരം അൺലോക്-1‍ൻെറ ഭാഗമായി കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കർണാടക. കൂടുതൽ പോസിറ്റിവ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുമ്പോഴാണ് കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ അതേപടി സംസ്ഥാനം നടപ്പാക്കുന്നത്. നിയന്ത്രിത മേഖലയിൽ ജൂൺ 30 വരെ കേന്ദ്ര മാർഗനിർദേശ പ്രകാരം ശക്തമായ നിയന്ത്രണം തുടരും. ഇത്തരം മേഖലയിലൊഴികെ മറ്റിടങ്ങളിൽ ജൂൺ എട്ടുമുതൽ കൂടുതൽ ഇളവുകൾ അനുവദിക്കും. ഇത് പ്രകാരം ആരാധനാലയങ്ങൾ, ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, ഷോപ്പിങ് മാളുകൾ എന്നിവ തുറക്കും. മറ്റു സ്ഥാപനങ്ങളും നിലവിലുള്ളതുപോലെതന്നെ പൂർണതോതിൽ പ്രവർത്തിക്കും. അന്തർ സംസ്ഥാനയാത്രക്കും സംസ്ഥാനത്തിനുള്ളിലുള്ള യാത്രക്കും പ്രത്യേകിച്ച് പാസുകളൊന്നും ആവശ്യമില്ല. കർണാടകയിൽനിന്ന് പുറത്തേക്ക് പോകുന്നതിന് പാസ് ആവശ്യമായി വരില്ലെങ്കിലും കർണാടകയിലേക്ക് മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്ക് പ്രത്യേക നിബന്ധനകൾ ഉൾപ്പെടുത്തി ആരോഗ്യവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. തീവ്രബാധിത സംസ്ഥാനങ്ങളിൽനിന്ന് ഉൾപ്പെടെ വരുന്നവർ ഈ മാർഗനിർദേശം പാലിക്കണം. ശ്രമിക് ട്രെയിൻ, ആഭ്യന്തര വിമാന സർവിസ് തുടങ്ങിയവക്ക് നേരത്തെയുള്ള മാർഗനിർദേശങ്ങൾ അതുപോലെ തുടരും. രണ്ടാംഘട്ടത്തിൽ സ്കൂളുകളും കോളജുകളും പരിശീലന കേന്ദ്രങ്ങളും തുറക്കുന്നത് സംബന്ധിച്ച് ജൂലൈയിൽ തീരുമാനം എടുക്കും. ഇതിന് മുന്നോടിയായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികളായും രക്ഷിതാക്കളുമായും ചർച്ച നടത്തും. മൂന്നാം ഘട്ടത്തിൽ സാഹചര്യം വിലയിരുത്തിയശേഷം രാജ്യാന്തര വിമാന സർവിസ്, മെട്രോ ട്രെയിൻ സർവിസ്, സിനിമാശാലകൾ, ജിം, സ്വിമ്മിങ് പൂൾ, ബാറുകൾ, ഒാഡിറ്റോറിയം, അസംബ്ലി ഹാൾ തുടങ്ങിയവ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. സാമൂഹിക സാംസ്കാരിക പരിപാടികൾ നടത്തുന്നതും പിന്നീട് തീരുമാനിക്കും. കേന്ദ്ര നിർദേശ പ്രകാരം ഇപ്പോൾ രാത്രി ഏഴു മുതൽ രാവിലെ ഏഴുവരെയുള്ള കർഫ്യൂ രാത്രി ഒമ്പതു മുതൽ രാവിലെ അഞ്ചുവരെയായി കുറക്കും. നിയന്ത്രിത മേഖലയിൽ നിയന്ത്രണം തുടരുകയും ബഫർ സോൺ നിശ്ചയിക്കുകയും ചെയ്യും. 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, പത്തുവയസ്സിന് താഴെയുള്ളവർ തുടങ്ങിയവർ അത്യാവശ്യത്തിനല്ലാതെ വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്നും നിർദേശിക്കുന്നുണ്ട്. കർണാടകയിലേക്ക് വരുന്നവർക്ക് സേവാ സിന്ധു രജിസ്ട്രേഷൻ നിർബന്ധം -പാസിന് അപേക്ഷിച്ചതി‍ൻെറ പകർപ്പുമാത്രം മതിയാകും ബംഗളൂരു: അന്തർ സംസ്ഥാന യാത്രക്ക് പ്രത്യേക പാസ് ആവശ്യമില്ലെങ്കിലും ജൂൺ ഒന്ന് മുതൽ കർണാടകയിലേക്ക് വരുന്നവർ സേവാ സിന്ധു പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. ഇതുസംബന്ധിച്ച വിശദമായ മാർഗനിർദേശം ആരോഗ്യവകുപ്പ് ഞായറാഴ്ച പുറത്തിറക്കി. രജിസ്റ്റർ ചെയ്യുന്നവർ പേരും വിലാസവും മൊബൈൽ നമ്പറും നൽകണം. എന്നാൽ, അപേക്ഷ നൽകി അനുമതിക്കായി കാത്തിരിക്കേണ്ടതില്ല. അപേക്ഷിച്ചതി‍ൻെറ രേഖ മാത്രം മതിയാകും. കുടുംബാംഗങ്ങൾക്കല്ലാതെ ഒരു മൊബൈൽ നമ്പറിൽ ഒന്നിൽ കൂടുതൽ പേർക്ക് അപേക്ഷിക്കാനാകില്ല. കർണാടകയിലൂടെ കടന്നുപോകുന്നവർ ഏതു സംസ്ഥാനത്തേക്കാണ് പോകുന്നതെന്നും കർണാടകയുടെ ഏത് അതിർത്തിയിലൂടെയാണ് പോകുന്നതെന്നും വ്യക്തമാക്കിയിരിക്കണം. അതിർത്തികളിലും വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡിലും ആരോഗ്യ പരിശോധനയുണ്ടാകും. മഹാരാഷ്ട്ര ഒഴികെ കേരളം ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിൽനിന്ന് കർണാടകയിലെത്തുന്നവരെ പരിശോധിച്ച് രോഗലക്ഷണമില്ലാത്തവരെ കൈയിൽ സീൽ പതിപ്പിച്ച് 14 ദിവസത്തെ ഹോം ക്വാറൻറീനിലാക്കും. രോഗലക്ഷണമുള്ളവരെ ഏഴു ദിവസം കോവിഡ് കെയർ സൻെററിൽ നിരീക്ഷണത്തിലാക്കും. തുടർന്ന് രോഗലക്ഷണത്തി‍ൻെറ സ്ഥിതി പരിശോധിച്ച് ഏഴു ദിവസം വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറ്റും. 14 ദിവസം ഹോം ക്വാറൻറീനിൽ കഴിയുന്നവരുടെ വീടി‍ൻെറ വാതിലിൽ ഹോം ക്വാറൻറീൻ പോസ്റ്ററും പതിപ്പിക്കും. തുടർന്ന് റെസിഡൻറ്സ് അസോസിയേഷനുമായി ചേർന്ന് നിരീക്ഷണവും ശക്തമാക്കും. ഹോം ക്വാറൻറീൻ ലംഘിച്ചാൽ കർശന നടപടിയുണ്ടാകും. വീട്ടിലെ നിരീക്ഷണത്തിൽ രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രം പരിശോധന നടത്തും. ഹോം ക്വാറൻറീൻ സൗകര്യമില്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീൻ സൗകര്യത്തിലേക്ക് മാറ്റും. മഹാരാഷ്ട്രയിൽനിന്ന് എത്തുന്നവർക്ക് നിലവിലുള്ള പോലെ ഏഴു ദിവസം ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീനും ഏഴു ദിവസം വീട്ടിൽ നിരീക്ഷണവും തുടരും. ഇതിനിടയിൽ രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ പരിശോധിക്കും. മഹാരാഷ്ട്രയിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ബിസിനസ് ആവശ്യത്തിന് വരുന്നവർ ഏഴുദിവസത്തിനുള്ളിലുള്ള മടക്ക വിമാന, ട്രെയിൻ ടിക്കറ്റ് കാണിച്ചിരിക്കണം. കൂടാതെ രണ്ടുദിവസത്തിൽ കൂടുതൽ പഴക്കമില്ലാത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റും കാണിച്ചാൽ ക്വാറൻറീൻ ഒഴിവാക്കും. ഇവർക്ക് പണം നൽകി കോവിഡ് പരിശോധന നടത്താനുമാകും. മഹാരാഷ്ട്രയിൽനിന്ന് കർണാടക വഴി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവരെ ട്രാൻസിറ്റ് ട്രാവലർ എന്ന സ്റ്റാമ്പ് കൈയിൽ പതിപ്പിക്കും. കർണാടകയിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്ക് നേരത്തെ തന്നെ കർണാടകയുടെ പാസ് ഒഴിവാക്കിയിരുന്നു. പ്രണവം ട്രസ്റ്റ് ഹെൽപ് ഡെസ്ക് ബംഗളൂരു: കോവിഡ്19‍ൻെറ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ബംഗളൂരുവിലെ മലയാളികൾക്ക്് സഹായവുമായി പ്രണവം ട്രസ്റ്റ്. ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികൾക്കാവശ്യമായ സഹായമെത്തിക്കാൻ ഭരണസമിതി തീരുമാനിച്ചതായി ട്രസ്റ്റി‍ൻെറ കാര്യദർശി അഡ്വ. പി.വി. വാസുദേവൻ അറിയിച്ചു. ഫോൺ: 9448406889, ഇ–മെയിൽ: helpsekpranavam@outlook.com
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.