കർണാടകയിൽ ഒറ്റദിവസത്തിൽ 200 കടന്ന് കോവിഡ്

-നാലുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 216 പേർക്ക് രോഗം സ്ഥിരീകരിച്ചു ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1959 ആയി ബംഗളൂരു: കർണാടകയിൽ കോവിഡ്-19 രോഗികളുടെ എണ്ണം ഒറ്റയടിക്ക് 200 കടന്നു. ശനിയാഴ്ച മാത്രം നാലുമാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ 216 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെയുള്ള രോഗികളുടെ എണ്ണം 1959 ആയി ഉയർന്നു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 42 ആയി. ശ്വാസതടസ്സമുൾപ്പെടെയുള്ള ബുദ്ധിമുട്ടുണ്ടായിരുന്ന ബംഗളൂരു സ്വദേശിയായ 32 കാരനാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണിദ്ദേഹം. 216 പേരിൽ 195 പേരും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരാണ്. ഇതിൽ കൂടുതൽ പേരും മഹാരാഷ്ട്രയിൽനിന്നുള്ളവരും. പുതുതായി േരാഗം സ്ഥിരീകരിച്ചവരിൽ നാലു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 30 പേർ 18 വയസ്സിന് താഴെയുള്ളവരാണ്. ശനിയാഴ്ച 11 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതുവരെ 608 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. നിലവിൽ 1307 പേരാണ് ചികിത്സയിലുള്ളത്. ബംഗളൂരു അർബൻ (4), മാണ്ഡ്യ (28), കലബുറഗി (1), ബെളഗാവി (1), ദാവൻഗരെ (3), ചിക്കബെല്ലാപുര (26), യാദ്ഗിർ (72), ഹാസൻ (4), ബിദർ (3), ഉത്തര കന്നട (2), റായ്ച്ചൂർ (40), ദക്ഷിണ കന്നട (3), ഉഡുപ്പി (3), ധാർവാഡ് (5), ഗദഗ് (15), ബെള്ളാരി (3), കോലാർ (3) എന്നിങ്ങനെയാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. യാദ്ഗിർ, റായ്ച്ചൂർ ജില്ലകളിൽ സ്ഥിരീകരിച്ച പോസിറ്റിവ് കേസുകൾ ഭൂരിഭാഗവും മഹാരാഷ്ട്രയിൽനിന്ന് മടങ്ങിയെത്തി നിരീക്ഷണത്തിലായിരുന്നവരാണ്. ഇതിനിടെ, പ്രതിദിന കോവിഡ് പരിശോധനയുടെ എണ്ണം ഇനിയും വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ദിവസേന 11,000 ത്തിലധികം സാമ്പിൾ പരിശോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മേയ് 31ഒാടെ ദിവസേനയുള്ള പരിശോധന പതിനായിരത്തിൽ എത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇക്കഴിഞ്ഞ വ്യാഴാഴ്ച മാത്രം 11,449 പേരുടെ സാമ്പിൾ പരിശോധിച്ചുവെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകർ പറഞ്ഞു. നിശ്ചയിച്ച സമയപരിധിക്കും പത്തു ദിവസം മുമ്പ് ലക്ഷ്യത്തിലെത്താനായി. സാമ്പിൾ പരിശോധനയുടെ എണ്ണം വർധിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് കൂടുതൽ രോഗം സ്ഥിരീകരിച്ചത്. ഇത് രോഗ വ്യാപനം തടയുന്നത് എളുപ്പത്തിലാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോൾ ഒരോ ദിവസവും സ്ഥിരീകരിക്കുന്ന പോസിറ്റിവ് കേസുകളിൽ 80 ശതമാനവും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്കാണെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.