ബംഗളൂരുവിൽനിന്നും ട്രെയിൻ; പ്രതീക്ഷയോടെ മലയാളികൾ

-പാസ് വിതരണം വീണ്ടും ആരംഭിക്കുന്നത് കാത്ത് നിരവധിപേർ ബംഗളൂരു: കർണാടകത്തിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെ ഉൾപ്പെടെ നാട്ടിലെത്തിക്കാൻ നോൺ സ്‌റ്റോപ് ട്രെയിൻ ഏർപ്പെടുത്താനുള്ള ശ്രമവും യാത്രാ പാസുകൾ വീണ്ടും ആരംഭിക്കുമെന്ന പ്രഖ്യാപനവും വന്നതോടെ ലോക്ഡൗണിൽ കുടുങ്ങിയവരിൽ വീണ്ടും പ്രതീക്ഷ. സ്വന്തമായി വാഹനമില്ലാത്തവർ കർണാടകയിൽനിന്നും നാട്ടിലെത്താൻ ബുദ്ധിമുട്ടുന്നതിനിടെയാണ് ബംഗളൂരുവിൽനിന്നും നോൺ സ്റ്റോപ് ട്രെയിൻ അനുവദിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. നാട്ടിലേക്ക് പോകുന്നവർക്കുള്ള യാത്രാ പാസുകൾ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ലെന്നും തിരക്ക് കുറക്കാനുള്ള ക്രമീകരണമാണ് സർക്കാർ ഒരുക്കുന്നതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് യാത്രപുറപ്പെടുന്നവരുടെ സൗകര്യം പരിഗണിച്ചാണെന്നും അദ്ദേഹം അറിയിച്ചു. വാഹനസൗകര്യമില്ലാത്തതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പാസിന് അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ ഒട്ടേറെയാണ്. പാസ് വീണ്ടും അനുവദിച്ചുതുടങ്ങുന്നത് ഇവര്‍ക്ക് ആശ്വാസമാകും. ഇതുവരെ ബംഗളൂരു ഉള്‍പ്പെടെയുള്ള റെഡ്‌സോണില്‍ നിന്ന് നാട്ടിലേക്ക് പോയി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ സര്‍ക്കാര്‍ ക്വാറൻറീനിലേക്ക് മാറ്റുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ, മൈസൂരു എന്നിവിടങ്ങളില്‍ നിന്ന് പോകുന്നവരെ നിര്‍ബന്ധമായും 14 ദിവസത്തെ സര്‍ക്കാര്‍ ക്വാറൻറീനില്‍ പ്രവേശിപ്പിക്കും. 75 വയസ്സ് കഴിഞ്ഞവര്‍, 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് റെഡ് സോണില്‍ നിന്ന് പോവുകയാണെങ്കിലും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. പാസുകള്‍ ഇല്ലാത്തവരെ മുത്തങ്ങ ഉൾപ്പെടെയുള്ള കേരള അതിര്‍ത്തികളിൽ നിന്ന് കടത്തിവിടുന്നില്ല. വെള്ളിയാഴ്ച പാസില്ലാതെ എത്തിയവരെ അതിര്‍ത്തിയില്‍ നിന്ന് തിരിച്ചയക്കുകയായിരുന്നു. അതേസമയം, തമിഴ്നാട് വളഴി നാട്ടിലേക്ക് പോകുന്നവർക്ക് ടാക്സി ലഭിക്കാത്തതും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. തമിഴ്‌നാട്ടിലൂടെ തിരിച്ചുവരാനുള്ള പാസില്ലാത്തതിനാലും ടാക്‌സ് സംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാലും നഗരത്തിലെ ടാക്‌സി ഡ്രൈവര്‍മാര്‍ തമിഴ്‌നാട്ടിലൂടെ പോകാന്‍ വിസമ്മതിക്കുകയാണ്. അതേസമയം, മുത്തങ്ങ വഴിയോ മഞ്ചേശ്വരം വഴിയോ പോകുന്നവര്‍ക്ക് ഇത്തരം ബുദ്ധിമുട്ടുകളില്ല. ട്രാവല്‍ ഏജന്‍സികളും വാഹനം വിട്ടുനല്‍കാന്‍ ഇപ്പോള്‍ തയാറാകുന്നുണ്ട്. സ്വകാര്യ ട്രാവല്‍ ഏജന്‍സികളുമായി നേരിട്ട് ബന്ധപ്പെട്ട് യാത്രക്കാര്‍ വാഹനം ഏര്‍പ്പെടുത്തുമ്പോള്‍ അമിത ചാര്‍ജ് ഈടാക്കുന്നതായും പരാതിയുണ്ട്. സാധാരണ ഈടാക്കുന്നതിനേക്കാള്‍ ഇരട്ടി തുകയാണ് ഇത്തരം ടാക്‌സികള്‍ വാങ്ങുന്നത്. ഇതും പലരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതിന് പരിഹാരമായി ഇതുവരെ പാസ് ലഭിച്ചവരെ നാട്ടിലെത്തിക്കാന്‍ മലയാളം മിഷന്‍ ഹെല്‍പ്‌ ഡെസ്‌ക്ക്, നോര്‍ക്ക ഹെല്‍പ്‌ ഡെസ്‌ക്ക്, എ.ഐ.കെ.എം.സി.സി, കേരള സമാജം, മലയാളി സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ വാഹന സൗകര്യമൊരുക്കുന്നുണ്ട്. പാസുകള്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ മലയാളി സംഘടനകളും പാസുള്ളവരെ മാത്രമേ അതിര്‍ത്തിയിലെത്തിക്കുന്നുള്ളൂ. ബംഗളൂരു കേരളസമാജം ഉള്‍പ്പെടെയുള്ള സംഘടനകള്‍ അതിര്‍ത്തിവരെ ആളുകളെ എത്തിക്കുന്നതിന് ബസ് സജ്ജീകരിക്കാനുള്ള ഒരുക്കത്തിലാണ്. അതിർത്തിവരെ പ്രത്യേക ബസ് സർവിസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.കെ.എം.സി.സിയും കർണാടക ആർ.ടി.സി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.