രാജ്യസഭ: സോണിയ ആവശ്യപ്പെട്ടു; ദേവഗൗഡ മത്സരിക്കും

മല്ലികാർജുൻ ഖാർഗെ പത്രിക നൽകി ബംഗളൂരു: മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡ കർണാടകയിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ട പ്രകാരമാണ് ദേവഗൗഡ മത്സരിക്കുന്നത്. ചൊവ്വാഴ്ച പത്രിക നൽകുമെന്ന് മകനും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി ട്വീറ്റ് ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വന്തം തട്ടകമായ ഹാസൻ പേരമകൻ പ്രജ്വൽ രേവണ്ണക്ക് നൽകി തുമകുരുവിൽ മത്സരിച്ച ദേവഗൗഡ പരാജയപ്പെട്ടിരുന്നു. 1996ൽ പ്രധാനമന്ത്രിയായശേഷം ആദ്യമായി പാർലമൻെറിലെത്താൻ ഒരുങ്ങുകയാണ് 87കാരനായ ദേവഗൗഡ. കർണാടകയിൽ ഒഴിവ് വരുന്ന നാലു രാജ്യസഭാ സീറ്റിലേക്ക് ജൂൺ 19നാണ് തെരഞ്ഞെടുപ്പ്. ഒരു സ്ഥാനാർഥിയെ വിജയിപ്പിക്കാൻ 44 എം.എൽ.എമാരുടെ വോട്ടാണാവശ്യം. 68 എം.എൽ.എമാരുടെ പിന്തുണയുളള കോൺഗ്രസിൻെറ സ്ഥാനാർഥിയായ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ പത്രിക നൽകി. 34 സീറ്റുള്ള ജെ.ഡി.എസിന് കോൺഗ്രസ് വോട്ടിലെ ഒരു പങ്ക് ലഭിച്ചാൽ ഗൗഡക്കും രാജ്യസഭയിലെത്താം. 117 പേരുടെ പിന്തുണയുള്ള ബി.ജെ.പിക്ക് രണ്ടു സ്ഥാനാർഥികളെ വിജയിപ്പിക്കാം. ദേവഗൗഡ മത്സരിച്ചാൽ ബി.ജെ.പി മൂന്നാമതൊരാളെ സ്ഥാനാർഥിയായി നിർത്തുന്നില്ലെന്ന് തീരുമാനിച്ചിരുന്നു. സംസ്ഥാന ബി.ജെ.പി നേതൃത്വം നൽകിയ പ്രഭാകർ കൊറെ, രമേശ് കട്ടി, പ്രകാശ് ഷെട്ടി എന്നിവരെ തള്ളി ആർ.എസ്.എസിലൂടെ ബി.ജെ.പിയിലെത്തിയ ബെളഗാവിയിലെ ഏറണ്ണ കഡാടി, റായ്ച്ചൂരിൽനിന്നുള്ള അശോക് ഗാസ്തി എന്നിവരെയാണ് കേന്ദ്ര നേതൃത്വം സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.