എം.എല്‍.എമാര്‍ക്ക് വെളുത്ത റിബണില്‍ പച്ച മഷികൊണ്ട് നിവേദനം

ചെങ്ങന്നൂര്‍: 44 നദികളെ സൂചിപ്പിക്കുന്നതിന് 44 മീറ്റര്‍ വെളുത്ത റിബണില്‍ കേരളത്തിന്‍െറ പച്ചപ്പ് നിലനിര്‍ത്തുന്നതിന് പച്ച മഷി കൊണ്ട് തയാറാക്കിയ നിവേദനം എല്ലാ എം.എല്‍.എമാര്‍ക്കും നല്‍കാനൊരുങ്ങുകയാണ് ഐക്യ കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്‍റും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പി.എന്‍. നെടുവേലി. 31 സെന്‍റീമീറ്റര്‍ നീളത്തില്‍ ഓരോ എം.എല്‍.എമാരെയും മണ്ഡലങ്ങളെയും അഭിസംബോധന ചെയ്ത് സ്വന്തം രക്തംകൊണ്ട് 141 തള്ളവിരല്‍ മുദ്രണം പതിച്ചിട്ടുണ്ട്. മൃഗ കൊഴുപ്പുകള്‍ ചേര്‍ത്തിട്ടുള്ള വിളക്കെണ്ണകള്‍, പ്ളാസ്റ്റിക് മാലിന്യങ്ങള്‍, പാരാഫിന്‍ വാക്സിന്‍ ചേരുവയുള്ള മെഴുകുതിരികള്‍, രാസപദാര്‍ഥങ്ങള്‍ കലര്‍ത്തി നിര്‍മിക്കുന്ന കര്‍പ്പൂരങ്ങള്‍, ചന്ദനത്തിരികള്‍ എന്നിവ ദിനംപ്രതി മണിക്കൂറുകളോളം അനിയന്ത്രിതമായി കത്തിച്ച് അന്തരീക്ഷ വായുവില്‍ വന്‍തോതില്‍ മലിനവാതകങ്ങള്‍ നിറയുകയാണ്. ആരാധനക്കായി നില്‍ക്കുന്ന പിഞ്ചുകുട്ടികള്‍ അടക്കമുള്ളവര്‍ ദീര്‍ഘനേരം ഈ വിഷവാതകം ശ്വസിക്കാന്‍ ഇടയാകുന്നതിലൂടെ അര്‍ബുദം പോലെയുള്ള മാരകരോഗങ്ങള്‍ പിടികൂടുന്നു. ഓസോണ്‍ പാളികള്‍ക്ക് വിള്ളലുകള്‍ വീഴുകയും ഏഷ്യന്‍ ബ്രൗണ്‍ ക്ളൗഡ്സ് ഉണ്ടാകുകയും ചെയ്യുന്നതായും പി.എന്‍. നെടുവേലി നിവേദനത്തില്‍ പറയുന്നു. 2016 നവംബര്‍ നാലിന് നിലവില്‍വന്ന ആഗോള താപനിയന്ത്രണ കരാര്‍ പാലിക്കാന്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. നിയമസഭ സാമാജികര്‍ക്ക് പുറമെ കേരളത്തില്‍ നിന്നുള്ള ലോക്സഭ-രാജ്യസഭ അംഗങ്ങള്‍ക്കും രണ്ടുമാസമായി ഈ ആവശ്യങ്ങള്‍ അറിയിച്ചെങ്കിലും പ്രഫ.കെ.വി. തോമസ് എം.പിയും തൃശൂര്‍ ഡി.സി.സി പ്രസിഡന്‍റ് ടി.എന്‍. പ്രതാപനും മാത്രമാണ് വിഷയത്തില്‍ ക്രിയാത്മകമായി പ്രതികരിക്കാന്‍ തയാറായിട്ടുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.