സി.പി.ഐ മണ്ഡലം സെക്രട്ടറിയുടെ വീട്ടില്‍ മോഷണം

കായംകുളം: ഗൃഹനാഥന്‍ പുറത്തിറങ്ങിയ തക്കം നോക്കി വീട്ടിനുള്ളില്‍ കടന്ന കള്ളന്‍മാര്‍ അഞ്ചുപവന്‍െറ സ്വര്‍ണാഭരണം കവര്‍ന്നു. സി.പി.ഐ ഭരണിക്കാവ് മണ്ഡലം സെക്രട്ടറി കൃഷ്ണപുരം കാപ്പില്‍മേക്ക് കുരുക്കശ്ശേരില്‍ പ്രശാന്തന്‍െറ വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഉറക്കമുണര്‍ന്ന പ്രശാന്തന്‍ അടുക്കളവാതില്‍ തുറന്ന് വീടിന് പുറത്തുള്ള ശുചിമുറിയിലേക്ക് പോയ സമയത്താണ് കള്ളന്‍ അകത്ത് കടന്നതെന്ന് കരുതുന്നു. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് സ്വര്‍ണമാലയും മേശപ്പുറത്ത് വെച്ചിരുന്ന പ്രശാന്തന്‍െറ ഭാര്യ മഞ്ജുവിന്‍െറ താലിമാലയുമാണ് അപഹരിച്ചത്. അകത്തുകയറിയ കള്ളന്‍മാര്‍ പ്രശാന്തന്‍ ഉറക്കമായതോടെ മുന്‍വാതില്‍ തുറന്നിട്ട് മോഷണം നടത്തുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാക്കളായ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. അലമാരയില്‍ പണം സൂക്ഷിച്ചിരുന്നുവെങ്കിലും ഇത് മോഷ്ടാക്കളുടെ ശ്രദ്ധയില്‍പ്പെട്ടില്ല. സ്ഥലത്ത് എത്തിയ പൊലീസ് പരിസരമാകെ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. മോഷ്ടാക്കള്‍ ധരിച്ചിരുന്ന വസ്ത്രം പരിസരത്തുനിന്നും കണ്ടെടുത്തു. ഇവിടെ മോഷണം നടത്തുന്നതിന് മുമ്പായി പാവൂര്‍ പടീറ്റതില്‍ ബിനുവിന്‍െറ വീടിന്‍െറ അടുക്കളവാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ പിന്തിരിയുകയായിരുന്നു. അടുത്തിടെ പുള്ളിക്കണക്കിലെ ഒരു വീട്ടില്‍നിന്നും 20 ലക്ഷം രൂപയുടെ വജ്ര, സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച നടന്ന സംഭവത്തിലെ പ്രതികളെ ഇതുവരെയും പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. രാത്രിയില്‍ വീട് കുത്തിത്തുറന്ന് അകത്തുകയറിയുള്ള മോഷണം പതിവായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.