ഭക്തിനിറവില്‍ ജില്ലയിലെങ്ങും തൈപ്പൂയക്കാവടിയാട്ടം

ആലപ്പുഴ: ഭക്തിനിറവില്‍ ജില്ലയിലെങ്ങും സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളില്‍ വെള്ളിയാഴ്ച തൈപ്പൂയക്കാവടിയാടി. ഹരിപ്പാട് മഹാക്ഷേത്രം അടക്കമുള്ള പ്രമുഖ സുബ്രഹ്മണ്യക്ഷേത്രങ്ങളിലെല്ലാം ആയിരക്കണക്കിന് കാവടികളാണ് ആടിയത്. തെക്കന്‍പളനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കാവടി എഴുന്നള്ളിപ്പ് നാലുമണിക്കൂറിലേറെ നീണ്ടു. കുട്ടികളടക്കം ആയിരക്കണക്കിന് ഭക്തരാണ് കാവടിയെടുത്തത്. പുത്തനമ്പലം ക്ഷേത്രം, അമ്പലപ്പുഴ നവരാക്കല്‍ ക്ഷേത്രം, കലവൂര്‍ സുബ്രഹ്ണ്യസ്വാമി ക്ഷേത്രം, ഹരിപ്പാട് ക്ഷേത്രം, ചെറിയനാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും വിവിധയിനം കാവടി എഴുന്നള്ളിപ്പും അഭിഷേകവും നടന്നു. എണ്ണക്കാവടി, ശര്‍ക്കരക്കാവടി, ഭസ്മക്കാവടി, കരിക്ക്, പനിനീര്, പാല്‍ക്കാവടികള്‍, ശൂലക്കാവടികള്‍ എന്നിവയും ഉണ്ടായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം കാവടിഭക്തര്‍ ക്ഷേത്രങ്ങളില്‍ തമ്പടിക്കുകയും വെളുപ്പിന് ദ്രവ്യങ്ങള്‍ നിറച്ച് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് മേളങ്ങളുടെ അകമ്പടിയോടെ പുറപ്പെടുകയും ചെയ്തു. ധാരാളം അറുമുഖ കാവടികളും എത്തിയിരുന്നു. അമ്മന്‍കുടം, മുത്തുക്കുട, പമ്പമേളം, നാഗസ്വരം തുടങ്ങിയ വാദ്യഘോഷങ്ങളോടെയാണ് കാവടികള്‍ ക്ഷേത്രത്തിലത്തെിയത്. പല ക്ഷേത്രങ്ങളിലും രാത്രി ഒമ്പതുവരെ കാവടിയാട്ടം തുടര്‍ന്നു. ചെറിയനാട് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ കാവടിയാട്ടം ദര്‍ശിക്കാനായി ആയിരങ്ങളാണ് എത്തിയത്. രാവിലെ 8.45ന് തൃപ്പുലിയൂര്‍ മഹാവിഷ്ണുക്ഷേത്രം, നെടുവരംകോട് മഹാദേവക്ഷേത്രം, ചെറുവല്ലൂര്‍ കിരാതന്‍കാവ് ക്ഷേത്രം എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച കാവടിയാട്ടങ്ങള്‍ 11ന് ചെറിയനാട് പടനിലം ക്ഷേത്ര മൈതാനിയില്‍ സംഗമിച്ച് ക്ഷേത്രത്തിലത്തെി. തുടര്‍ന്ന് ഭഗവാന് അഭിഷേകം നടത്തി. വൈകുന്നേരം പടിഞ്ഞാറ്റുംമുറി കാവടി സ്വാമിമാരുടെ നിറമാലയോടെ സമാപനമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.