അമ്പലപ്പുഴയിലെ മരണം: പൊ​ലീ​സി​നെ കു​ഴ​ക്കി​യ​ത്​ ദ​മ്പ​തി​ക​ളു​ടെ മ​ര​ണ​​മൊ​ഴി

ആലപ്പുഴ: ഇടുക്കി സ്വദേശികളായ ദമ്പതികളെ ചിട്ടിക്കമ്പനി ഉടമയുടെ വീട്ടിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പൊലീസിനെ കുഴക്കിയത് ദമ്പതികളുടെ മരണമൊഴി. സുരേഷ് പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാണ് ദമ്പതികൾ മരണമൊഴി നൽകിയത്. എന്നാൽ, ഇത് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവ് െപാലീസിന് ലഭിച്ചില്ല. ഫോറന്‍സിക് വിഭാഗത്തി‍െൻറ പ്രാഥമിക റിപ്പോര്‍ട്ടും ശേഖരിച്ച തെളിവുകളുമെല്ലാം ദമ്പതികള്‍ ആത്മഹത്യചെയ്തതാണെന്ന നിഗമനത്തിലേക്കാണെത്തിയത്. പെട്രോളൊഴിച്ച് കൊന്നതാണെന്ന വാദത്തിന് മരണമൊഴി മാത്രമാണ് െപാലീസിന് ഉണ്ടായിരുന്നത്. മരണ മൊഴിക്ക് നിയമത്തിലും വിചാരണ വേളയിലും ഏറെ പ്രാധാന്യമുള്ളതിനാൽ പഴുതടച്ചുള്ള അന്വേഷണമാണ് നടത്തിയത്. ഒടുവിൽ സുരേഷിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താന്‍ െപാലീസ് തീരുമാനിക്കുകയും ബുധനാഴ്ച വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ചിട്ടിനടത്തിപ്പുകാരന്‍ സുരേഷിനെ ഇത്രയും ദിവസം ചോദ്യംചെയ്തിട്ടും നേരേത്ത പറഞ്ഞതില്‍നിന്ന് മാറ്റമുണ്ടായില്ല. ദമ്പതികള്‍ സ്വയം തീകൊളുത്തിയതാണെന്നും സംഭവം നടന്നശേഷമാണ് താന്‍ വീട്ടിലെത്തിയതെന്നുമാണ് സുരേഷി‍െൻറ മൊഴി. ഇയാളുടെ ഭാര്യയില്‍നിന്നും മകനില്‍നിന്നും െപാലീസ് മൊഴിയെടുത്തിരുന്നു. സംഭവം നടന്ന അമ്പലപ്പുഴയിലെ വീട്ടുമുറ്റത്തുനിന്ന് കുടിവെള്ളക്കുപ്പി ലഭിച്ചിരുന്നു. ഈ കുപ്പിവെള്ള കമ്പനിക്ക് അമ്പലപ്പുഴയില്‍ വിതരണശൃംഖലയില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവം നടക്കുന്നതിനുമുമ്പ് ആത്മഹത്യ ചെയ്തേക്കുമെന്ന് വേണു സുഹൃത്തിനെ വിളിച്ച് പറഞ്ഞ ശബ്ദ സംഭാഷണവും െപാലീസ് ശേഖരിച്ചു. ശരീരഭാഗം പൂർണമായും കത്തിയശേഷമാണ് ദമ്പതികളുടെ പിന്‍ഭാഗം പൊള്ളിയെന്ന ഫോറന്‍സിക് വിഭാഗം റിപ്പോര്‍ട്ടും ആത്മഹത്യ സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടിയത്. സംഭവം നടക്കുമ്പോള്‍ സുരേഷ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നതിന് മൊബൈൽ ടവർ ലൊക്കേഷനുകളുമായി ബന്ധപ്പെടുത്തിയുള്ള ശാസ്ത്രീയ തെളിവുകളും െപാലീസ് ശേഖരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.