ചെറിയ മുതല്‍മുടക്കില്‍ വലിയനേട്ടം; ജൈവകൃഷിയില്‍ താരമായി പ്രകാശന്‍

വടുതല: ജൈവപച്ചക്കറി കൃഷിയില്‍ വിജയം കൈവരിച്ച് വടുതലയിലെ താരമാവുകയാണ് നികര്‍ത്തില്‍ പ്രകാശന്‍. നദ്വത്ത് നഗര്‍ മധുരക്കുളം സിറാജ് പള്ളിക്ക് സമീപത്തെ പ്രകാശന്‍െറ കൃഷിത്തോട്ടം കാണാന്‍ സന്ദര്‍ശകരുടെ തിരക്കാണ്. തോട്ടത്തിലേക്ക് കയറുമ്പോള്‍ത്തന്നെ കാണുന്നത് ഇരുവശങ്ങളിലും വിളഞ്ഞുനില്‍ക്കുന്ന ചുവപ്പുനിറത്തിലുള്ള വെണ്ടക്കയാണ്. കൂടാതെ ചേമ്പ്, ചേന, പാവല്‍, പീച്ചില്‍, പയര്‍ തുടങ്ങിയവയും കൃഷിചെയ്യുന്നു. 40 സെന്‍റ് സ്ഥലത്താണ് കൃഷി. ജില്ലാ പഞ്ചായത്തിന്‍െറയും ഗ്രാമ പഞ്ചായത്തിന്‍െറയും ഇരുപതോളം പുരസ്കാരവും പ്രകാശനെ തേടി എത്തി. വര്‍ഷങ്ങളായി കൃഷിചെയ്യുന്ന പ്രകാശന്‍െറ ഏക വരുമാന മാര്‍ഗം ഇതാണ്. അധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കില്‍ ചെറിയ മുതല്‍മുടക്കില്‍ വലിയനേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്ന പുതിയ പാഠം നാട്ടുകാര്‍ക്ക് പകര്‍ന്നുനല്‍കുകയാണ് ഇയാള്‍. കലവൂരില്‍ നിന്ന് ചെറിയ മുതല്‍മുടക്കില്‍ വിത്തുകള്‍ വാങ്ങിയാണ് കൃഷിചെയ്യുന്നത്. കൃഷിയെ ചെറുപ്പം മുതല്‍ സ്നേഹിക്കുന്ന പ്രകാശന്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവുകയാണ്. ചാണകം മുതലായ ജൈവവളങ്ങളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. വിളവെടുപ്പും നടന്നുവരുകയാണ്. സഹായത്തിന് സുഹൃത്തായ പരമേശ്വരനും ഉണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.