കുട്ടനാട്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതില്‍നിന്നുണ്ടായ അമിത വൈദ്യുതിപ്രവാഹത്തില്‍ വീട്ടിനുള്ളില്‍ നിന്ന വീട്ടമ്മ വൈദ്യുതാഘാതമേറ്റ് ഗുരുതരാവസ്ഥയിലാവുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ വൈദ്യുതി വകുപ്പിന്‍െറ അനാസ്ഥ പുറത്തുവരുന്നു. പുന്നപ്ര തെക്ക് പഞ്ചായത്തില്‍ ആറാം വാര്‍ഡ് ഒമ്പതില്‍ചിറയില്‍ ഷാജിയുടെ ഭാര്യ സുധര്‍മയാണ് (43) ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്. പുന്നപ്ര സ്വദേശികളായ തെക്കേച്ചിരിയില്‍ ലാലി, നല്ലൂപറമ്പില്‍ പ്രവീണ എന്നിവര്‍ക്ക് നിസ്സാര പരിക്കേറ്റു. ഞായറാഴ്ച രാവിലെ 9.45ഓടെ ഉണ്ടായ അപകടത്തില്‍ നാട്ടുകാരുടെയും ബന്ധുക്കളുടെയും സമയോചിത രക്ഷാപ്രവര്‍ത്തനമാണ് സുധര്‍മക്ക് രക്ഷയായത്. വീട്ടിനുള്ളില്‍ മാതാവ് ജാനമ്മയുമായി സംസാരിച്ചുനിന്ന സുധര്‍മ ഷോക്കേറ്റ് തലയടിച്ച് പിടഞ്ഞുവീഴുകയായിരുന്നു. സംഭവസമയം വീടിന് മറുകരയിലെ വെട്ടിക്കരി പാടശേഖരത്തിന്‍െറ വടക്കേ ബണ്ടിലുള്ള മോട്ടോര്‍തറയുടെ സമീപത്ത് സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ ഉഗ്രസ്ഫോടനത്തോടുകൂടി പൊട്ടിത്തറിച്ചിരുന്നു. അതില്‍നിന്നുള്ള അമിത വൈദ്യുതിപ്രവാഹമാണ് വൈദ്യുതാഘാതമേല്‍ക്കാന്‍ കാരണമായതെന്ന് പിന്നീട് ബോധ്യപ്പെട്ടു. വീഴ്ചയില്‍ നടുവിനും തലക്കുമേറ്റ ക്ഷതത്തില്‍നിന്ന് അവര്‍ ഇനിയും മോചിതയായിട്ടില്ല. ഹൃദയത്തിനും വൃക്കകള്‍ക്കും ക്ഷതം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സംശയിക്കുന്നു. അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ മാത്രമേ പൂര്‍ണവിവരം അറിയാന്‍ കഴിയൂവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ട്രാന്‍സ്ഫോര്‍മര്‍ അപകടഭീഷണിയിലാണെന്ന് സമീപവാസികള്‍ മൂന്നുദിവസം മുമ്പ് ബന്ധപ്പെട്ട വൈദ്യുതി ഓഫിസായ ചമ്പക്കുളത്ത് അറിയിച്ചിരുന്നു. ഇതിനുമുമ്പ് പലതവണ ചെറിയ സ്ഫോടനങ്ങള്‍ ഉണ്ടായിട്ടും അത് അവഗണിച്ചതാണ് ഇത്തരത്തിലെ അപകടത്തിന് കാരണമായതെന്നും പരാതിയുണ്ട്. സംഭവത്തിന് തലേദിവസം രാത്രിയില്‍ വന്‍തോതില്‍ തീ പടരുന്നത് ശ്രദ്ധയില്‍പെട്ട സമീപവാസികള്‍ ഫോണില്‍ വിളിച്ച് അറിയിച്ചിട്ടും അധികാരികള്‍ അത് അവഗണിക്കുകയായിരുന്നു. അപകടം നടന്നത് അറിയിച്ചിട്ടും മണിക്കൂറുകള്‍ക്കുശേഷമാണ് അധികൃതര്‍ സംഭവസ്ഥലത്ത് എത്തിയതെന്നും ആക്ഷേപമുണ്ട്. അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന ഒന്നിലേറെ ട്രാന്‍സ്ഫോര്‍മറുകള്‍ ഇതിന് സമീപത്ത് ഇപ്പോഴുമുണ്ട്. സംഭവത്തില്‍ ഗുരുതര പരിക്കേറ്റ കുടുംബത്തിന് അടിയന്തര സഹായമത്തെിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.