ചേര്‍ത്തല-അരൂക്കുറ്റി റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കും

വടുതല: കുഴികളും വെള്ളക്കെട്ടുമായി മാസങ്ങളായി സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്ന ചേര്‍ത്തല-അരൂക്കുറ്റി റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കുന്നു. ഇതിനായി 28 ലക്ഷം രൂപയുടെ കരാറായി. അരൂര്‍ അമ്പലം മുതല്‍ അരൂക്കുറ്റി പാലം വരെയാണ് നിര്‍മാണം. ഇതിനുള്ള തുക വാട്ടര്‍ അതോറിറ്റി നല്‍കിയിട്ടുണ്ട്. റോഡ് നിര്‍മാണം പൂര്‍ത്തിയായാല്‍ ഉടന്‍ കരാറുകാരന് തുക നല്‍കും. ഒരുമാസം മുമ്പ് താല്‍ക്കാലികമായി റോഡിലെ കുഴികള്‍ അടച്ച് ബന്ധപ്പെട്ടവര്‍ മുങ്ങിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം റോഡ് തകര്‍ന്നു. അരൂര്‍ ബി.എസ്.എന്‍.എല്‍ ഓഫിസിന് മുന്നിലാണ് വന്‍കുഴികള്‍. നൂറില്‍പരം ഇരുചക്ര വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെട്ടത്. നിരവധി വളവുകളുള്ള റോഡ് ഇപ്പോഴും ഒരു പുരോഗതിയുമില്ലാതെ നില്‍ക്കുകയാണ്. അരൂര്‍-അരൂക്കുറ്റി പാലം വന്നതിന് ശേഷം വാഹനങ്ങള്‍ കൂടുകയും റോഡിന് മതിയായ വീതിയില്ലാത്തതും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി. ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്‍െറ വീതി കൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ അധികാരികള്‍ക്ക് നിവേദനങ്ങളും പരാതികളും നല്‍കിയിട്ടും നടപടിയും ഉണ്ടായില്ല. ചേര്‍ത്തല, അരൂര്‍, വൈറ്റില, ഇടക്കൊച്ചി, എറണാകുളം എന്നിവിടങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി ബസുകളടക്കം നൂറുകണക്കിന് ബസുകളാണ് ദിനേന ഇതുവഴി സര്‍വിസ് നടത്തുന്നത്. കൂടാതെ അരൂര്‍ വ്യവസായ മേഖലയിലേക്ക് പോകുന്ന ചെറുതും വലുതുമായ അനേകം വാഹനങ്ങളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. മഴക്കാലമായതോടെ റോഡിന്‍െറ മിക്ക ഭാഗങ്ങളിലും വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടായി വെള്ളം കെട്ടിക്കിടന്ന് രാത്രി ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അരൂര്‍ ദേശീയപാതയില്‍നിന്ന് അരൂക്കുറ്റി പാലത്തിന് സമീപം വരെ വന്നിട്ടുള്ള വട്ടക്കേരി റോഡ് വഴി വണ്‍വേ ട്രാഫിക് ആക്കിയാല്‍ അപകടങ്ങളും തിരക്കും കുറയും. ജപ്പാന്‍ കുടിവെള്ള വിതരണ പൈപ് പൊട്ടി റോഡ് പൊളിഞ്ഞ ഭാഗം ഇനിയും നന്നാക്കാത്തതിനാല്‍ അപകടങ്ങള്‍ വര്‍ധിക്കുന്നുണ്ട്. റോഡിന്‍െറ പകുതിയോളം സഞ്ചാരയോഗ്യമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.