മണ്ണഞ്ചേരിയില്‍ ആഴ്ചച്ചന്ത ആരംഭിക്കുന്നു

മണ്ണഞ്ചേരി: ഒരു നൂറ്റാണ്ടിലേക്കടുക്കുന്ന മണ്ണഞ്ചേരി അങ്ങാടിയുടെ പൂര്‍വകാലസ്മരണ നിലനിര്‍ത്തി പഴയങ്ങാടി മാള്‍ എന്ന പേരില്‍ ആഴ്ച ച്ചന്ത ആരംഭിക്കുന്നു. വ്യാപാരി വ്യവസായിസമിതിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം എട്ടുമുതല്‍ 18 വരെ നടക്കുക്കുന്ന ‘ഓണോത്സവം വ്യാപാരമേള -2016’ന്‍െറ ഭാഗമായാണ് ആഴ്ചച്ചന്ത തുടങ്ങുന്നത്. വ്യാഴാഴ്ച രാവിലെ ഏഴിന് കലക്ടര്‍ വീണ മാധവന്‍ വള്ളക്കടവില്‍ മാള്‍ ഉദ്ഘാടനം ചെയ്യും. വ്യാപാരമേള ചെയര്‍മാന്‍ അഡ്വ. ആര്‍. റിയാസ് അധ്യക്ഷത വഹിക്കും. ആര്യാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഷീന സനല്‍കുമാര്‍ മുഖ്യാതിഥിയാകും. കോഓഡിനേറ്റര്‍ അസ്ലം ബി. കോര്യംപള്ളി പദ്ധതി വിശദീകരിക്കും. പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമണി ഗോപിനാഥ് ആദ്യ വില്‍പന നടത്തും. ജില്ലാ പഞ്ചായത്തംഗം പി.എ. ജുമൈലത്ത് ഏറ്റുവാങ്ങും. ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് മുസ്തഫ, യൂനിറ്റ് പ്രസിഡന്‍റ് അബ്ദുല്‍ നിസാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എല്ലാ വെള്ളിയാഴ്ചയും പുലര്‍ച്ചെ ആറുമുതല്‍ രാവിലെ 10 വരെയാണ് ചന്ത. മണ്ണഞ്ചേരി പഞ്ചായത്തില്‍ ഉല്‍പാദിപ്പിക്കുന്ന വസ്തുക്കള്‍ ഇടനിലക്കാര്‍ ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് വില്‍ക്കാനാണ് മാള്‍ പ്രവര്‍ത്തിക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. ജൈവപച്ചക്കറി, കായല്‍ മത്സ്യങ്ങള്‍, പഴവര്‍ഗങ്ങള്‍, കോഴി-താറാവ്- ആടുമാടുകള്‍, പച്ചക്കറിവിത്തുകള്‍, കുടുംബശ്രീ ഉല്‍പന്നം, നാടന്‍ ഗൃഹോപകരണങ്ങളായ തഴപ്പായ, ചട്ടി, കൊട്ട തുടങ്ങിയവയും പഴയങ്ങാടിയില്‍ സജ്ജീകരിക്കുന്നുണ്ട്. പഴയങ്ങാടി മാളില്‍ പഞ്ചായത്തിലെ ആര്‍ക്കും വ്യാപാരം നടത്താനുള്ള സൗകര്യമുണ്ട്. വ്യാപാരം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ മണ്ണഞ്ചേരി അടിവാരം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സമിതി ഓഫിസില്‍ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.