ആലപ്പുഴ: യാത്രക്കിടെ ‘ശങ്ക’ മാറ്റാൻ അടുത്തുള്ള ശുചിമുറി കണ്ടെത്താനുള്ള ശുചിത്വമിഷന്റെ ‘ക്ലൂ’ (KLOO) ആപ്പിൽ ആദ്യഘട്ടത്തിൽ ജില്ലയിൽ ചേർത്തിട്ടുള്ളത് 36 എണ്ണം. ‘മാലിന്യമുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ സജ്ജമാക്കിയ ആപ്പിലാണിത്.
നിലവിൽ ദേശീയപാത, സംസ്ഥാനപാത എന്നിവയുടെ സമീപത്തെ ശുചിമുറികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ പൊതുടോയ്ലറ്റുകളും ടേക് എ ബ്രേക്ക് കൗണ്ടറുകളും സ്വകാര്യ ഹോട്ടലുകളുമുണ്ട്.
ജില്ലയിൽ ചിങ്ങോലി, ചേപ്പാട്, ചേർത്തല താലൂക്ക് ആശുപത്രി, പാണാവള്ളി, വെള്ളിയാംകുളം, മുഹമ്മ എന്നിവിടങ്ങളിലെ ടേക് എ ബ്രേക്ക് ശുചിമുറികൾ, അമ്പലപ്പുഴ, പുന്നമട, ചേർത്തല, കല്ലിശേരി, ആലപ്പുഴ സ്വകാര്യ ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലെ പൊതുശുചിമുറികളുമുണ്ട്. ഇവക്ക് പുറമെ കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷനുമായി സഹകരിച്ച് 10 ഹോട്ടലുകളിലെയും 15 റസ്റ്റാറന്റുകളിലെയും ശുചിമുറികളും ഉൾപ്പെടുത്തി. ജില്ലയിൽ ആലപ്പുഴ, ചേർത്തല, മാവേലിക്കര, ദേശീയപാത 66 നഗരങ്ങളിലാണ് കൂടുതൽ ശുചിമുറികളുള്ളത്.
ചേർത്തലയിലാണ് ഏറ്റവും കൂടുതൽ ‘ക്ലൂ’ ഉള്ളത്. എന്നാൽ, കൂടുതൽ ആളുകൾ എത്തുന്ന ആലപ്പുഴ ബീച്ചടക്കമുള്ള സ്ഥലങ്ങളിലെ ശുചിമുറി സൗകര്യങ്ങളെക്കുറിച്ച് വിവരമില്ലെന്നതാണ് പോരായ്മ.
പ്രവർത്തനം ഇങ്ങനെ
ക്ലൂ ആപ് ഗൂഗിൾ മാപ്പ് അധിഷ്ഠിതമായതിനാൽ സാങ്കേതിക പരിജ്ഞാനം കുറഞ്ഞവർക്കും ഉപയോഗിക്കാനാകും. നിലവിൽ ആൻഡ്രോഡ് ഫോണിലെ പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ആപ് തുറന്ന് ലൊക്കേഷൻ നൽകിയാൽ സമീപത്തെ ശുചിമുറികൾ കാണിക്കും. ഇവയിൽ ക്ലിക്ക് ചെയ്താൽ ശുചിമുറിയുടെ സ്ഥാനം, പ്രവർത്തന സമയം, പാർക്കിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ, ഉപയോക്താക്കളുടെ റേറ്റിങ് എന്നിവ അറിയാം. ആപ്പിന്റെ ഐ.ഒ.എസ് പതിപ്പും ഉടനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.