ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പും സ്ഥാനാർഥി ചർച്ചകളും മൂന്ന് മുന്നണികളിലും സജീവം. ഔദ്യോഗിക ചർച്ചകൾ തുടങ്ങിയിട്ടില്ലെങ്കിലും പ്രാഥമിക ചർച്ചകൾ നേതാക്കൾക്കിടയിൽ സജീവമാണ്. ജില്ലയിൽ നിന്നുള്ള നിർദേശങ്ങൾ എല്ലാ പാർട്ടികളും സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ച് കഴിഞ്ഞു.
ചില പാർട്ടികൾ വിജയസാധ്യത അന്വേഷിക്കാൻ പുറമെനിന്ന് ഏജൻസികളെ നിയോഗിച്ചിരുന്നു. കോൺഗ്രസ് ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. സി.പി.എമ്മിന് ഏജൻസിയുടെ ആവശ്യമില്ലെന്നും പാർട്ടി പ്രവർത്തകരിലൂടെ താഴെ തട്ടിൽവരെയുള്ള ജനങ്ങളുടെ മനോഭാവം മനസ്സിലാക്കാനുള്ള സംവിധാനം ഉണ്ടെന്നും സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ പറയുന്നു.
പാർലമെന്‍റ് തെരഞ്ഞെടുപ്പിലെയും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെയും വോട്ട് നില കണക്കാക്കി ബി.ജെ.പി ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളെ പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അതിൽ ‘എ’ ക്ലാസിൽ പെടുന്ന മണ്ഡലങ്ങളിൽ പ്രമുഖ സ്ഥാനാർഥികളെ രംഗത്തിറക്കാൻ നീക്കം തുടങ്ങിക്കഴിഞ്ഞു.
ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിൽ ഹരിപ്പാട് മാത്രമാണ് നിലവിൽ യു.ഡി.എഫിന്‍റെ കൈയിലുള്ളത്. നിലവിലെ സ്ഥിതിയിൽ ഇടതുപക്ഷത്തിന് ഉറച്ചു പറയാവുന്ന മണ്ഡലങ്ങൾ മാവേലിക്കരയും ചേർത്തലയുമാണ്. ചെങ്ങന്നൂരും ഒരുപക്ഷേ അവര്‍ക്കൊപ്പം നിന്നേക്കാം. ബാക്കി അഞ്ച് സീറ്റുകളില്‍ നാലെണ്ണത്തിൽ യു.ഡി.എഫിനാണ് മുൻതൂക്കം കൽപ്പിക്കപ്പെടുന്നത്. കായംകുളത്ത് ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുണ്ട്. ഇതെല്ലാം മുൻ നിർത്തിയാണ് മൂന്നു മുന്നണികളും സ്ഥാനാർഥികളെ പരിഗണിക്കുന്നത്.
കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി ഇന്ന് ചേർന്നേക്കും
കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരുന്നുണ്ട്. മധുസുദനൻ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള നാലംഗ ദേശീയ നേതാക്കളുടെ സംഘമാണ് കമ്മിറ്റിയിലുള്ളത്. കോൺഗ്രസ് ജില്ല നേതൃത്വങ്ങൾ നൽകിയ റിപ്പോർട്ടുകൾ കമ്മിറ്റി പരിഗണിക്കും. വിജയസാധ്യത മുൻനിർത്തി ഓരോ മണ്ഡലത്തിൽ നിന്നും ഒന്നിലേറെ പേരുകൾ ഡി.സി.സി നേതൃത്വം സ്ക്രീനിങ് കമ്മിറ്റിക്ക് നൽകിയിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ്, കെ.സി. വേണുഗോപാൽ, എ.ഐ.സി.സി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കമ്മിറ്റി തയാറാക്കുന്ന പട്ടിക എ.ഐ.സി.സിക്ക് സമർപ്പിക്കും. കോൺഗ്രസ് നേതൃത്വം നിയോഗിച്ച ഏജൻസിയുടെ റിപ്പോർട്ട് രാഹുൽഗാന്ധിക്ക് സമർപ്പിച്ചിട്ടുണ്ട്. അതിലെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അരൂരിൽ ഷാനിമോൾ ഉസ്മാൻ, എം. ലിജു, എം.ജെ. ജോബ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ജാതി, മത സമവാക്യം അനുസരിച്ച് പരിഗണിക്കുന്നതിനാണ് ഇത്രയും പേരുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. ചേർത്തലയിൽ കെ.ആർ. രാജേന്ദ്രപ്രസാദ്, വി.എൻ. അജയൻ, സി.കെ. ഷാജിമോൻ, ഡോ. കെ.എസ്. മനോജ് എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. ആലപ്പുഴയിൽ എ.എ. ഷുക്കൂർ, എം. ലിജു, എം.ജെ. ജോബ് എന്നിവരുടെ പേരുകളാണുള്ളത്.
അമ്പലപ്പുഴയിലും ഇവർ മൂന്നു പേരെയും പരിഗണിക്കുന്നുണ്ട് കൂടാതെ അനിൽ ബോസിനെയും പരിഗണിക്കുന്നു. കായംകുളത്ത് അരിത ബാബു, ബാബു പ്രസാദ്, അഡ്വ. കെ.പി. ശ്രീകുമാർ എന്നിവരെ പരിഗണിക്കുന്നുണ്ട്. ചെങ്ങന്നൂരിൽ ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ മത്സരിപ്പിക്കണമെന്നാണ് പൊതു അഭിപ്രായം. ഉമ്മൻ ചാണ്ടിയുടെ കുടുംബം അതിന് തയാറായിട്ടില്ല. യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയെയും ചെങ്ങന്നൂരിൽ പരിഗണിക്കുന്നുണ്ട്. മാവേലിക്കരയിൽ അഡ്വ. മുത്താര രാജ്, മിഥുൻ, മീനു സജീവ് എന്നിവർ പരിഗണനയിലാണ്. ഹരിപ്പാട്ട് രമേശ് ചെന്നിത്തലതന്നെ മത്സരിക്കും. കുട്ടനാട് സീറ്റ് കേരള കോൺഗ്രസിനാണ്.
ഇടതുമുന്നണി എം.എൽ.എമാരിൽ ചിലരെ മാറ്റിയേക്കും
സി.പി.എമ്മിൽ സ്ഥാനാർഥി ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നാണ് ജില്ല സെക്രട്ടറി ആർ. നാസർ പറയുന്നത്. എന്നാൽ വിജയസാധ്യത മുൻനിർത്തി നിലവിലെ എം.എൽ.എമാരിൽ ചിലരെ മാറ്റാനും പുതുമുഖങ്ങളെ രംഗത്തിറക്കാനും ആലോചിക്കുന്നതായാണ് വിവരം. അരൂരിൽ നിലവിലെ എം.എൽ.എ ദലീമ ജോജോ മാറണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്. പകരം എ.എം. ആരിഫിനെ പരിഗണിക്കണമെന്നാണ് ആവശ്യം. സംസ്ഥാന നേതൃത്വം അതിന് സമ്മതം മൂളാൻ സാധ്യത കുറവാണെന്നും പറയപ്പെടുന്നു. ചേർത്തലയിൽ സി.പി.ഐയിലെ പി. പ്രസാദ് തന്നെയാകും സ്ഥാനാർഥി.
ആലപ്പുഴയിൽ നിലവിലെ എം.എൽ.എ ജെ. ചിത്തരഞ്ജനെതന്നെയാണ് പരിഗണിക്കുന്നത്. അമ്പലപ്പുഴയിൽ എച്ച്. സലാമിന് വിജയസാധ്യത ഇല്ലാത്തതിനാൽ പകരം ആളെ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. ജി. സുധാകരനെത്തന്നെ മത്സരിപ്പിച്ചാൽ മണ്ഡലം നിലനിർത്താമെന്ന അഭിപ്രായം പാർട്ടിയിലുണ്ട്. വി.എസ്. അച്യുതാനന്ദന്‍റെ മകൻ വി.എ. അരുൺകുമാറിന് വേണ്ടിയും ഒരുകൂട്ടർ വാദിക്കുന്നുണ്ട്.
അതിനും വിജയസാധ്യത ഉറപ്പില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്‍റെ വിലയിരുത്തൽ എന്നറിയുന്നു. ഹരിപ്പാട് മണ്ഡലം ഇത്തവണയും ഘടകക്ഷിയായ സി.പി.ഐക്കുതന്നെ നൽകും. അവിടെ ആരെ സ്ഥാനാർഥിയാക്കുമെന്നതിൽ സി.പി.ഐ നേതൃത്വം തീരുമാനമെടുത്തിട്ടില്ല.
കായംകുളത്ത് നിലവിലെ എം.എൽ.എ യു. പ്രതിഭക്ക് തന്നെയാണ് പ്രഥമ പരിഗണന. രണ്ട് ടേം എന്ന മാനദണ്ഡം കർശനമാക്കിയാൽ പ്രതിഭയെ മാറ്റി സി.പി.എം ജില്ല സെക്രട്ടറി ആർ. നാസറിനെ പരിഗണിക്കും. അമ്പലപ്പുഴയിലും നാസറിനെ പരിഗണിക്കുന്നുണ്ട്. ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാൻ തന്നെ വീണ്ടും മത്സരിക്കും. മാവേലിക്കരയിൽ വി.എ. അരുൺകുമാർ വീണ്ടും മത്സരിക്കും. കുട്ടനാട് സീറ്റ് ഏറ്റെടുക്കില്ലെന്ന് സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്. എൻ.സി.പിയിലെ തോമസ് കെ. തോമസ് വീണ്ടും മത്സരിച്ചേക്കും. കേരള കോൺഗ്രസ് (എം) കുട്ടനാട് സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
അമ്പലപ്പുഴയും കായംകുളവും ലക്ഷ്യമിട്ട് ബി.ജെ.പി
ബി.ജെ.പി ജില്ലയിൽ അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളിലാണ് വിജയസാധ്യത കാണുന്നത്. കായംകുളത്ത് ശോഭ സുരേന്ദ്രൻ മത്സരിക്കാനാണ് സാധ്യത. ചെങ്ങന്നൂരിൽ ബി.ജെ.പി തെക്കൻ മേഖല പ്രസിഡന്‍റ് സന്ദീപ് വാചസ്പദി മത്സരിച്ചേക്കും. അമ്പലപ്പുഴയിലും സന്ദീപിനെ പരിഗണിക്കുന്നുണ്ട്. കുട്ടനാട് സീറ്റ് ബി.ഡി.ജെ.എസിന് നൽകുകയാണെങ്കിൽ തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിച്ചേക്കും. ആലപ്പുഴയിൽ കെ.എസ്. രാധാകൃഷ്ണനാണ് ബി.ജെ.പി പട്ടികയിലുള്ളതെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.