രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃസ്ഥാനം : ചെന്നിത്തലയിലും ഹരിപ്പാട്ടും ആഹ്ളാദം

ആലപ്പുഴ: ചെന്നിത്തലക്കാരുടെ മനസ്സില്‍ ഏറെനാളായി നിലനിന്നിരുന്ന മോഹം പൂവണിയുന്നതിന്‍െറ തുടക്കമായാണ് രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃസ്ഥാനത്തെ നാട്ടുകാര്‍ കാണുന്നത്. തങ്ങളുടെ രമേശ് ഭാവിമുഖ്യമന്ത്രിയാകുന്നതിന്‍െറ സൂചനയാണിതെന്നും മുഖ്യമന്ത്രിക്കസേരയിലേക്കുള്ള വഴിയാണിതെന്നും അവര്‍ വിലയിരുത്തുന്നു. ജന്മനാട് മാത്രമല്ല, സ്വന്തം മണ്ഡലമായ ഹരിപ്പാട്ടും പുതിയ പദവി പ്രവര്‍ത്തകരിലും സുഹൃത്തുക്കളിലുമെല്ലാം ആവേശം നിറച്ചു. ബന്ധുക്കളിലും നിറഞ്ഞ സന്തോഷം. മാവേലിക്കര തൃപ്പെരുന്തുറ കോട്ടൂര്‍ കിഴക്കേതില്‍ പരേതനായ വി. രാമകൃഷ്ണന്‍ നായരുടെയും ദേവകിയമ്മയുടെയും മകനായ രമേശ് 59ാം വയസ്സിലാണ് പ്രതിപക്ഷനേതാവാകുന്നത്. കെ.എസ്.യു പ്രവര്‍ത്തകനായും കെ. കരുണാകരന്‍െറ ഉറ്റ അനുയായിയായും ഇന്ദിര കോണ്‍ഗ്രസിന്‍െറ നേതാവായും വളര്‍ന്ന രമേശ് ചെന്നിത്തലക്ക് ചെറുപ്രായത്തില്‍തന്നെ എം.എല്‍.എയായും മന്ത്രിയായും പ്രവര്‍ത്തിക്കാന്‍ ഭാഗ്യമുണ്ടായി. രാഷ്ട്രീയത്തില്‍ ഒരിക്കലും പിന്നോട്ട് നോക്കേണ്ടിവന്നിട്ടില്ലാത്ത നേതാവാണ് രമേശ്. കെ.എസ്.യുവിലും യൂത്ത് കോണ്‍ഗ്രസിലും സംസ്ഥാന-ദേശീയ ഭാരവാഹിയായി തിളങ്ങി. എന്‍.എസ്.യുവിന്‍െറ ദേശീയ പ്രസിഡന്‍റായി. കേരളത്തിലെ മറ്റു നേതാക്കള്‍ക്ക് അവകാശപ്പെടാന്‍ കഴിയാത്ത തരത്തില്‍ ചെറുപ്പത്തില്‍തന്നെ പാര്‍ട്ടിയിലും പാര്‍ലമെന്‍റിലും സ്ഥാനങ്ങള്‍ തേടിയത്തെി. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കളുമായും നെഹ്റു കുടുംബവുമായും ആത്മബന്ധം സ്ഥാപിച്ച രമേശ് ചെന്നിത്തലയുടെ വളര്‍ച്ചക്ക് സമാനതകള്‍ കുറവാണ്. 26ാം വയസ്സിലാണ് ഹരിപ്പാടുനിന്ന് ആദ്യമായി നിയമസഭയില്‍ എത്തുന്നത്. 1986ല്‍ ഗ്രാമവികസന മന്ത്രിയായപ്പോള്‍ അന്ന് ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയെന്ന പദവി സ്വന്തമാക്കി. പിന്നീട് ഹരിപ്പാട്ടുകാര്‍ മൂന്നുതവണകൂടി വിജയിപ്പിച്ചു. നാലാം ഊഴത്തിലാണ് പ്രതിപക്ഷനേതാവ് എന്ന പദവി ലഭിക്കുന്നത്. 1989, 91, 96 പൊതുതെരഞ്ഞെടുപ്പുകളില്‍ കോട്ടയത്തുനിന്നും ’99ല്‍ മാവേലിക്കരയില്‍നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചെന്നിത്തല പ്രതിപക്ഷനേതാവ് ആകുന്നതോടെ ആലപ്പുഴ ജില്ലക്ക് നാല് കാബിനറ്റ് പദവികളാണ് കൈവരുക. മറ്റ് മൂന്നുപേര്‍ മന്ത്രിമാരാണ്. ഡോ. തോമസ് ഐസക്, ജി. സുധാകരന്‍, പി. തിലോത്തമന്‍ എന്നിവര്‍. കോണ്‍ഗ്രസില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുന്നതോടെ യു.ഡി.എഫിന് ഇനി ഭൂരിപക്ഷമുണ്ടാകുന്ന അവസരത്തില്‍ മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന പ്രഥമ പേര് ചെന്നിത്തലയുടേതാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. തന്‍െറ നേതാവ് കെ. കരുണാകരന്‍ വഹിച്ച ആഭ്യന്തരമന്ത്രി സ്ഥാനത്ത് ചെന്നിത്തല എത്തിക്കഴിഞ്ഞു. ഇനി മുഖ്യമന്ത്രിസ്ഥാനം മാത്രമേയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.