ചെങ്ങന്നൂരില്‍ പുഴുശല്യം വ്യാപകമാകുന്നു

ചെങ്ങന്നൂര്‍: നഗരസഭാ പ്രദേശത്ത് പുഴുശല്യം ജനങ്ങളില്‍ ഭീതി പരത്തുന്നു. വിവിധ ഭാഗങ്ങളില്‍ തേക്കിന്‍െറ ഇലകള്‍ ഭക്ഷിക്കുന്ന പുഴുക്കളാണ് ജനങ്ങള്‍ക്ക് ദുരിതമായി മാറുന്നത്. പുഴുക്കള്‍ കൂട്ടത്തോടെ തേക്കുകളുടെ ഇലകള്‍ പൂര്‍ണമായും തിന്നു തീര്‍ക്കുകയാണ്. മരങ്ങളില്‍നിന്ന് താഴേക്ക് വീഴുന്ന പുഴുക്കള്‍ അടുത്തുള്ള വീടുകളിലേക്കും കിണറുകളിലേക്കും പതിക്കുകയാണ്. വീടിന്‍െറ ഭിത്തികളിലൂടെ അകത്തേക്ക് പ്രവേശിക്കുന്നതുമൂലം ജനങ്ങള്‍ ഭീതിയിലാണ്. മണ്ണെണ്ണ ഒഴിച്ചും തീയിട്ടും നശിപ്പിച്ചാലും എണ്ണത്തില്‍ കുറവുവരാതെ വീണ്ടും ഇവ വര്‍ധിക്കുകയാണ്. കിണറുകളില്‍ പുഴുക്കള്‍ വീഴുന്നതു കാരണം വെള്ളം ഉപയോഗിക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. മരങ്ങള്‍ക്ക് താഴെക്കൂടെ നടന്നുപോകുന്നവരുടെ ദേഹത്ത് പുഴുക്കള്‍ വീഴുന്നതും ജനങ്ങളില്‍ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കറുത്ത ഒരിഞ്ച് നീളം വരുന്ന പുഴുക്കള്‍ മരങ്ങളില്‍നിന്ന് നൂലുകെട്ടിയാണ് താഴേക്ക് ഇറങ്ങുന്നത്. പുഴുശല്യം പൂര്‍ണമായും ഒഴിവാക്കാന്‍ എന്ത് നടപടി സ്വീകരിക്കണം എന്ന കാര്യം അറിയാതെ നട്ടം തിരിയുകയാണ് ജനങ്ങള്‍. പലയിടത്തും ജനങ്ങള്‍ ഉറക്കമിളച്ചിരുന്ന് പുഴുക്കളെ കൊന്നൊടുക്കുകയാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലര്‍ കെ.ഷിബുരാജന്‍ ആര്‍.ഡി.ഒ, നഗരസഭാ സെക്രട്ടറി, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.