ആളുമാറി വോട്ടവകാശം വിനിയോഗിച്ചു; ഉദ്യോഗസ്ഥര്‍ പൊല്ലാപ്പില്‍

ചെങ്ങന്നൂര്‍: മാന്നാറില്‍ ആളുമാറി മറ്റൊരാളുടെ വോട്ടവകാശം വിനിയോഗിച്ചതിനെ പോളിങ് ഏജന്‍റ് എതിര്‍ത്തത് ഉദ്യോഗസ്ഥരെ പൊല്ലാപ്പിലാക്കി. ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍പ്പെട്ട മാന്നാര്‍ പഞ്ചായത്തിലെ നായര്‍ സമാജം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യേണ്ടിയിരുന്ന വോട്ടാണ് 17ാം വാര്‍ഡിലെ എട്ടാം നമ്പര്‍ ബൂത്തില്‍ വിനിയോഗിച്ചത്. കുരട്ടിശ്ശേരി തെക്കുംതളിയില്‍ വീട്ടില്‍ രതീഷ്കൃഷ്ണന്‍ എന്ന സമ്മതിദായകന്‍െറ വോട്ടര്‍പട്ടികയിലെ ക്രമനമ്പര്‍ 555 ആയിരുന്നു. അഞ്ചാം നമ്പര്‍ ബൂത്തിലായിരുന്നു പേര് ഉണ്ടായിരുന്നത്. എന്നാല്‍, ഇത് അറിയാതെ എട്ടാം നമ്പര്‍ ബൂത്തിലാണ് എത്തിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നമ്പര്‍ മാത്രമാണ് വിളിച്ചു പറഞ്ഞത്. ഇതനുസരിച്ച് വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ഏജന്‍റുമാര്‍ പേജ് തിരഞ്ഞ് നമ്പര്‍ കണ്ടത്തെി നോക്കിയപ്പോഴാണ് മറ്റൊരാളുടേതാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് ചലഞ്ച് ചെയ്യുന്നതിന് മുമ്പായി പോളയില്‍ വീട്ടില്‍ സുരേഷ്കുമാറിന്‍െറ വോട്ട് രതീഷ്കൃഷ്ണന്‍ യന്ത്രത്തില്‍ ചെയ്തുകഴിഞ്ഞിരുന്നു. ഇത് പ്രശ്നമായതോടെ ഉദ്യോഗസ്ഥര്‍ വോട്ടവകാശം നഷ്ടപ്പെട്ട പൗരന് ബാലറ്റ് പേപ്പറില്‍ അത് വിനിയോഗിക്കാനുള്ള അവകാശം നല്‍കാമെന്ന് ധാരണയായി. എന്നാല്‍, സുരേഷ്കുമാര്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ നിലപാട് മാറ്റി. പകരം തങ്ങളുടെ ജോലി പോകുമെന്നും മറ്റും ചൂണ്ടിക്കാട്ടി ക്ഷമാപണത്തിലൂടെ രക്ഷപ്പെടാനുള്ള പരിശ്രമത്തിലായി. എന്നാല്‍, തനിക്ക് വോട്ട് ചെയ്യണമെന്ന വാശിയിലാണ് സമ്മതിദായകന്‍. ഇത് ഏറെ നേരത്തെ തര്‍ക്കങ്ങള്‍ക്ക് ഇടനല്‍കിയെങ്കിലും അന്തിമതീരുമാനമായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.