അരൂക്കുറ്റിയില്‍ വ്യാപക നിലംനികത്തല്‍

വടുതല: അരൂക്കുറ്റിയില്‍ കൈതപ്പുഴ കായല്‍ തീരത്ത് കണ്ടല്‍ക്കാട്ടുകള്‍ വെട്ടിനിരത്തി നിലംനികത്തുന്നത് തുടരുന്നു. നിലം വീണ്ടും നികത്തുന്നതിനെതിരെ വനം-പരിസ്ഥിതി മന്ത്രി, കൃഷിമന്ത്രി, കലക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അരൂക്കുറ്റി വില്ളേജ് ഓഫിസര്‍ ജഗദീഷ് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. പഞ്ചായത്ത് 13ാം വാര്‍ഡില്‍ പാദുവാപുരം പള്ളിക്ക് സമീപമാണ് നിലം നികത്തിവന്നത്. കണ്ടല്‍ക്കാടുകള്‍ പൂര്‍ണമായി വെട്ടിനശിപ്പിച്ച ശേഷം മോട്ടര്‍ ഉപയോഗിച്ച് കായലിലെ മണ്ണ് എടുത്താണ് ഏക്കറുകണക്കിന് നിലം നികത്തുന്നത്. രാത്രിയില്‍ വലിയ വള്ളങ്ങളില്‍ മണ്ണ് കൊണ്ടുവന്നും നികത്തല്‍ നടന്നു. വലിയ ഉയരത്തില്‍ മതില്‍കെട്ടി പുറത്തുനിന്ന് ആരെയും പ്രവേശിപ്പിക്കാതെ രഹസ്യമായാണ് വീണ്ടും നികത്തല്‍ നടക്കുന്നത്. പ്രതിഷേധവുമായി രംഗത്തുവന്ന നാട്ടുകാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു. പാര്‍ട്ടിക്കാരുടെ ഒത്താശയോടെയാണ് നിലം നികത്തുന്നതെന്ന് ആരോപണമുണ്ട്. അരൂക്കുറ്റിയില്‍ വ്യാപകമായി നടക്കുന്ന നിലംനികത്തല്‍ മൂലം രൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടാകുന്നത്. നിലം നികത്തല്‍ തടഞ്ഞ് കണ്ടല്‍ക്കാടുകളെ സംരക്ഷിക്കണമെന്നും അല്ളെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും പരിസ്ഥിതി പ്രവര്‍ത്തകരും വെല്‍ഫെയര്‍ പാര്‍ട്ടിയും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.