ജൂണ്‍ 19 പി.എന്‍. പണിക്കരുടെ ചരമദിനമാണ്. സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍19 മുതല്‍ ഒരാഴ്ച സ്കൂളുകളും വായനശാലകളും ഓഫിസുകളും ഗ്രന്ഥശാലകളും കേന്ദ്രീകരിച്ച് വായനദിനം ആചരിക്കുന്നത് ഈ മഹാനോടുള്ള ആദരം പ്രകടിപ്പിക്കുന്നതിനാണ്. പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍. പണിക്കര്‍ കുട്ടനാട്ടിലെ നീലംപേരൂരിലാണ് ജനിച്ചതും വളര്‍ന്നതും. ഗ്രന്ഥശാലാ പ്രവര്‍ത്തനം തുടങ്ങിയതും അവിടെതന്നെ. അമ്പലപ്പുഴ കിഴക്കേനടയിലെ പഴയ പെണ്‍പള്ളിക്കൂടത്തില്‍ എല്‍.പി സ്കൂള്‍ അധ്യാപകനായി സ്ഥലംമാറി എത്തിയപ്പോഴാണ് തന്‍െറ ജന്മദൗത്യം ആരംഭിക്കേണ്ട സ്ഥലം അതാണെന്ന് അദ്ദേഹത്തിന് ബോധ്യമായത്. അങ്ങനെയാണ് കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല രൂപവത്കരിക്കാന്‍ പി.എന്‍. പണിക്കര്‍ മുന്‍കൈയെടുത്തത്. ഇപ്പോഴത്തെ അമ്പലപ്പുഴ പി.കെ മെമ്മോറിയല്‍ ഗ്രന്ഥശാലയുടെ പിറവി അങ്ങനെയായിരുന്നു. തുടര്‍ന്ന് പി.കെ മെമ്മോറിയല്‍ ഗ്രന്ഥശാലയുടെ ആദ്യ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കിഴക്കുവശത്തെ സ്കൂളില്‍ അധ്യാപകനായും പടിഞ്ഞാറുവശത്തെ ഗ്രന്ഥശാലയില്‍ സെക്രട്ടറിയായും പണിക്കര്‍ സാര്‍ 1940കളില്‍ നിറഞ്ഞുനിന്നു. 1945ല്‍ അന്ന് നിലവിലുണ്ടായിരുന്ന 47 ഗ്രന്ഥശാലകളുടെ പ്രവര്‍ത്തകരുടെ സമ്മേളനം വിളിച്ചുകൂട്ടി. സമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നത്തെ ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യരായിരുന്നു. ദിവാനോടുള്ള പ്രതിഷേധംമൂലം ക്ഷണക്കത്ത് ലഭിച്ച ഭൂരിപക്ഷം ഗ്രന്ഥശാലകളും പങ്കെടുത്തില്ല. ഈ സംഘത്തിന് അംഗീകാരം ലഭിക്കുകയും 1946 മുതല്‍ 250 രൂപ പ്രവര്‍ത്തന ഗ്രാന്‍റ് ലഭിക്കുകയും ചെയ്തു. സമ്മേളന തീരുമാനപ്രകാരം 1947ല്‍ രൂപവത്കൃതമായ തിരുകൊച്ചി ഗ്രന്ഥശാലാ സംഘമാണ് 1957ല്‍ കേരള ഗ്രന്ഥശാല സംഘമായത്. സ്കൂള്‍ അധ്യാപകനായിരിക്കുമ്പോള്‍തന്നെ അന്നത്തെ സര്‍ക്കറില്‍നിന്ന് അനുവാദം നേടി പണിക്കര്‍ മുഴുവന്‍ സമയ ഗ്രന്ഥശാല പ്രവര്‍ത്തകനായി. ‘വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക’ എന്നീ മുദ്രാവാക്യങ്ങളുമായി 1972ല്‍ ഗ്രന്ഥശാലാ സംഘത്തിന്‍െറ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിക്കപ്പെട്ട സാംസ്കാരിക ജാഥക്കും അദ്ദേഹം നേതൃത്വം നല്‍കി. ദീര്‍ഘകാലം കേരള ഗ്രന്ഥശാലാ സംഘം സെക്രട്ടറിയായും അതിന്‍െറ മുഖപത്രമായ ഗ്രന്ഥലോകത്തിന്‍െറ പത്രാധിപരായും പ്രവര്‍ത്തിച്ച പണിക്കര്‍ 1977ല്‍ ആ സ്ഥാനത്തുനിന്ന് വിരമിച്ചു. അനൗപചാരിക വിദ്യാഭ്യാസ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കാന്‍ഫെഡിന്‍െറ (കേരള അനൗപചാരിക വിദ്യാഭ്യാസകേന്ദ്രം) സെക്രട്ടറിയായും 1978 മുതല്‍ സ്റ്റേറ്റ് റീഡേഴ്സ് സെന്‍ററിന്‍െറ ഓണററി എക്സിക്യൂട്ടിവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. കാന്‍ഫെഡ് ന്യൂസ്, അനൗപചാരിക വിദ്യാഭ്യാസം, നാട്ടുവെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപത്യവും വഹിച്ചു. അമ്പലപ്പുഴയിലെ അധ്യാപക-ഗ്രന്ഥശാല പ്രവര്‍ത്തനത്തിനിടെയാണ് പി.എന്‍. പണിക്കര്‍ തന്‍െറ ജീവിതസഖിയെ അമ്പലപ്പുഴയില്‍നിന്നുതന്നെ കണ്ടത്തെിയത്. അമ്പലപ്പുഴയിലെ ആമയിടയിലാണ് അദ്ദേഹത്തിന്‍െറ ഭാര്യാഗൃഹം. ഉലയാത്ത വ്യക്തിബന്ധമാണ് പി.എന്‍. പണിക്കര്‍ക്ക് ഉണ്ടായിരുന്നത്. പിന്നീട് തന്‍െറ പ്രവര്‍ത്തനം തിരുവനന്തപുരത്തേക്ക് വ്യാപിപ്പിച്ചു. ജീവിതത്തിന്‍െറ അവസാന നാളുകളില്‍ രോഗം പിടിപെട്ട് ആശുപത്രിയില്‍ കഴിയുമ്പോഴും വീട്ടിലേക്കും കാന്‍ഫെഡ് ഓഫിസിലേക്കും പോകാനായി അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചു. മരിക്കുന്നെങ്കില്‍ അവിടെ വെച്ചായിരിക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കര്‍മരംഗത്തെ എല്ലാവരെയും സ്വന്തക്കാരായി കരുതിയ അദ്ദേഹം ആരെയും അന്യനായി കണ്ടിരുന്നില്ല. നീലംപേരൂരില്‍ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാര്‍ച്ച് ഒന്നിന് പുതുവായില്‍ ജനിച്ച നാരായണ പണിക്കര്‍ 1995 ജൂണ്‍ 19ന് അന്തരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.