മാക്കേക്കടവ്-നേരേകടവ് പാലം നിര്‍മാണം: കായലില്‍ ആഴപരിശോധന

പൂച്ചാക്കല്‍: മാക്കേക്കടവ്-നേരേകടവ് പാലം നിര്‍മാണം തുടങ്ങുന്നതിന്‍െറ ഭാഗമായി കായലില്‍ ആഴപരിശോധന തുടങ്ങി. പൈലുകള്‍ സ്ഥാപിക്കുന്നതിനുള്ള ആഴ, ദൂര, മണല്‍ പരിശോധനകളാണ് ചൊവ്വാഴ്ച കരാറുകാരുടെ പ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തിയത്. നിര്‍മാണസാമഗ്രികള്‍ എത്തിച്ചുതുടങ്ങിയിട്ടുമുണ്ട്. മണല്‍, ആഴ, ദൂര പരിശോധനകള്‍ക്കുശേഷം നിര്‍മാണത്തിന്‍െറ അന്തിമഘടനയും രൂപരേഖയും അടക്കമുള്ള കാര്യങ്ങള്‍ കരാറുകാര്‍ തയാറാക്കും. ഇതിന് സര്‍ക്കാര്‍ അംഗീകാരം നേടി നിര്‍മാണം ആരംഭിക്കും. പാലം നിര്‍മാണത്തിന്‍െറ ഭാഗമായി മാക്കേക്കടവിലും നേരേകടവിലും ഏറ്റെടുക്കേണ്ട സ്ഥലത്തിന്‍െറ ഉടമകളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കൊച്ചി ആസ്ഥാനമായ സ്വകാര്യ കമ്പനിക്കാണ് നിര്‍മാണ കരാര്‍ ലഭിച്ചിരിക്കുന്നത്. തുറവൂര്‍-പമ്പ സംസ്ഥാന പാതയുടെ രണ്ടാംഘട്ടമായാണ് പാലം നിര്‍മിക്കുന്നത്. ആദ്യഘട്ടമായ തുറവൂര്‍ തൈക്കാട്ടുശ്ശേരി പാലം നിര്‍മാണം 2015 മേയില്‍ പൂര്‍ത്തിയായിരുന്നു. പാലം നിര്‍മാണത്തിന്‍െറ ഭാഗമായി മാക്കേക്കടവിലും നേരേകടവിലും ഏറ്റെടുക്കേണ്ട സ്ഥലത്തിന്‍െറ ഉടമകളുടെ അനുമതിപത്രം വാങ്ങി വില നിശ്ചയിച്ചുനല്‍കല്‍ നടപടിയാണ് സര്‍ക്കാര്‍തലത്തില്‍ ബാക്കിയുള്ളത്. ഇതിന് സമയമെടുക്കുമെന്നതിനാല്‍ കരാറുകാരന്‍െറ ഉത്തരവാദിത്തത്തില്‍ സാമഗ്രികള്‍ എത്തിച്ച് നിര്‍മാണം തുടങ്ങാനും അതിനിടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ നടത്താനുമാണ് പൊതുമരാമത്ത് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിര്‍മാണസാമഗ്രികള്‍ സൂക്ഷിക്കാന്‍ കരാറുകാരന് കൂടുതല്‍ സ്ഥലം ലഭിക്കുന്ന ഭാഗത്തുനിന്നാകും പാലം നിര്‍മാണം തുടങ്ങുക. 850 മീറ്റര്‍ നീളത്തിലും ഇരുവശങ്ങളിലും ഒന്നര മീറ്റര്‍ നടപ്പാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.