വേമ്പനാട്ടുകായലില്‍ മണല്‍-കക്ക ഖനനത്തിന് മൗനാനുവാദം

കുട്ടനാട്: വേമ്പനാട്ടുകായലില്‍ അനധികൃതമായി മണല്‍-കക്ക ഖനനം. അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇത്. അനധികൃത ഖനനം തടയാന്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്‍െറ കീഴില്‍ സ്ഥാപിച്ച സ്ക്വാഡിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമല്ലാതായതോടെയാണ് വ്യാപകമായി മണല്‍ കായലില്‍നിന്ന് കടത്തിക്കൊണ്ടുപോകുന്നത്. പരിസ്ഥിതിക്ക് ദോഷകരമാകുന്ന പ്രവൃത്തികള്‍ തടയാന്‍ ഇപ്പോള്‍ ശക്തമായ സംവിധാനമില്ല. രാപകല്‍ ഭേദമന്യേ മണല്‍ലോബി വള്ളങ്ങളില്‍ മണല്‍ നിറച്ച് കടത്തുകയാണ്. മണല്‍ മാത്രമല്ല, ചളിയും കടത്തുന്നുണ്ട്. ചില സ്ഥലങ്ങളില്‍ അനധികൃതമായി കക്ക ഖനനവും. ആകെക്കൂടി കായലിന്‍െറ പ്രകൃതിപരവും പരിസ്ഥിതിപരവുമായ ജൈവാവസ്ഥയെ ഇല്ലാതാക്കുന്ന നടപടികളാണ്. പരിസ്ഥിതി സംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നപ്പോഴാണ് പരിശോധനക്ക് സ്ക്വാഡിനെ ഏര്‍പ്പെടുത്തിയത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കായല്‍മേഖലകളില്‍ നടക്കുന്ന അനധികൃത ഖനനത്തിനെതിരെ നടപടി സ്വീകരിക്കാനും സിലിക്കാമണല്‍, കക്ക, ചളി എന്നിവയുടെ ഖനനം തടയാനുമായിരുന്നു സ്ക്വാഡിന്‍െറ ചുമതല. എന്നാല്‍, ഇക്കാര്യത്തില്‍ ഗുരുതര അനാസ്ഥയാണ് പ്രകടമാകുന്നത്. വാഹനസൗകര്യങ്ങള്‍ അടക്കം സ്ക്വാഡിന് നല്‍കിയെങ്കിലും നടപടികള്‍ നീങ്ങിയില്ല. 2015-17 കാലയളവില്‍ എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി പാസില്ലാതെ കായലില്‍ അനധികൃത ഖനനം നടത്തിയതിന്‍െറ പേരില്‍ 200ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, മൈനിങ് ആന്‍ഡ് ജിയോളജിയിലെ സ്ക്വാഡ് ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ളെന്നാണ് വിവരം. വിവരാവകാശ രേഖയില്‍ 2015-17 കാലയളവില്‍ ചേര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുമായി ബന്ധപ്പെട്ട് കേസൊന്നും ഇല്ളെന്നാണ് വ്യക്തമാകുന്നത്. മാത്രമല്ല, മൂന്ന് ജില്ലകളില്‍ പൊലീസ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിനെക്കുറിച്ചും സ്ക്വാഡിന് വിവരമില്ല. റവന്യൂ-പൊലീസ് ഉദ്യോഗസ്ഥരുടെ സഹായവും അനധികൃത ഖനനത്തിന് ലഭിക്കുന്നുണ്ടെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം. ഇത്തരം ഖനനത്തിലൂടെ കായലില്‍ പലയിടത്തും വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. മണല്‍-ചളി കടത്തിന് ഏര്‍പ്പെട്ടിരിക്കുന്ന നൂറുകണക്കിന് തൊഴിലാളികളുണ്ട്. മുഹമ്മ, തൈക്കാട്ടുശ്ശേരി, കുമരകം, ആര്‍ ബ്ളോക്, സി ബ്ളോക് എന്നിവിടങ്ങളില്‍നിന്ന് മണലിനൊപ്പം ചളിയും കക്കയും അനധികൃതമായി ഖനനം ചെയ്യുന്നുവെന്നാണ് വിവരം. കായലില്‍ ഹൗസ്ബോട്ടുകളില്‍നിന്നും മറ്റും വീണ് ഉണ്ടാകുന്ന അപകടങ്ങളില്‍ മരണം സംഭവിക്കുന്നത് ഇത്തരം കായല്‍കുഴികളില്‍ ആളുകള്‍ വീഴുമ്പോഴാണ്. വന്‍ ഗര്‍ത്തങ്ങളാണ് അനധികൃത ഖനനംമൂലം രൂപപ്പെടുന്നത്. കായലിന്‍െറ അടിത്തട്ടിനെ ദുര്‍ബലമാക്കുകയും കുഴികളായി മാറുകയും ചെയ്യുന്ന സാഹചര്യം മത്സ്യത്തൊഴിലാളികള്‍ക്കും ഭീഷണിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.