യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്

കോതമംഗലം: കോതമംഗലം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ പാനല്‍ ഇല്ലാത്തത് യു.ഡി.എഫില്‍ പൊട്ടിത്തെറിക്ക് വഴിയൊരുങ്ങുന്നു. ഈ മാസം 25നാണ് തെരഞ്ഞെടുപ്പ്. ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിന് യു.ഡി.എഫ് പക്ഷത്തുനിന്ന് ആരും നോമിനേഷന്‍ നല്‍കിയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍നിന്ന് മുക്തമാകാത്തതാണ് ബാങ്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍പോലും യു.ഡി.എഫ് മുന്നോട്ടുവരാത്തതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. താലൂക്കിലെ യു.ഡി.എഫ് സംവിധാനംതന്നെ താറുമാറായിരിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് പ്രമുഖ സഹകരണ സ്ഥാപനങ്ങളിലൊന്നായ കോതമംഗലം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍നിന്ന് മത്സരിക്കാതെ യു.ഡി.എഫ് വിട്ടുനില്‍ക്കുന്നത്. പത്രികസമര്‍പ്പണത്തിനുള്ള സമയം ബുധനാഴ്ച അവസാനിച്ചപ്പോള്‍ എല്‍.ഡി.എഫിലെ 13 പേര്‍ മാത്രമാണ് മത്സരരംഗത്ത് വന്നിട്ടുള്ളത്. യു.ഡി.എഫില്‍നിന്നോ മറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥികളോ പത്രിക സമര്‍പ്പിച്ചിട്ടില്ല. ഇതോടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നും ബാങ്ക് ഭരണം നിലനിര്‍ത്തുമെന്നും ഉറപ്പായി. കാലങ്ങളായി എല്‍.ഡി.എഫാണ് കോതമംഗലം ബാങ്ക് ഭരിക്കുന്നത്. താലൂക്കിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപംകൊടുത്ത ബാങ്ക് പിന്നീട് എല്‍.ഡി.എഫ് കൈപ്പിടിയിലൊതുക്കുകയായിരുന്നു. മത്സരിക്കാതെ വിട്ടുനില്‍ക്കുന്ന നടപടി യു.ഡി.എഫിലും കോണ്‍ഗ്രസിനുള്ളിലും അസംതൃപ്തിക്ക് കാരണമാക്കിയിട്ടുണ്ട്. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് തൊട്ടുപിന്നാലെ ബാങ്കിലേക്കുള്ള തെരഞ്ഞെടുപ്പില്‍ക്കൂടി പരാജയം ഏറ്റുവാങ്ങുന്നത് ഗുണകരമാകില്ളെന്നാണ് ഒരുവിഭാഗം നേതാക്കളുടെ നിലപാട്. നിലവിലെ ഭരണസമിതിയിലെ 10 പേരും മൂന്ന് പുതുമുഖങ്ങളുമാണ് എല്‍.ഡി.എഫ് പാനലിലുള്ളത്. സി.പി.എമ്മിന് പത്തും സി.പി.ഐക്ക് മൂന്നും സ്ഥാനങ്ങളാണ് നല്‍കിയിട്ടുള്ളത്. വ്യാഴാഴ്ച സൂക്ഷ്മപരിശോധന നടക്കും. വെള്ളിയാഴ്ച പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം അവസാനിക്കും. തെരഞ്ഞെടുപ്പു സംബന്ധിച്ച് യു.ഡി.എഫില്‍ ചര്‍ച്ച ചെയ്തിട്ടില്ളെന്ന പരാതിക്കൊപ്പം കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ് വഴക്കും മത്സരത്തില്‍നിന്ന് പിന്‍വാങ്ങാന്‍ കാരണമായതായി ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കാനൊരുങ്ങുകയാണ് ഒരുപറ്റം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.