ട്രോളിങ്ങിന് ശേഷം പ്രതീക്ഷയോടെ യന്ത്രബോട്ടുകള്‍ കടലിലേക്ക്

അമ്പലപ്പുഴ: ട്രോളിങ് നിരോധം ഞായറാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്നതോടെ യന്ത്രവത്കൃത ബോട്ടുകള്‍ മത്സ്യബന്ധനത്തിനുള്ള തയാറെടുപ്പില്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ 45 ദിവസത്തെ ട്രോളിങ് നിരോധമാണ് ഞായറാഴ്ച അവസാനിക്കുന്നത്. വിശ്രമത്തിലും അറ്റകുറ്റപ്പണിയുടെ തിരക്കിലുമായിരുന്ന യന്ത്രവത്കൃത ബോട്ടുകള്‍ വളരെ പ്രതീക്ഷയോടെയാണ് കടലിലേക്ക് പോകുന്നത്. നിരോധ കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ അനുഭവംവെച്ച് നോക്കിയാല്‍ ബോട്ടുകാര്‍ക്ക് വലിയ പ്രതീക്ഷയൊന്നുമില്ല. രൂക്ഷമായ പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ജില്ലയിലെ ചില ബോട്ട് ഉടമകള്‍ തൊഴില്‍രംഗം ഉപേക്ഷിക്കാന്‍പോലും തയാറായി നില്‍ക്കുകയാണ്. 200ലേറെ യന്ത്രവത്കൃത ബോട്ടുകളാണ് ജില്ലയില്‍ ഉള്ളത്. ദൂരത്തേക്ക് പോകേണ്ടിവരുന്നതിനാല്‍ ഒരുദിവസം 100 ലിറ്റര്‍ ഡീസലിന്‍െറ അധിക ചെലവ് ഉണ്ടാകുന്നതായി ബോട്ട് ഉടമകള്‍ പറയുന്നു. എതാനും വര്‍ഷങ്ങളായി മത്സ്യക്ഷാമവും ചെലവിലെ വര്‍ധനയും മൂലം മത്സ്യമേഖല നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. പലിശക്ക് കടം വാങ്ങി ബോട്ടുകള്‍ ഇറക്കുന്നവര്‍ ഇപ്പോള്‍ നിലനില്‍പ് ഭീഷണിയിലുമാണ്. ഇത്തവണ ട്രോളിങ് നിരോധ കാലത്തിന്‍െറ ഭൂരിഭാഗവും പ്രക്ഷുബ്ധമായ കടലായിരുന്നു.ജില്ലയിലെ അപൂര്‍വം തീരങ്ങളില്‍ മാത്രമാണ് പേരിനെങ്കിലും ചാകര ദൃശ്യമായത്. അതും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രവും. കൊഴുവ മാത്രമാണ് കാര്യമായി കിട്ടിയത്. ഇടനിലക്കാരുടെ കടുത്ത ചൂഷണവും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. കഞ്ഞിപ്പാടം, തോട്ടപ്പള്ളി, പുറക്കാട്, പുന്തല, തൃക്കുന്നപ്പുഴ തുടങ്ങിയ ഉള്‍നാടന്‍ ജലാശയങ്ങളില്‍ നങ്കൂരമിട്ടിരുന്ന ബോട്ടുകളാണ് കടലില്‍ പോകാന്‍ തയാറായി അവസാനവട്ട തയാറെടുപ്പ് നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.