വണ്ടിപ്പേട്ട: വാഹനങ്ങളുടെ ശവപ്പറമ്പ്

മൂവാറ്റുപുഴ: കോടികള്‍ മുടക്കി നിര്‍മിക്കുകയും ആറുവട്ടം ഉദ്ഘാടനം നടത്തുകയും ചെയ്ത വണ്ടി പ്പേട്ട പഴയ വാഹനങ്ങളുടെ ശവപ്പറമ്പാകുന്നു. രണ്ട് പതിറ്റാണ്ടുമുമ്പ് പട്ടണത്തിലെ എവറസ്റ്റ് കവലയില്‍ നിര്‍മിച്ച രണ്ടാമത്തെ വണ്ടിപ്പേട്ടയാണ് വാഹനങ്ങള്‍ പൊളിക്കുന്ന കേന്ദ്രമായത്. ടൂറിസ്റ്റ് ബസ് നിര്‍ത്തിയിടാന്‍ ഏറെ സൗകര്യങ്ങളോടെ നിര്‍മിച്ച വണ്ടിപ്പേട്ടക്ക് നാല് നഗരസഭാ കൗണ്‍സിലുകള്‍ ആറുതവണ ഉദ്ഘാടനമാമാങ്കം നടത്തിയിരുന്നു. എന്നാല്‍, ടൂറിസ്റ്റ് ബസുകള്‍ ഇങ്ങോട്ട് എത്തിയില്ല.കഴിഞ്ഞ കൗണ്‍സിലിന്‍െറ കാലത്ത് ടൂറിസ്റ്റ്് ബസുകള്‍ മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കിയില്ല. ടൂറിസ്റ്റ്് ബസുകള്‍ ഇ.ഇ.സി ബൈപാസിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഇതിനിടെ, വണ്ടിപ്പേട്ടയില്‍ ഉണ്ടായിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭ വിട്ടുനല്‍കി. വാഹനങ്ങള്‍ എത്താതായതോടെ രണ്ടേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന വണ്ടിപ്പേട്ട വാഹനങ്ങള്‍ പൊളിക്കുന്ന കേന്ദ്രമായി മാറുകയായിരുന്നു. നിരവധി വാഹനങ്ങള്‍ ഇവിടെ പൊളിച്ചിട്ടിട്ടുണ്ട്. അനധികൃത വാഹന പൊളികേന്ദ്രമായി മാറിയ വണ്ടിപ്പേട്ട തിരിച്ചുപിടിക്കണമെന്ന ആവശ്യം ശക്തമാണ്. സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രമാക്കി മാറ്റി നഗരസഭക്ക് വരുമാനമുണ്ടാക്കണമെന്ന ആവശ്യമാണുയരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.