ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളിക്കായി ഒരു മാസം മാത്രം ബാക്കി നില്‍ക്കെ തയാറെടുപ്പുകള്‍ തുടങ്ങാന്‍ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. ആലപ്പുഴ പുന്നമടക്കായലില്‍ എല്ലാ വര്‍ഷവും ആഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ചയാണ് മത്സരം സംഘടിപ്പിച്ചുവരുന്നത്. മുന്‍കാല വര്‍ഷങ്ങളെ അപേക്ഷിച്ച് മുന്നൊരുക്കങ്ങള്‍ നീണ്ടുപോകുകയാണ്. ചുണ്ടന്‍ വള്ളങ്ങളുടെ രജിസ്ട്രേഷന്‍, ട്രാക്ക് ആന്‍ഡ് ഹീറ്റ്സ് നിശ്ചയിക്കല്‍, പുന്നമടയിലെ ആഴംകൂട്ടേണ്ട ഭാഗങ്ങളിലെ ഡ്രഡ്ജിങ്, മത്സരത്തിന്‍െറ ഭാഗ്യചിഹ്നം ഏര്‍പ്പെടുത്തുക എന്നിവ ക്രമീകരിക്കേണ്ടതായിട്ടുണ്ട്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ നെഹ്റു ട്രോഫി ബോട്ട് റേസ് കമ്മിറ്റി യോഗം ചേരാത്തതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം. കോടികള്‍ മുടക്കി സംഘടിപ്പിക്കുന്ന ഈ ജലോത്സവം സംഘടിപ്പിക്കുന്നത് ഒന്‍പത് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ്. സാമ്പത്തിക സമിതി, ഇന്‍ഫ്രാസ്ട്രക്ചര്‍ സമിതി, സ്പോണ്‍സര്‍ഷിപ് സമിതി, സുവനീര്‍ സമിതി, പബ്ളിസിറ്റി സമിതി, ഭക്ഷ്യ സമിതി, സാംസ്കാരിക സമിതി, ഗതാഗത സമിതി, ഐ.ടി സമിതി എന്നിവയാണ്. 2015 കാലത്തെ വള്ളംകളി നടത്തിപ്പില്‍ സുവനീര്‍ സമിതി ഒഴികെയുള്ള എട്ടുകമ്മിറ്റികളുടെയും പ്രവര്‍ത്തനം കടുത്ത നഷ്ടമാണ് ഉണ്ടാക്കിയത്. അഞ്ചരലക്ഷം രൂപയാണ് സുവനീര്‍ സമിതി നേട്ടമുണ്ടാക്കിയത്. ഇതിന് മുമ്പുള്ള വര്‍ഷങ്ങളില്‍ ഇതും നഷ്ടത്തിലായിരുന്നു. രണ്ട് മാസം മുമ്പ് തന്നെ മുന്നൊരുക്ക യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കേണ്ടതായിരുന്നു. എന്നാല്‍, പൊതുതെരഞ്ഞെടുപ്പ് ആയതിനാല്‍ യോഗം ചേരുന്നത് നീണ്ടുപോയി. കഴിഞ്ഞ പ്രാവശ്യം ഒന്നരക്കോടിയോളം ചെലവാക്കിയാണ് ജലമാമാങ്കം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.