നെല്ല് മറന്ന് മത്സ്യകൃഷി; കൊയ്ത്തുത്സവങ്ങള്‍ ഓര്‍മയായി

തുറവൂര്‍: എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട് പഞ്ചായത്തുകളിലായി കിടക്കുന്ന 6000 ഏക്കര്‍ പാടശേഖരങ്ങളില്‍ നെല്ല് വിളഞ്ഞിട്ട് കാലമേറെയായി. എല്ലാവര്‍ഷവും കരിനിലങ്ങളുടെ ബണ്ടുകള്‍ ബലപ്പെടുത്തി വെള്ളം വറ്റിച്ച് കൃഷിചെയ്തിരുന്നു. കരിനിലങ്ങളിലെ കൃഷി ക്ളേശമേറിയതാണെങ്കിലും മുടക്കംകൂടാതെ അവര്‍ നിര്‍വഹിച്ചുവന്നു. ഒരേക്കര്‍ നിലത്തുനിന്ന് 120 മുതല്‍ 135 പറ നെല്ലുവരെ വിളവ് ലഭിച്ചിരുന്നു. നെല്‍കൃഷിക്കായി രൂപവത്കരിച്ച കര്‍ഷക സംഘങ്ങള്‍ക്ക് സര്‍ക്കാറിന്‍െറ ആനുകൂല്യവും ലഭിച്ചു. ഇക്കാലങ്ങളിലൊക്കെ ഒരു നെല്ലും ഒരു മീനും എന്ന രീതിയാണ് കര്‍ഷകര്‍ അവലംബിച്ചിരുന്നത്. നെല്‍കൃഷി കഴിഞ്ഞാല്‍ ശുദ്ധജലത്തിലെ മത്സ്യകൃഷി. ഉപ്പുവെള്ളം കയറ്റിയുള്ള മത്സ്യകൃഷി കര്‍ഷകസംഘങ്ങള്‍ അനുവദിച്ചിരുന്നില്ല. ഇക്കാലത്ത് പാടശേഖരങ്ങളുടെ ചിറകളില്‍ സമൃദ്ധിയായി പയറും വെണ്ടയും പാവലും പടവലവും വിളഞ്ഞിരുന്നു. എന്നാല്‍, മത്സ്യമാഫിയ സംഘങ്ങള്‍ കര്‍ഷകസംഘങ്ങളെ കൈപിടിയില്‍ ഒതുക്കിയതോടെ നെല്‍കര്‍ഷകരുടെയും പച്ചക്കറി കര്‍ഷകരുടെയും കഷ്ടകാലമായി. നെല്‍കൃഷി നഷ്ടവും മത്സ്യകൃഷി ലാഭവുമെന്ന് വരുത്താനായിരുന്നു ആദ്യ ശ്രമം. നെല്‍കൃഷി സമയത്ത് മടപൊട്ടി കൃഷിനാശം ഉണ്ടാകുന്നത് പതിവായി. അതിനുപിന്നില്‍ ചില ഗൂഢശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണമുണ്ടായി. പിന്നീട് നഷ്ടത്തിന്‍െറ കണക്കു കാട്ടി ആനുകൂല്യങ്ങളും സര്‍ക്കാറില്‍നിന്ന് പലരും പങ്കുവെച്ചു. നെല്‍കൃഷി നഷ്ടമാണെന്ന് വരുത്താന്‍ വേറെയും ചില ശ്രമങ്ങള്‍ ഉണ്ടായതായി പറയപ്പെടുന്നു. ഉപ്പുവെള്ളം കയറ്റി നെല്‍കൃഷി നശിപ്പിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കൃഷിനശിച്ചെന്ന് വരുത്തി അവിടെയും ആനുകൂല്യങ്ങള്‍ സര്‍ക്കാറിന്‍േറത് നേടാനായിരുന്നു ചിലരുടെ ശ്രമങ്ങള്‍. കുത്തിയതോട്, എഴുപുന്ന പഞ്ചായത്തുകളില്‍ നാലുവീതവും കോടംതുരുത്തില്‍ ആറും തുറവൂരില്‍ അഞ്ചും പട്ടണക്കാട് ആറും പാടശേഖര സമിതികളാണുള്ളത്. എല്ലാ പാടശേഖരങ്ങളുടെ കീഴിലും മുഴുവന്‍ സമയ മത്സ്യക്കൃഷിക്കുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആക്ഷേപം. ഇത്തവണ നെല്‍കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്ന കര്‍ഷകരുടെ ശക്തമായഎതിര്‍പ്പ് മൂലം ചില കര്‍ഷക സംഘങ്ങള്‍ക്ക് ഉപ്പുവെള്ളം കയറ്റാന്‍ കഴിഞ്ഞില്ല. ഇതിന് സര്‍ക്കാറിന് പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ നെല്‍കൃഷിയുടെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ കഴിയു. ഒരുനെല്ലും ഒരുമീനും എന്ന പദ്ധതി നടപ്പാക്കാന്‍ കൃഷിവകുപ്പിന്‍െറ ഇടപെടലും വേണം. നെല്‍കൃഷി മടപൊട്ടിച്ച് നശിപ്പിക്കുന്ന സംഘങ്ങളെ കണ്ടത്തെണമെന്നും നെല്‍കര്‍ഷകര്‍ ആവശ്യപ്പെടുന്നു. എങ്കില്‍ മാത്രമേ, തരിശിട്ട് മുഴുവന്‍ സമയം മത്സ്യകൃഷി നടത്തുന്ന പാടശേഖരങ്ങളില്‍ നെല്‍കൃഷി ചെയ്യാന്‍ കഴിയൂ. ഇക്കാര്യത്തില്‍ അധികാരികളുടെ ഭാഗത്തുനിന്ന് അനുകൂല നീക്കം പ്രതീക്ഷിക്കുകയാണ് നെല്‍കര്‍ഷകര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.