തൈക്കാട്ടുശേരി പാലത്തില്‍ വീണ്ടും കുഴി; അപകടം പതിവാകുന്നു

പൂച്ചാക്കല്‍: തുറവൂര്‍-പമ്പാപാതയില്‍ അടുത്തകാലത്ത് ഗതാഗതത്തിന് തുറന്നുകൊടുത്ത തൈക്കാട്ടുശേരി പാലത്തില്‍ അപകടം പതിവാകുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ പത്തിലേറെ അപകടമാണ് ഇവിടെയുണ്ടായത്. പാലത്തിന്‍െറ പടിഞ്ഞാറുഭാഗത്ത് പാലവും റോഡും തമ്മില്‍ ചേരുന്നിടത്ത് റോഡ് താഴ്ന്നതാണ് അപകടത്തിനിടയാക്കുന്നത്. പലവട്ടം താഴ്ച പരിഹരിച്ചതാണെങ്കിലും വീണ്ടും റോഡ് താഴുന്നു. വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് ശാസ്ത്രീയമായി റോഡ് നിര്‍മിക്കാത്തത് തകര്‍ച്ചക്ക് കാരണമാവുന്നു. പാലത്തിന്‍െറ പടിഞ്ഞാറുഭാഗത്ത് പാടം നികത്തിയാണ് റോഡ് നിര്‍മിച്ചത്. പാലത്തിലൂടെ വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ താഴ്ചയിലേക്ക് പെട്ടെന്ന് ചാടുന്നതിനാല്‍ നിയന്ത്രണം തെറ്റി വീഴുകയാണ് പതിവ്്. തുറവൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ താഴ്ചയില്‍ വീണ് പ്രയാസപ്പെട്ടശേഷമാണ് പാലത്തിലേക്ക് കയറാനാകുന്നത്. പാലത്തില്‍ വെളിച്ചമില്ലാത്തതിനാല്‍ രാത്രികാലങ്ങളിലും ഏറെ അപകടങ്ങള്‍ സംഭവിക്കുന്നു. പാലം ഗതാഗതത്തിന് തുറന്നുകൊടുത്ത അന്നുമുതല്‍ തുടങ്ങിയതാണ് വഴിവിളക്കിനുള്ള മുറവിളിയും. എം.എല്‍.എ ഫണ്ട് ചെലവഴിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുമ്പ് വഴിവിളക്ക് സ്ഥാപിക്കുമെന്ന് എ.എം. ആരിഫ് എം.എല്‍.എ പറഞ്ഞിരുന്നു. എന്നാല്‍, ഇതുവരെ അത് നടപ്പായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.