വേദികള്‍ ഇന്ന് ഉണരും

കായംകുളം: ജില്ലാ സ്കൂള്‍ കലോത്സവത്തിന് ചൊവ്വാഴ്ച കായംകുളത്ത് തുടക്കം. ആലപ്പുഴയിലെ 13 സബ്ജില്ലകളില്‍നിന്ന് 5214 മത്സരാര്‍ഥികളാണ് അഞ്ചുദിവസം നീളുന്ന കലാമേളയില്‍ 10 വേദികളിലായി മത്സരിക്കുന്നത്. അറബി സാഹിത്യോത്സവം, സംസ്കൃതോത്സവം എന്നിവയിലായി 297 ഇനങ്ങളിലാണ് മത്സരം. ഇതുകൂടാതെ അപ്പീല്‍വഴിയുള്ള മത്സരാര്‍ഥികളെയും പ്രതീക്ഷിക്കുന്നു. എല്ലാദിവസവും രാത്രി 10ന് മുമ്പായി മത്സരങ്ങള്‍ അവസാനിക്കുന്ന രീതിയിലാണ് പരിപാടികള്‍ ക്രമീകരിച്ചതെന്ന് സ്വാഗതസംഘം ചെയര്‍മാനും കായംകുളം നഗരസഭാ ചെയര്‍മാനുമായ അഡ്വ. എന്‍. ശിവദാസനും സ്വാഗതസംഘം ജനറല്‍ കണ്‍വീനറായ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി. അശോകനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. എന്‍. ശിവദാസന്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് ഒൗദ്യോഗിക തുടക്കമാകും. രാവിലെ ഒമ്പതിനുതന്നെ ഏഴ് വേദികളില്‍ സാഹിത്യമത്സരങ്ങള്‍ ആരംഭിക്കും. കൃഷ്ണപുരം ടെക്നിക്കല്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം ബാന്‍ഡുമേളത്തിനും ഇതോടെ തുടക്കമാകും. വൈകുന്നേരം അഞ്ചരയോടെ ഏഴുവേദികളില്‍ കലാമത്സരങ്ങള്‍ തുടങ്ങും. ഉച്ചക്ക് 2.30ന് ഘോഷയാത്ര ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് ആരംഭിക്കും. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് ചുറ്റി പി.ഡബ്ള്യൂ.ഡി ഗെസ്റ്റ്ഹൗസിന് സമീപത്തുകൂടി ലിങ്ക് റോഡില്‍ പ്രവേശിച്ച് മേടമുക്ക് വഴി സസ്യമാര്‍ക്കറ്റിലേക്കും തുടര്‍ന്ന് മുക്കവലയില്‍നിന്ന് പൊലീസ് സ്റ്റേഷന്‍ വഴി പാര്‍ക്ക് ജങ്ഷന്‍ തിരിഞ്ഞ് പ്രധാനവേദിയായ ഗവ. ഗേള്‍സ് എച്ച്.എസ്.എസില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ കലോത്സവത്തിന്‍െറ ഉദ്ഘാടനം കെ.സി. വേണുഗോപാല്‍ എം.പി നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. എന്‍. ശിവദാസന്‍ അധ്യക്ഷത വഹിക്കും. യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി എം.എല്‍.എമാരായ ജി. സുധാകരന്‍, പി.സി. വിഷ്ണുനാഥ്, ആര്‍. രാജേഷ്, നടന്‍ അനൂപ് ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഗവ. ബോയ്സ് എച്ച്.എസ്.എസിലാണ് കുട്ടികള്‍ക്കുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെട്ട സംഘം ആംബുലന്‍സ് സൗകര്യങ്ങളോടെ കലോത്സവ വേദിയില്‍ എപ്പോഴുമുണ്ടാകും. വിവിധ വേദികളിലേക്കുള്ള യാത്രാസൗകര്യവും ഒരുക്കിയിട്ടുണ്ട്. ജില്ലാ പൊലീസ് ചീഫിന്‍െറയും ഡി.വൈ.എഫ്.ഐയുടെയും മേല്‍നോട്ടത്തില്‍ ക്രമസമാധാന പരിപാലനത്തിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. കായംകുളം സി.ഐ, എസ്.ഐ എന്നിവര്‍ക്കാണ് ചുമതല. വാഹനങ്ങളുടെ പാര്‍ക്കിങ്ങിനായി പ്രത്യേക സ്ഥലങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഒമ്പതിന് വൈകുന്നേരം നാലിന് സമാപന സമ്മേളനം സി.കെ. സദാശിവന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ പബ്ളിസിറ്റി കണ്‍വീനര്‍ അനസ് എം. അഷ്റഫ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബി. രാധാകൃഷ്ണന്‍, വി. മുഹമ്മദ്കുഞ്ഞ്, സന്തോഷ്കുമാര്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.