ചാരുംമൂട് ജങ്ഷനില്‍ തോന്നുംപടി ഗതാഗതം

ചാരുംമൂട്: ജങ്ഷനിലെ ട്രാഫിക് സിഗ്നലില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാത്തതിനാല്‍ സിഗ്നല്‍ ലംഘിച്ച് വാഹനങ്ങള്‍ ഓടുന്നത് പതിവാകുന്നു. പ്രധാന പട്ടണങ്ങളിലൊന്നായ ചാരുംമൂട് ജങ്ഷനില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ചെങ്കിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാത്തതാണ് നിയമം ലംഘിച്ച് വാഹനങ്ങള്‍ ഓടാന്‍ കാരണം. നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി ദിനംപ്രതി കടന്നുപോകുന്നത്. കൊല്ലം-തേനി ദേശീയപാതയും ചാരുംമൂട് വഴി കടന്നുപോകുന്നതിനാല്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ കൂടുതലാണ്. ട്രാഫിക് സിഗ്നലില്‍ നിരീക്ഷണ കാമറ സ്ഥാപിക്കുന്നതില്‍ കാലതാമസം ഉണ്ടാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. കാമറ യൂനിറ്റ് സ്ഥാപിക്കാന്‍ 10 ലക്ഷത്തോളം രൂപ ചെലവുവരും. ജങ്ഷനില്‍ തന്നെ ഓഫിസ് സംവിധാനവും ജീവനക്കാരും വേണ്ടിവരും. കാമറയില്‍ നിന്നുള്ള ചിത്രങ്ങള്‍ പരിശോധിക്കാന്‍ കമ്പ്യൂട്ടര്‍, പ്രിന്‍റര്‍ അടക്കമുള്ള മറ്റ് സൗകര്യങ്ങളും ഒരുക്കേണ്ടിവരും. സര്‍ക്കാറില്‍ നിന്നോ ജനപ്രതിനിധികളില്‍ നിന്നോ കാമറ യൂനിറ്റിന് ആവശ്യമായ ഫണ്ട് ലഭ്യമായെങ്കില്‍ മാത്രമെ പദ്ധതി നടപ്പാക്കാന്‍ കഴിയു. ഇതിനായി സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നത്. ജങ്ഷനില്‍ ഗതാഗത പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിന്‍െറ ഭാഗമായി ആറുമാസം മുമ്പ് ആര്‍. രാജേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. സിഗ്നല്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടത്തൊന്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന് യോഗത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.