ഹര്‍ത്താല്‍: ജില്ലാ ആസ്ഥാനം നിശ്ചലം, ഓഫിസുകളില്‍ ഹാജര്‍ കുറഞ്ഞു

കാക്കനാട്: കഴിഞ്ഞദിവസത്തെ കടമുടക്കവും ബുധനാഴ്ചത്തെ ഹര്‍ത്താലും ജില്ലാ ആസ്ഥാനത്തെ പൊതുജീവിതം കാര്യമായി ബാധിച്ചു. ചൊവാഴ്ച വ്യാപാരികളുടെ കടയടപ്പ് സമരമായിരുന്നു. പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയാണ് ബുധനാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. രണ്ടുദിവസവും ഹോട്ടലുകള്‍, മെഡിക്കല്‍ ഷോപ്പുകളടക്കം കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നതോടെ പൊതുജീവിതം താറുമാറായി. കലക്ടറേറ്റിലും സിവില്‍ സ്റ്റേഷനിലെ 78ഓളം ഇതര ഓഫിസുകളും ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിച്ചത്. കലക്ടറേറ്റില്‍ 176 ജീവനക്കാരുള്ളതില്‍ 25 പേര്‍ മാത്രമാണ് എത്തിയത്. കൃഷി വകുപ്പില്‍ 58 പേരില്‍ 10 പേര്‍ മാത്രമാണ് ജോലിക്കത്തെിയത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ 90 ജീവനക്കാരില്‍ 18 പേരും എത്തിയിരുന്നു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ജോലിക്കത്തെിയത്. സിവില്‍ സ്റ്റേഷനില്‍ 78 ഓഫിസുകള്‍ ഉള്ളതില്‍ 58 എണ്ണം മാത്രമാണ് തുറന്നത്. പല ഓഫിസുകളിലും പ്രധാന ഉദ്യോഗസ്ഥരോ ക്ളര്‍ക്കോ എത്തിയാണ് ഓഫിസ് തുറന്നത്. ഭൂരിഭാഗം ഓഫിസുകളിലും പത്ത് ശതമാനത്തില്‍ താഴെ മാത്രമായിരുന്നു ഹാജര്‍ നില. തുറന്ന ഓഫിസുകള്‍ ഭൂരിഭാഗവും ജീവനക്കാരില്ലാത്തതിനാല്‍ ഉച്ചയോടെ അടച്ചു. എ.ഡി.എം സി.വി. സജന്‍ രാവിലെ ഓഫിസില്‍ എത്തിയിരുന്നു. ആര്‍.ടി.ഒ കെ.എം. ഷാജിയും മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍മാരും പതിവുപോലെ ഓഫിസിലത്തെി. എന്നാല്‍, ജീവനക്കാര്‍ ഭൂരിഭാഗവും എത്താത്തതിനാല്‍ ഓഫിസ് പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ഡെപ്യൂട്ടി കലക്ടര്‍മാര്‍ ഉള്‍പ്പെടെ പല പ്രധാന ഉദ്യോഗസ്ഥരും ജോലിക്കത്തെിയില്ല. കലക്ടര്‍ എം.ജി. രാജമാണിക്യം ക്യാമ്പ് ഓഫിസിലിരുന്ന് പ്രധാന ഫയലുകള്‍ തീര്‍പ്പാക്കി. ഇറിഗേഷന്‍ ക്ഷീരവികസന വകുപ്പ്, സോഷ്യല്‍ വെല്‍ഫെയര്‍ തുടങ്ങി പല ഓഫിസുകളും തുറന്നില്ല. ജില്ലാ പഞ്ചായത്ത്, തൃക്കാക്കര നഗരസഭ, വില്ളേജ് ഓഫിസ് എന്നിവിടങ്ങളിലും ഹാജര്‍ കുറവായിരുന്നു. സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നടത്തിയില്ല. നാമമാത്ര കാറുകളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തൊട്ടടുത്ത് ക്വാര്‍ട്ടേഴ്സ് ഉണ്ടായിട്ടും ഭൂരി ഭാഗം പേരും ജോലിക്കത്തെിയില്ല. ബസുകള്‍ സര്‍വിസ് നടത്താതിരുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് യാത്രാക്ളേശം ഇരട്ടിയായി. ഇതിനിടെ, സമരാനുകുലികള്‍ കാക്കനാട്, പടമുഗല്‍, ഇടപ്പള്ളി, പാലാരിവട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ തുറന്ന കടകള്‍ ബലമായി അടപ്പിച്ചത് സംഘര്‍ഷത്തിന് കാരണമായി. ബാങ്കുകളും അടപ്പിച്ചതായി പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.