സമസ്ത വാര്‍ഷികാഘോഷം: ആലപ്പുഴ തിരക്കില്‍

ആലപ്പുഴ: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ വാര്‍ഷികാഘോഷത്തിന് ആദ്യമായി ആതിഥ്യമരുളാന്‍ അവസരം ലഭിച്ച ആലപ്പുഴയിലേക്ക് നാടിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് എത്തിക്കൊണ്ടിരിക്കുന്നത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സമസ്തയുടെ പതാകയുമേന്തി ബുധനാഴ്ച വൈകുന്നേരം നഗരവീഥികളിലൂടെ കടന്നുപോയത് കാണാന്‍ പാതയോരങ്ങളില്‍ നല്ല തിരക്കായിരുന്നു. ആദ്യമായാണ് ആലപ്പുഴ ഇത്തരമൊരു സമസ്ത വാര്‍ഷിക സമ്മേളനത്തിന്‍െറ ഒരുക്കത്തിന് സാക്ഷ്യംവഹിക്കുന്നത്. അതുകൊണ്ടുതന്നെ സമസ്തയുടെ എല്ലാ മേഖലയിലുംപെട്ട പ്രവര്‍ത്തകരുടെ സജീവ പങ്കാളിത്തം എല്ലാ രംഗത്തും ഉണ്ടായിരുന്നു. പ്രവര്‍ത്തകരുടെ ബാഹുല്യം കണക്കിലെടുത്ത് എല്ലാ സൗകര്യവും ഏര്‍പ്പെടുത്താന്‍ കഴിയുന്ന ഇ.എം.എസ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന സമ്മേളനവും അനുബന്ധ സെഷനുകളും നടക്കുന്നത്. പൊതുസമ്മേളനം കടപ്പുറത്താണ് സംഘടിപ്പിക്കുന്നത്. ദിവസങ്ങളായി സമസ്തയുടെ പ്രധാന ഭാരവാഹികളെല്ലാം ആലപ്പുഴയില്‍ താമസിച്ച് ക്രമീകരണങ്ങള്‍ കുറ്റമറ്റതാക്കുന്ന തിരക്കിലായിരുന്നു. സമസ്ത സെക്രട്ടറിയും സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എം.ടി. അബ്ദുല്ല മുസ്ലിയാര്‍, ദക്ഷിണമേഖലാ സ്വാഗതസംഘം ചെയര്‍മാന്‍ മാന്നാര്‍ ഇസ്മായില്‍കുഞ്ഞ്, സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ദക്ഷിണമേഖലാ സ്വാഗതസംഘം വര്‍ക്കിങ് കണ്‍വീനര്‍ പി.എ. ഷിഹാബുദ്ദീന്‍ മുസ്ലിയാര്‍, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ എ. ഇബ്രാഹിംകുട്ടി മൗലവി, കാടാമ്പുഴ മൂസ, കെ. മുഹമ്മദ് ഫൈസി, കുടക് അബ്ദുറഹീം മുസ്ലിയാര്‍ തുടങ്ങിയവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിവിധ വകുപ്പുകളുടെ എല്ലാ സഹായങ്ങളും ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. കലക്ടര്‍ എന്‍. പത്മകുമാറിന്‍െറ അധ്യക്ഷതയില്‍ എസ്.പി അശോക്കുമാര്‍, ആരോഗ്യം-കുടിവെള്ളം-വൈദ്യുതി-അഗ്നിശമന-നിരത്തുവിഭാഗം തുടങ്ങി എല്ലാ പ്രധാന വകുപ്പുകളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. പൊതുസമ്മേളനം നടക്കുന്നത് കടപ്പുറത്തായതിനാല്‍ കോസ്റ്റ് ഗാര്‍ഡുകള്‍ക്കും ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.