എഫ്.സി.ഐയിലെ അട്ടിക്കൂലി സമരം നേരിടാന്‍ ശക്തമായ നടപടി

ആലപ്പുഴ: റേഷന്‍ വിതരണത്തില്‍ ആഴ്ചകളായി നിലനില്‍ക്കുന്ന സ്തംഭനാവസ്ഥക്ക് പിന്നിലെ അട്ടിക്കൂലി സമരം നേരിടാന്‍ ശക്തമായ നടപടികളുമായി നീങ്ങുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ആലപ്പുഴ ഉള്‍പ്പെടെയുള്ള എഫ്.സി.ഐ ഗോഡൗണുകളില്‍ അട്ടിത്തൊഴിലാളികള്‍ക്ക് ന്യായമായ കൂലി ലഭിക്കുന്നില്ളെന്ന വാദവുമായി തൊഴിലാളികള്‍ നടത്തിവന്ന സമരം ക്രിസ്മസ് സീസണില്‍ പൊതുവിതരണത്തെ ബാധിച്ചിരുന്നു. തുടക്കത്തില്‍തന്നെ ഇക്കാര്യത്തില്‍ ഗൗരവ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. വകുപ്പ് മന്ത്രി തൊഴിലാളികളുടെ സമരത്തെ തള്ളിപ്പറയുകകൂടി ചെയ്തതോടെ സമരം കൂടുതല്‍ ശക്തിപ്പെട്ടു. ഇതേതുടര്‍ന്ന് ജില്ലയില്‍ റേഷന്‍ വിതരണം പലയിടത്തും ഭാഗികമായി മാത്രമാണ് നടന്നത്. അവസാനം സര്‍ക്കാര്‍തന്നെ മുന്‍കൈയെടുത്ത് 750 രൂപ കൂലി നിശ്ചയിച്ചു. എഫ്.സി.ഐ വര്‍ക്കേഴ്സ് യൂനിയനുമായി മന്ത്രി പി. തിലോത്തമന്‍ ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍, ഈ തീരുമാനത്തിന് തൊഴിലാളികള്‍ കാര്യമായ വില കല്‍പിക്കുന്നില്ളെന്ന പ്രതീതിയാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി എഫ്.സി.ഐയില്‍ പ്രകടമായത്. അട്ടിത്തൊഴിലാളികളുടെ സമരം അവസാനിച്ചെന്നും അവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിച്ചെന്നുമുള്ള അധികാരികളുടെ അവകാശവാദം തള്ളി തൊഴിലാളികള്‍ വീണ്ടും സമരമുഖത്തേക്ക് വന്നു. ഇത് പൊതുവിതരണത്തിന് വീണ്ടും തലവേദന സൃഷ്ടിച്ചു. ടണ്‍കണക്കിന് ഭക്ഷ്യധാന്യങ്ങള്‍ കച്ചവട കേന്ദ്രങ്ങളിലേക്ക് പോകാന്‍ കഴിയാതെ കെട്ടിക്കിടക്കുകയും ജനങ്ങള്‍ക്കിടയില്‍ റേഷന്‍ ലഭിക്കാത്തതിന്‍െറ പേരില്‍ അമര്‍ഷം പുകയുകയും ചെയ്യുകയാണ്. തങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട കൂലി പണിയെടുത്ത് കഴിഞ്ഞാലുടന്‍ ലഭിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ തൊഴിലാളികള്‍ ഉന്നയിക്കുന്നത്. അതായത് അട്ടിക്കൂലി ലോഡ് കയറ്റുമ്പോള്‍തന്നെ രൊക്കമായി കിട്ടണം എന്നാണ്. ഇക്കാര്യത്തില്‍ തൊഴിലാളികളുമായി നീക്കുപോക്ക് ഇനി വേണ്ടെന്നാണ് സര്‍ക്കാറിന്‍െറയും വകുപ്പുമന്ത്രിയുടെയും നിലപാട്. തൊഴിലാളികള്‍ക്കും യൂനിയനും ഇതുസംബന്ധിച്ച വ്യക്തമായ മുന്നറിയിപ്പ് അധികാരികള്‍ നല്‍കിക്കഴിഞ്ഞു. ഒരുവിഭാഗം തൊഴിലാളികളുടെ വാശിയുടെ പേരില്‍ പൊതുവിതരണം അട്ടിമറിക്കാന്‍ അനുവദിക്കില്ളെന്നും ലോഡ് കയറ്റാന്‍ നിസ്സഹകരിക്കുന്ന തൊഴിലാളികളെ സ്ഥലംമാറ്റുമെന്നും പകരം താല്‍ക്കാലിക തൊഴിലാളികളെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തും. ഡിസംബറിലെ ഭക്ഷ്യധാന്യം എഫ്.സി.ഐയില്‍നിന്ന് പൂര്‍ണമായും ഏറ്റെടുക്കാന്‍ കഴിയാതെവന്നതോടെയാണ് സര്‍ക്കാര്‍ തൊഴിലാളി നിലപാടിനെതിരെ തുറന്ന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സപൈ്ള കേന്ദ്രങ്ങളിലേക്കും സപൈ്ളകോയുടെ ഗോഡൗണുകളിലേക്കുമുള്ള ഭക്ഷ്യധാന്യങ്ങളുടെ നീക്കം നിലച്ചിരിക്കുകയാണ്. 60 ലോഡ് ഭക്ഷ്യധാന്യം എത്തിയിരുന്ന സ്ഥാനത്ത് 16 ലോഡായി ചുരുങ്ങി. ചര്‍ച്ചയില്‍ ഉണ്ടായ തീരുമാനം നിരാകരിക്കുന്ന തൊഴിലാളികളുടെ സമരത്തെ പൊലീസിനെ ഉപയോഗിച്ചാണെങ്കിലും നേരിടാനൊരുങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.